സൂറിച്ച്: കോപ അമേരിക്ക വിജയത്തിന് പിന്നാലെ നടത്തിയ ആഘോഷങ്ങളിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ അർജന്റീന താരങ്ങൾ വംശീയാധിക്ഷേപം നടത്തിയ സംഭവത്തിൽ അന്വേഷണം തുടങ്ങി ഫിഫ. ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെയ്ക്കും ടീമിലെ ആഫ്രിക്കന്‍ താരങ്ങള്‍ക്കുമെതിരേയാണ് വംശീയാധിക്ഷേപമുണ്ടായത്.
അര്‍ജന്റീനാ താരം എന്‍സോ ഫെര്‍ണാണ്ടസ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയുടെ അവസാന ഭാഗത്താണ് താരങ്ങള്‍ക്കെതിരേ പരാമര്‍ശമുള്ളത്. ഇത് വലിയ വിവാദമായതോടെയാണ് ഫിഫ അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ സംഭവത്തിൽ മാപ്പപേക്ഷയുമായി അർജന്റീന താരം എൻസോ ഫെർണാണ്ടസ് രംഗത്തെത്തിയിരുന്നു. എന്‍സോയുടെ ക്ലബ്ബായ ചെല്‍സി, അച്ചടക്കനടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയെ കുറിച്ച് ഫിഫക്ക് ബോധ്യമുണ്ടെന്നും അതിൽ പരിശോധന തുടരുകയാണെന്നും കായിക സംഘടനയുടെ വക്താവ് അറിയിച്ചു. എല്ലാതരത്തിലുള്ള വിവേചനങ്ങളേയും ഫിഫ എതിർക്കുന്നു. കളിക്കാർ, കാണികൾ, ഒഫീഷ്യൽസ് തുടങ്ങി ആരുടെ ഭാഗത്ത് നിന്നും ഇത്തരത്തിൽ വിവേചനപരമായ നടപടിയുണ്ടാകരുതെന്ന് ഫിഫ വക്താവ് പറഞ്ഞു.