Wed. Jan 22nd, 2025

 

വാഷിങ്ടണ്‍: നിയമപരമായി കുടിയേറിയ മാതാപിതാക്കള്‍ക്ക് ജനിച്ച മക്കളെ നാടുകടത്താന്‍ ഒരുങ്ങി അമേരിക്ക. 2.5 ലക്ഷത്തോളം വരുന്ന പൗരത്വമില്ലാത്ത 21 വയസ്സ് തികയുന്നവരെയാണ് നാടുകടത്തുക.

നാടുകടത്തല്‍ ഭീഷണി നേരിടുന്നവരില്‍ ഏറേയും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്. രക്ഷിതാക്കള്‍ക്കൊപ്പം യുഎസിലേക്ക് താത്കാലിക വര്‍ക്ക് വിസയില്‍ കുടിയേറിയവരാണ് ഭീഷണി നേരിടുന്നത്. ഇവര്‍ക്ക് 21 വയസ്സ് പൂര്‍ത്തിയാവുന്നതോടെ ആശ്രിത പദവി നഷ്ടപ്പെടും.

ആശ്രിത പദവി നഷ്ടപ്പെടുന്നതോടെ ഇവരെ കുടിയോഴിപ്പിക്കും. മാതാപിതാക്കള്‍ക്കൊപ്പം ചെറുപ്പത്തിലേ കുടിയേറുന്ന കുട്ടികളെ ‘ഡോക്യുമെന്റഡ് ഡ്രീമേഴ്സ്’ എന്നാണ് അറിയപ്പെടുന്നത്. കുടുംബത്തിന് ഗ്രീന്‍കാര്‍ഡ് ലഭിക്കാനുള്ള താമസമാണ് പ്രതിസന്ധിയാവുന്നത്.

സ്ഥിരതാമസ വിസയ്ക്കായി അപേക്ഷ നല്‍കി കാത്തിരിക്കവെ 21 വയസ്സ് തികയുന്നതോടെയാണ് മക്കള്‍ക്ക് ആശ്രിത പദവി നഷ്ടമാവുന്നത്. ഇതിനെ ഏജ്ഔട്ട് എന്ന് പറയുന്നു. സ്വന്തമായി താല്‍ക്കാലിക, സ്ഥിരം വിസ നേടിയെടുത്താല്‍ ഇവര്‍ക്ക് രാജ്യത്ത് തുടരാന്‍ സാധിക്കും.

ഏജ് ഔട്ട് ആവുന്നതോടെ രാജ്യത്ത് തുടരാന്‍ നിയമപരമായ അനുവാദം നഷ്ടമാവുന്ന ഇവര്‍, ഒന്നുകില്‍ സ്വന്തമായി താല്‍ക്കാലിക വിസ സ്വന്തമാക്കണം. അല്ലെങ്കില്‍ സ്വയം രാജ്യംവിടണം. അല്ലാത്ത പക്ഷം നടപടികള്‍ നേരിടേണ്ടിവരും.

അതേസമയം, ആശ്രിതര്‍ ഉള്‍പ്പെടെ 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് നിലവില്‍ ഇബി-1 ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്നത്.