Sun. Dec 22nd, 2024

 

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ക്ക് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് പഴിചാരലിന്റെ ഘട്ടമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തിന്റെത് കാലാവസ്ഥാ മുന്നറിയിപ്പ് മാത്രമായിരുന്നു. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാം. വയനാടിന് പ്രത്യേകം മുന്നറിയിപ്പ് നല്‍കിയില്ല. സംഭവ സ്ഥലത്ത് കേന്ദ്രം പ്രവചിച്ചതിനേക്കാള്‍ കൂടുതല്‍ മഴ പെയ്‌തെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തമുണ്ടായ സ്ഥലത്ത് ഓറഞ്ച് അലര്‍ട്ട് ആയിരുന്നു. ദുരന്തം ഉണ്ടാകുന്നതിനുമുമ്പ് ആ പ്രദേശത്ത് റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും 29ന് നല്‍കിയ മുന്നറിയിപ്പിലും ഓറഞ്ച് അലര്‍ട്ട് ആണെന്നും അദ്ദേഹം വ്യക്തമാക്കി. റെഡ് അലര്‍ട്ടും അതിതീവ്ര മഴക്കുള്ള സാധ്യതയും പ്രഖ്യാപിച്ചത് ദുരന്ത ദിവസം രാവിലെ ആറുമണിക്ക് ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മഴക്കാലത്തിന് മുമ്പ് എന്‍ഡിആര്‍എഫ് സംഘം കേരളത്തില്‍ എത്തിയതെന്നും ഒമ്പതംഗ സംഘത്തിലെ ഒരു ടീമിനെ നേരത്തെ തന്നെ വയനാട്ടില്‍ വിന്യസിച്ചിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേരള സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാപറഞ്ഞത്. ജൂണ്‍ 23ന് രണ്ട് തവണ കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയതെന്നും ഷാ രാജ്യസഭയില്‍ പറഞ്ഞിരുന്നു. 7 ദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിട്ടും ഉരുള്‍പൊട്ടല്‍ മേഖലയില്‍ നിന്നും ജനങ്ങളെ എന്തുകൊണ്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയില്ലെന്ന് ചോദിച്ച അദ്ദേഹം മുന്നറിയിപ്പ് ലഭിച്ചതിനു ശേഷം കേരളം എന്തു ചെയ്തുവെന്നും ചോദിച്ചു.

തന്റെ നേരിട്ടുള്ള നിര്‍ദേശ പ്രകാരം 9 അംഗ എന്‍ഡിആര്‍എഫ് സംഘത്തെ കേരളത്തിലേക്ക് 23ന് തന്നെ അയച്ചിരുന്നതായും വിമാന മാര്‍ഗമാണ് സംഘം കേരളത്തിലെത്തിയതെന്നും ഷാ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ജാ?ഗ്രതാ നിര്‍ദേശം നല്‍കുന്നതില്‍ കേന്ദ്രത്തിനു വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞ അമിത് ഷാ ആര്‍ക്കെതിരെയും ആരോപണം ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരള സര്‍ക്കാരിനും കേരള ജനതയ്ക്കുമൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉരുള്‍പൊട്ടിയുണ്ടായ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെ 144 മൃതദേഹങ്ങള്‍ കണ്ടെത്തിയതായും 191 പേരെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ടെന്നും മാറാന്‍ തയ്യാറാവാത്തവര്‍ക്ക് ആവശ്യത്തിന് ഭക്ഷണം എത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

രണ്ട് ദിവസമായി നടന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്തി. വയനാട് ജില്ലയിലാകെ നിലവില്‍ 82 ദുരിതാശ്വാസ ക്യാമ്പുകളിലായി 8017 ആളുകളാണുള്ളത്. അതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. മേപ്പാടിയില്‍ 8 ക്യാമ്പുകളുണ്ട്. മൊത്തം 421 കുടുംബങ്ങളിലായുള്ള 1486 പേര്‍ ഈ ക്യാമ്പുകളില്‍ കഴിയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.