Sat. Jan 18th, 2025

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ പീനല്‍കോഡിന് പകരം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ ന്യായ സംഹിത നാളെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ഐപിസിക്ക് പകരം ഭാരതീയ ന്യായസംഹിത, സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിത, ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരമായി ഭാരതീയ സാക്ഷ്യ അധിനിയവുമാണ് നിലവില്‍വരുന്നത്.

സീറോ എഫ്‌ഐആര്‍, പരാതികളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, എസ്എംഎസ് പോലുള്ള ഇലക്ട്രോണിക് മോഡുകള്‍ വഴിയുള്ള സമന്‍സുകള്‍ തുടങ്ങിയ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന ആധുനിക നീതിന്യായ വ്യവസ്ഥയാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നത്.

നിലവിലെ സാമൂഹിക യാഥാര്‍ഥ്യങ്ങളെയും കുറ്റകൃത്യങ്ങളെയും അഭിസംബോധന ചെയ്യാനും ഭരണഘടനയില്‍ പ്രതിപാദിക്കുന്ന ആദര്‍ശങ്ങള്‍ കണക്കിലെടുത്ത് ഇവയെ ഫലപ്രദമായി നേരിടാനുള്ള സംവിധാനം ഒരുക്കാനുമാണ് ശ്രമിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.

ബ്രിട്ടീഷ് കാലത്തെ നിയമങ്ങള്‍ ശിക്ഷ നല്‍കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ പുതിയ നിയമസംഹിത നീതി ലഭ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

ഈ നിയമങ്ങള്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ പാര്‍ലമെന്റിലെ ഇന്ത്യക്കാര്‍ ഉണ്ടാക്കിയതാണെന്നും കൊളോണിയല്‍ നിയമങ്ങള്‍ക്ക് അന്ത്യം കുറിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമമനുസരിച്ച് ക്രിമിനല്‍ കേസുകളില്‍ വിചാരണ പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ വിധി പറയുകയും ആദ്യ വാദം കേട്ട് 60 ദിവസത്തിനകം കുറ്റം ചുമത്തുകയും വേണം.

ബലാത്സംഗത്തിന് ഇരയായവരുടെ മൊഴി ഒരു വനിതാ പോലീസ് ഓഫീസര്‍ അവരുടെ രക്ഷിതാവിന്റെയോ ബന്ധുവിന്റെയോ സാന്നിധ്യത്തില്‍ രേഖപ്പെടുത്തുകയും ഏഴ് ദിവസത്തിനകം മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

ഐപിസി പ്രകാരം സെക്ഷന്‍ 302 കൊലപാതകത്തിനുള്ള ശിക്ഷയായാണ് കണക്കാക്കിയിരുന്നത്. ഇനി മുതല്‍ കൊലപാതകം സെക്ഷന്‍ 101 ന് കീഴില്‍ വരും. കൂടാതെ, പുതിയ നിയമപ്രകാരം, സെക്ഷന്‍ 302 പിടിച്ചുപറിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഐപിസിയുടെ 420-ാം വകുപ്പ് വഞ്ചന കുറ്റമാണ്, എന്നാല്‍ പുതിയ നിയമത്തില്‍ അതേ നമ്പറില്‍ ഒരു വകുപ്പ് ഇല്ല. ഭാരതീയ ന്യായ സംഹിതയുടെ 316-ാം വകുപ്പിന് കീഴിലാണ് തട്ടിപ്പ് വരുന്നത്.

നിയമവിരുദ്ധമായി സംഘം ചേരുന്നതുമായി ബന്ധപ്പെട്ട ഐപിസിയുടെ 144-ാം വകുപ്പിനെ ഇനി മുതല്‍ സെക്ഷന്‍ 187 എന്ന് വിളിക്കും. അതുപോലെ, ഇന്ത്യാ സര്‍ക്കാറിനെതിരായ പ്രവര്‍ത്തനങ്ങളെ ഐപിസിയുടെ 121-ാം വകുപ്പിനെ ഇനി സെക്ഷന്‍ 146 എന്ന് വിളിക്കും.

മാനനഷ്ടം കൈകാര്യം ചെയ്യുന്ന ഐപിസിയുടെ 499-ാം വകുപ്പ് ഇപ്പോള്‍ പുതിയ നിയമത്തിന്റെ 354-ാം വകുപ്പിന് കീഴിലാണ്. ഐപിസി പ്രകാരമുള്ള ബലാത്സംഗത്തിനുള്ള ശിക്ഷ കൈകാര്യം ചെയ്യുന്ന വകുപ്പ് 376, ഇപ്പോള്‍ സെക്ഷന്‍ 63 ആണ്. പുതിയ നിയമപ്രകാരം, സെക്ഷന്‍ 64 ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുമ്പോള്‍, സെക്ഷന്‍ 70 കൂട്ട ബലാത്സംഗ കുറ്റമാണ് കൈകാര്യം ചെയ്യുന്നത്.

രാജ്യദ്രോഹം കൈകാര്യം ചെയ്യുന്ന ഐപിസിയുടെ 124-എ വകുപ്പ് ഇപ്പോള്‍ പുതിയ നിയമപ്രകാരം സെക്ഷന്‍ 150 എന്നറിയപ്പെടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് പുതിയ അധ്യായം തന്നെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

ഏതെങ്കിലും കുട്ടിയെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്താല്‍ വധശിക്ഷയോ ജീവപര്യന്തം തടവോ ആണ് പുതിയ നിയമത്തില്‍ പറയുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍, കൊലപാതകം, ഭരണകൂടത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവക്കാണ് പുതിയ നിയമത്തില്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.

33 കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയും 83 കുറ്റങ്ങള്‍ക്ക് പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. 20 പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 23 കുറ്റങ്ങള്‍ക്ക് നിര്‍ബന്ധിത മിനിമം ശിക്ഷ ഉറപ്പാക്കി. ആറു കുറ്റങ്ങള്‍ക്ക് സാമൂഹ്യസേവനം ശിക്ഷയായി ചേര്‍ത്തു.

2023 ആഗസ്റ്റ് 12-നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമത്തിന്റെ കരട് അവതരിപ്പിച്ചത്. ഡിസംബര്‍ 13ന് പുതുക്കി അവതരിപ്പിച്ച നിയമസംഹിതക്ക് ഡിസംബര്‍ 25ന് രാഷ്ട്രപതി അംഗീകാരം നല്‍കി.