ബെംഗളൂരു: ഫേസ്ബുക്കില്‍ മുസ്ലിംകളെ അധിക്ഷേപിക്കുന്ന പോസ്റ്റ് പങ്കുവച്ച ബിജെപി നേതാവടക്കം രണ്ടു പേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. പ്രാദേശിക ബിജെപി നേതാവായ നവീന്‍ ജയിന്‍, വ്യാപാരിയായ ചേതന്‍ ഭാട്ടിയ എന്നിവരാണ് അറസ്റ്റിലായത്.
നികുതി അടയ്ക്കുന്ന വിഷയത്തില്‍ മുസ്ലിംകളെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കാര്‍ട്ടൂണ്‍ ചിത്രം ജൂലൈ 26ന് ഇവര്‍ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നു.
ഗര്‍ഭിണികളായ രണ്ട് ഭാര്യമാരോടൊപ്പം തൊപ്പിയും ജുബ്ബയുമണിഞ്ഞ് നടന്നുവരുന്ന ഒരു മുസ്ലിം യുവാവ്, ഇയാളുടെ കൈയില്‍ ഒരു നവജാത ശിശുവും പിന്നില്‍ മറ്റൊരു കുഞ്ഞും’, ഇതായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്.
‘ജൂലൈ 31 അടുത്തുവരുന്നു. നിങ്ങളുടെ നികുതി സമയബന്ധിതമായി അടയ്ക്കുക. എല്ലാത്തിനുമുപരി, നിങ്ങളുടെ നികുതികള്‍ മറ്റൊരാളുടെ സബ്സിഡിയാണ്’ എന്നായിരുന്നു കാര്‍ട്ടൂണില്‍ എഴുതിയിരുന്നത്.
പോസ്റ്റ് വിവാദമാവുകയും വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ഫേസ്ബുക്ക് പോസ്റ്റുകള്‍ പിന്‍വലിച്ച് ഇരുവരും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ റോബര്‍ട്ട്‌സണ്‍പേട്ട് പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി.
ഇതോടെ, ഡിവൈഎസ്പി പാണ്ഡുരംഗ സ്ഥലത്തെത്തുകയും സമുദായ നേതാക്കളുമായി ചര്‍ച്ച നടത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ഇരുവരെയും പിടികൂടുകയും ഇക്കാര്യം പ്രതിഷേധക്കാരെ അറിയിക്കുകയും സമാധാനപരമായി പിരിഞ്ഞുപോവാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്.