തിരുവനന്തപുരം: ബില്ലടക്കൽ കേന്ദ്രീകൃതമാക്കിയിട്ടും വൈദ്യുത ബിൽ കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ളത് 2505 കോടി. ബിൽ തുക കൃത്യമായി അടക്കാത്തതിനാൽ മാസന്തോറും 18.5 ശതമാനം കെഎസ്ഇബി പിഴയായി നൽകേണ്ടിവരുന്നു.
സാമ്പത്തികപ്രതിസന്ധിയിൽ നിന്നും കെഎസ്ഇബിക്ക് കരകയറാനുള്ള മാർഗമെന്ന നിലയിലാണ് ബില്ലുകളെല്ലാം കേന്ദ്രീകൃതസംവിധാനത്തിലടയ്ക്കാനുള്ള സംവിധാനമൊരുക്കിയത്. വിവിധ ജില്ലകളിലെ ഓഫീസുകളുടെ വൈദ്യുതി ബിൽ തിരുവനന്തപുരത്ത് കേന്ദ്രീകൃതസംവിധാനത്തിൽ അടയ്ക്കുന്നതാണ് പദ്ധതി. 75 ഓളം വകുപ്പുകൾ ഈ സംവിധാനത്തിലേക്ക് മാറി. എന്നാൽ നൂറിലേറെ വകുപ്പുകൾ മാറാൻ വിമുഖത കാണിച്ചു. കുടിശ്ശിക ഒന്നിച്ചടയ്ക്കേണ്ടിവരുമെന്നുള്ളതാണ് ഈ വകുപ്പുകളെ ഇതിൽനിന്നകറ്റുന്നത്.
കെഎസ്ഇബി കുടിശ്ശികയിൽ മുൻപന്തിയിലുള്ളത് റവന്യൂവകുപ്പാണ്. 21.15 കോടി രൂപയാണ് റവന്യൂ വകുപ്പ് നൽകാനുള്ള കുടിശ്ശിക. 2013 ഏപ്രിൽ മാസത്തിലാണ് വൈദ്യുതി ബിൽ കേന്ദ്രീകൃതരീതിയിലേക്ക് മാറ്റാനായി തിരുവനന്തപുരത്ത് കെഎസ്ഇബി സംവിധാനമൊരുക്കിയത്.