Mon. Dec 23rd, 2024

അഹമ്മദാബാദ്: ഗുജറാത്തിൽ പരമ്പരാഗത തലപ്പാവും കൂളിങ് ഗ്ലാസും ധരിച്ചതിന് ദളിത് യുവാവിനെ ആക്രമിച്ച് ആൾക്കൂട്ടം. പ്രദേശത്തെ സവർണ ജാതിക്കാരെന്ന് അവകാശപ്പെടുന്നവരാണ് യുവാവിനെ ആക്രമിച്ചത്. 

സബർകാന്ത ജില്ലയിൽ ഹിമത്‌നഗർ താലൂക്കിൽ സയേബപൂർ ഗ്രാമത്തിലെ 24കാരനു നേരെയാണ് ആക്രമണമുണ്ടായത്.ജൂലൈ 17 നായിരുന്നു കേസിനാസ്പദമായ സംഭവം.മുച്ചക്ര വാഹന ഡ്രൈവറായ അജയ് പർമർ നൽകിയ പരാതിയിൽ ദർബാർ സമുദായത്തിൽപ്പെട്ട നാലു പേർ തന്നെ ആക്രമിച്ചതായി പറയുന്നു. 

കൂളിങ് ഗ്ലാസും തലപ്പാവും ധരിച്ച് യുവാവ് ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഫോട്ടോ അപ്ലോഡ് ചെയ്തിരുന്നു. ഇക്കാര്യം പറഞ്ഞ് നവനഗർ ബസ് സ്റ്റാൻഡിന് സമീപത്തുവെച്ച് യുവാവിനെ മർദിക്കുകയായിരുന്നു. ദർബാർ സമുദായത്തിൽ നിന്നുള്ളവർ മാത്രമേ തലപ്പാവും കൂളിങ് ഗ്രാസും ധരിക്കാവൂ എന്നും ഈ ചിത്രം ഇൻസ്റ്റഗ്രാമിൽനിന്ന് ഡിലീറ്റ് ചെയ്യണമെന്നും പറഞ്ഞായിരുന്നു മർദനം. 

ഇതേ കാരണം പറഞ്ഞ് ഒരു സംഘം ആളുകൾ പിന്നീട് ഗ്രാമത്തിൽ വെച്ചും തന്നെ തല്ലിയെന്നും അദ്ദേഹം പറഞ്ഞു. ഗ്രാമത്തിലെ ഏക ദലിത് കുടുംബമാണ് ഇവരുടേത് എന്നാണ് റിപ്പോർട്ട്. 

നേരത്തെയും സമാന കാരണം പറഞ്ഞുള്ള ജാതി ആക്രമണം ഗുജറാത്തിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. നല്ല വസ്ത്രവും കൂളിങ് ഗ്ലാസും ധരിച്ചതിന് കഴിഞ്ഞ വർഷം ജൂണിൽ 21കാരനായ ദലിത് യുവാവിനെയും കുടുംബത്തെയും രജപുത്ര സമുദായക്കാർ ആക്രമിച്ചിരുന്നു. 2023ൽ ഗാന്ധിനഗറിൽ വിവാഹ ഘോഷയാത്രിൽ കുതിരപ്പുറത്ത് കയറിയ ദലിത് യുവാവിനെ നാല് പേർ ചേർന്ന് മർദിച്ചിരുന്നു.