Sun. Jun 22nd, 2025

 

ലാസ് വെഗാസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീലിനെ തകര്‍ത്ത് യുറഗ്വായ് സെമിയില്‍. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2 എന്ന സ്‌കോറിനായിരുന്നു യുറഗ്വായുടെ വിജയം. നിശ്ചിത സമയത്ത് മത്സരം ഗോള്‍രഹിത സമനിലയിലായിരുന്നു.

വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ കൊളംബിയയാണ് യുറഗ്വായുടെ എതിരാളികള്‍. ഇത്തവണ ക്വാര്‍ട്ടറില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ട മൂന്നാമത്തെ മത്സരമായിരുന്നു ബ്രസീലും യുറഗ്വായും തമ്മിലുള്ളത്.

യുറഗ്വായ്ക്കായി ഫെഡറിക്കോ വാര്‍വെര്‍ദെ, റോഡ്രിഗോ ബെന്റാകര്‍, ജോര്‍ജിയന്‍ ഡി അരാസ്‌കസ്, മാനുവല്‍ ഉഗാര്‍ട്ടെ എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്രസീല്‍ നിരയില്‍ ലക്ഷ്യം കണ്ടത് ആന്‍ഡ്രിയാസ് പെരേര, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി എന്നിവരുടെ കിക്കുകള്‍ മാത്രം.

ബ്രസീലിനായി ആദ്യ കിക്കെടുത്ത എഡെര്‍ മിലിറ്റാവോയ്ക്ക് തന്നെ പിഴച്ചു. താരത്തിന്റെ ഷോട്ട് യുറഗ്വായ് ഗോളി സെര്‍ജിയോ റോച്ചെറ്റ് തട്ടിയകറ്റി. പിന്നാലെ കിക്കെടുത്ത ആന്‍ഡ്രേസ് പെരെയ്ര പന്ത് വലയിലാക്കിയെങ്കിലും മൂന്നാം കിക്കെടുത്ത ഡഗ്ലസ് ലൂയിസിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ മഞ്ഞപ്പടയുടെ പ്രതീക്ഷയറ്റു. അടുത്ത കിക്ക് ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വലയിലാക്കിയെങ്കിലും യുറഗ്വായുടെ അഞ്ചാം കിക്ക് ലക്ഷ്യത്തിലെത്തിച്ച് ഉഗാര്‍ത്തെ ടീമിനെ സെമിയിലേക്ക് നയിച്ചു.

നഹിത്താന്‍ നാന്‍ഡസ് 74ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തുപോയതിനാല്‍ 10 പേരുമായിട്ടാണ് യുറഗ്വായ് മത്സരം പൂര്‍ത്തിയാക്കിയത്. 26 ഫൗളുകളാണ് മത്സരത്തില്‍ യുറഗ്വായ് വരുത്തിയത്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മഞ്ഞ കണ്ട് സസ്പെന്‍ഷനിലുള്ള വിനീഷ്യസ് ജൂനിയറിന് പകരം യുവതാരം എന്‍ഡ്രിക്കിനെ ഇറക്കിയാണ് ബ്രസീല്‍ ക്വാര്‍ട്ടറിനിറങ്ങിയത്. തുടക്കം മുതല്‍ ഇരു ഭാഗത്തുനിന്നും മുന്നേറ്റങ്ങള്‍ പലതും ഉണ്ടായെങ്കിലും ഒന്നും തന്നെ ഫൈനല്‍ തേര്‍ഡ് കടന്നില്ല.

പെനല്‍റ്റിയിലൂടെ നേടിയ രണ്ടു ഗോളുകള്‍ സഹിതം പാനമയ്‌ക്കെതിരെ അഞ്ചു ഗോളുകള്‍ അടിച്ചുകൂട്ടിയാണ് കൊളംബിയ സെമിയില്‍ കടന്നത്. മത്സരത്തിന്റെ ആദ്യപകുതിയില്‍ കൊളംബിയ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് മുന്‍പിലായിരുന്നു. ജോണ്‍ കോര്‍ഡോബ, ഹാമിഷ് റോഡ്രിഗസ്, ലൂയിസ് ഡയസ്, റിച്ചാര്‍ഡ് റിയോസ്, മിഗ്വേല്‍ ബോര്‍ഹ എന്നിവരാണ് കൊളംബിയയ്ക്കായി ലക്ഷ്യം കണ്ടത്.