Mon. Jul 7th, 2025

 

സൂറത്ത്: ഗുജറാത്തില്‍ തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് ആറുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരണം ഏഴായി. ശനിയാഴ്ച രാത്രിയും തുടര്‍ന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനകള്‍ തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച രാവിലെ ആറോടെയാണ് ഏഴാമത്തെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയായിരുന്നു സൂറത്തിലെ സച്ചിന്‍പാലി ഗ്രാമത്തിലെ കെട്ടിടം തകര്‍ന്നുവീണത്.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങളില്‍നിന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയിരുന്നു. 23 വയസുള്ള കശിഷ് ശര്‍മ എന്ന യുവതിയെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ന്യൂ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, താമസക്കെട്ടിടം നിര്‍മിച്ചത് അനധികൃതമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 30-ഓളം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടത്തില്‍, അഞ്ച് ഫ്ളാറ്റുകളില്‍ മാത്രമേ താമസമുണ്ടായിരുന്നുള്ളൂ.

ടെക്സറ്റൈല്‍ ഫാക്ടറിയില്‍ ജോലി ചെയ്യുന്നവരാണ് ഇവിടെ താമസിക്കുന്നത്. അപകട സമയത്ത് ഭൂരിഭാഗംപേരും ജോലി സ്ഥലത്തായിരുന്നു. രാത്രി ജോലി കഴിഞ്ഞുവന്നവരടക്കം ഉറങ്ങുന്നതിനാല്‍ ഇവര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്.