Wed. Nov 6th, 2024

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്തു. സെന്‍ട്രല്‍ ഡെപ്യൂട്ടി കമീഷണര്‍ എം ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്.

അപകടസ്ഥലത്ത് പൊലീസ് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക പരിശോധന പുരോഗമിക്കുകയാണ്. കെട്ടിടത്തിലുള്ള വെള്ളം പമ്പ് ചെയ്ത് കളഞ്ഞതിന് ശേഷമായിരിക്കും സ്ഥലത്ത് വിശദമായ പരിശോധന നടത്തുക. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയെന്നും കമീഷണര്‍ വ്യക്തമാക്കി.

കനത്ത മഴയില്‍ ഡല്‍ഹി ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറി വെള്ളത്തില്‍ മുങ്ങി.

ലൈബ്രറിയില്‍ ഉണ്ടായിരുന്ന 45 വിദ്യാര്‍ഥികളില്‍ രണ്ടു വിദ്യാര്‍ഥികളെ കാണാതായിട്ടുണ്ട്. എന്‍ഡിആര്‍എഫിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അതേസമയം, ഓടകള്‍ വൃത്തിയാക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി കോച്ചിങ് സെന്ററിന് മുമ്പില്‍ നൂറുക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.