Wed. Dec 18th, 2024

 

ലഖ്നൗ: മോഷ്ടാവെന്നാരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുസ്ലീം യുവാവടക്കം ഒമ്പത് പേര്‍ക്കെതിരെ കവര്‍ച്ചക്ക് കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. 10 ദിവസം മുമ്പ് അലിഗഢ് മാമഭഞ്ച മേഖലയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫരീദ് എന്ന ഔറംഗസേബിന് എതിരെയാണ് അലീഗഢ് ഗാന്ധി പാര്‍ക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഘം ചേര്‍ന്നുള്ള കവര്‍ച്ച, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ആള്‍ക്കൂട്ട കൊലപാതക കേസില്‍ അറസ്റ്റിലായ അനുരാഗ് മിത്തലിന്റെ ഭാര്യ സുമന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

തുണിക്കച്ചവടക്കാരനായ മുകേഷ് മിത്തലിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് മുഹമ്മദ് ഫരീദിനെ ആള്‍ക്കൂട്ടം അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്. ജൂണ്‍ 18ന് രാത്രിയാണ് സംഭവം.

ഇയാളെ അക്രമികള്‍ ഇരുമ്പുവടി കൊണ്ട് അടിക്കുകയും തെരുവിലൂടെ വലിച്ചിഴക്കുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതുകണ്ട് സ്ഥലത്തെത്തിയ ഒരു പൊലീസുകാരന്‍ ഫരീദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.

ഒമ്പത് പേര്‍ വീട്ടിലെത്തി തന്നെ തോക്കിന്‍മുനയില്‍ നിര്‍ത്തി സ്വര്‍ണമാല കവര്‍ന്നുവെന്നാണ് സുമന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. കവര്‍ച്ചസംഘം അലമാരയുടെ സമീപത്തേക്ക് വലിച്ചുകൊണ്ടുപോയി താക്കോല്‍ ആവശ്യപ്പെടുകയും 2.5 ലക്ഷം രൂപയും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും കവര്‍ന്നു.

തന്നെയും വീട്ടിലുള്ള മറ്റു സ്ത്രീകളെയും പീഡിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് ഇവര്‍ രക്ഷപ്പെടവെ ഒരാള്‍ കോണിപ്പടിയില്‍നിന്ന് വീഴുകയും ഭര്‍ത്താവും മകനും ചേര്‍ന്ന് ഇയാളെ കീഴടക്കിയതായും സുമന്‍ പരാതിയില്‍ പറയുന്നു.

മരിച്ച ഫരീദ്, സഹോദരന്‍ മുഹമ്മദ് ജാക്കി എന്നിവരുള്‍പ്പെടെ ഏഴ് ആളുകളുടെ പേര് സുമന്‍ പറഞ്ഞതായി പൊലീസ് പറയുന്നു. ആള്‍ക്കൂട്ട കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുകൂട്ടരുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

രണ്ട് കേസിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് അലീഗഢ് സിറ്റി പൊലീസ് സൂപ്രണ്ട് മൃഗാങ്ക് ശേഖര്‍ പഥക് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ സഹോദരന്റെ പരാതിയില്‍ ആറുപേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പ്രതികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാതിരിക്കാന്‍ ബിജെപി സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് സമാജ്വാദി പാര്‍ട്ടിയും ബിഎസ്പിയും ആവശ്യപ്പെട്ടു.

ജയിലിലുള്ളവരെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് ബജ്റംഗ് ദള്‍, അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത് തുടങ്ങിയ തീവ്രഹിന്ദുത്വ കക്ഷികള്‍ ഭീഷണി മുഴക്കി രംഗത്ത് വന്നിട്ടുണ്ട്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് കൊല്ലപ്പെട്ട ഫരീദിന്റെ വീട് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ യോഗി സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

മരിച്ചയാളുടെ കുടുംബാംഗങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ പ്രക്ഷോഭം ആരംഭിക്കും. ഈ വിഷയം തങ്ങളുടെ എംപിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.