Sun. Dec 22nd, 2024

 

തിരുവനന്തപുരം: നാളെ കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ചൊവാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്.

മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാക്കിയേക്കാമെന്നും പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം, മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ അംഗന്‍വാടികള്‍, പ്രഫഷണല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകള്‍, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എന്നിവക്ക് മാറ്റമില്ല.