Sat. Jan 18th, 2025
books are denied to inmates of viyyur high-security prison

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് വഴി പുസ്തകങ്ങള്‍ അയച്ചാല്‍ വെല്‍ഫെയര്‍ ഓഫീസറോ ജയില്‍ അധികൃതരോ അത് തടവുകാര്‍ക്ക് കൊടുക്കാറില്ല

‘ജയിലിനുള്ളില്‍ സമയബോധം നഷ്ടമാകും. കാരണം അവിടെ പ്രതീക്ഷകളില്ല, അടയാളപ്പെടുത്താന്‍ തീയതികളില്ല, ഭാഗമാകാന്‍ പരിപാടികളില്ല, ഓര്‍മ്മകളെപ്പോലും വിരസത തടസപ്പെടുത്തും’, വിചാരണ തടവുകാരനായ ഉമര്‍ ഖാലിദ് സുഹൃത്തിനോട് പറഞ്ഞ വാക്കുകളാണിത്. കേരളത്തിലെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്ന വിചാരണതടവുകാരുടെയും അവസ്ഥ സമാനമാണ്.

വിരസതയും ഒറ്റപ്പെടലും എല്ലാം മറികടക്കാന്‍ തടവുകാര്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗമാണ് വായന എന്നത്. ഇതിനുപോലും അതീവ സുരക്ഷാ ജയില്‍ അധികൃതര്‍ അനുവദിക്കുന്നില്ല എന്നാണ് മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരെ ജയിലില്‍ സന്ദര്‍ശിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിലെ അംഗവുമായ ഹരി എസ് പറയുന്നത്.

വിചാരണ തടവുകാരായ മാവോയിസ്റ്റ് പ്രവര്‍ത്തകരും മറ്റുതടവുകാരും കാലങ്ങളായി കടുത്ത മനുഷ്യാവകാശ ലംഘനത്തിനാണ് ഇരകളാകുന്നത്. നേരത്തെ അതീവ സുരക്ഷ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റ് തടവുകാരനായ  രൂപേഷ്, മറ്റൊരു തടവുകാരനായ കെഎ അനൂപ് എന്നിവരുടെ പരാതിയില്‍ തടവുകാരുടെ അവകാശങ്ങള്‍ ഉറപ്പാക്കണമെന്ന എന്‍ഐഎ കോടതിയുടെ വിധിയുണ്ടായിരുന്നു. ഈ വിധിപോലും മുഖവിലക്കെടുക്കാതെയാണ് ജയില്‍ അധികൃതരുടെ തടവുകാരോടുള്ള സമീപനം.

വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍ Screengrab, Copyright: Kerala Prisons

തടവുകാരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കാതെ ജയിലിലെ നിയമങ്ങളില്‍ അധികൃതര്‍ അടിക്കടി മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഇക്കാര്യം ജയിലിലെ ഉദ്യോഗസ്ഥര്‍ മാത്രം അറിഞ്ഞാല്‍ മതി എന്ന നിലപാടാണ് വിയ്യൂര്‍ അതീവ സുരക്ഷാ ജയിലിനുള്ളത്.

പ്രത്യേകിച്ചും തടവുകാര്‍ക്ക് പുസ്തകം എത്തിക്കുന്നത് തടയുന്ന സമീപനമാണ് കഴിഞ്ഞ കുറച്ചു മാസങ്ങളായി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

‘കേരളത്തിലെ സാംസ്‌ക്കാരിക നഗരി എന്നവകാശപ്പെടുന്ന തൃശൂരാണ് വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍ സ്ഥിതി ചെയ്യുന്നത്. കേരളത്തിലേയും അയല്‍ സംസ്ഥാനങ്ങളിലേയും തീവ്രവാദ സ്വഭാവമുള്ള വ്യക്തികള്‍ എന്ന് മുദ്രകുത്തിയവരാണ് കൂടുതല്‍ പേരും യുഎപിഎ നിയമം ചുമത്തി എന്‍ഐഎ ആക്റ്റ് പ്രകാരം ഈ അതീവ സുരക്ഷാ ജയിലില്‍ കഴിയുന്നത്.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനത്തിലെ അംഗം എന്ന നിലയിലും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എന്ന നിലയിലും കഴിഞ്ഞ നാലു വര്‍ഷമായി മവോയിസ്റ്റ് രാഷ്ട്രീയ തടവുകാരെ അതീവ സുരക്ഷാ ജയിലില്‍ ഞാന്‍ സന്ദര്‍ശിക്കുന്നുണ്ട്.

ആദ്യകാലങ്ങളില്‍ അതീവ സുരക്ഷാ ജയിലില്‍ ഒരാളെ ഇന്റര്‍വ്യൂന് (സന്ദര്‍ശിക്കാന്‍) പോകുമ്പോള്‍ ഒരു ഇന്റര്‍വ്യൂന്റെ ഫോമില്‍ തന്നെ നമ്മള്‍ എത്ര പേരെയാണോ കാണാന്‍ ആഗ്രഹിക്കുന്നത് അത്ര പേരുടെയും പേരും അവരുടെ ആര്‍പി നമ്പരും എഴുതി അവരെ കാണാന്‍ പറ്റുമായിരുന്നു. പിന്നീട് ഒരു ഫോമില്‍ ഒരാളെയേ കാണാന്‍ പറ്റൂ എന്നായി.

ഒരു മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനെ കാണുന്നു. ആ തടവുകാരന്‍ പറഞ്ഞിട്ടുള്ള പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ആര്‍പി നമ്പര്‍ എഴുതി അവിടെ കൊടുക്കും. അവിടെ ഇന്‍ചാര്‍ജുള്ള ഐആര്‍ബി പോലീസുകാരന്‍ അത് വെല്‍ഫെയര്‍ ഓഫീസുകാരന്റെ കയ്യില്‍ കൊടുക്കും. ആ വെല്‍ഫെയര്‍ ഓഫീസര്‍ അത് ചെക്ക് ചെയ്തിട്ട് തടവുകാര്‍ക്ക് കൊടുക്കും.

ഒരു തടവുകാരനെ മാത്രമാണല്ലോ നമ്മുക്ക് കാണാന്‍ സാധിക്കുക. അതുകൊണ്ട് അതോടൊപ്പം തന്നെ സഹതടവുകാരായ ആളുകള്‍ക്കുമുള്ള പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കാറുണ്ടായിരുന്നു. എന്നാലിപ്പോള്‍ ഏത് തടവുകാരനെയാണോ നമ്മള്‍ കാണുന്നത് അദ്ദേഹത്തിനുള്ള പുസ്തകങ്ങള്‍ മാത്രമേ എത്തിച്ചുകൊടുക്കാന്‍ പറ്റൂ എന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്.

ഓരോ തവണയും തടവുകാരെ കാണാന്‍ പോകുമ്പോള്‍ ഓരോ നിയമങ്ങളാണ് അവര്‍ പറയുന്നത്. ഒരു നിയമം ഇങ്ങനെയാണ്; പുസ്തകങ്ങള്‍ കൊണ്ടുപോകുമ്പോള്‍ സൂപ്രണ്ടിന് അപേക്ഷ എഴുതി കൊടുക്കണം. ആര്‍ക്കൊക്കെ എന്തൊക്കെ പുസ്തകങ്ങളാണ് കൊടുക്കുന്നത് എന്ന്. നേരെ മറിച്ച് ആദ്യ കാലങ്ങളില്‍ വെല്‍ഫെയര്‍ ഓഫീസര്‍ക്ക് കൊടുത്താല്‍ മതിയായിരുന്നു.

ആ തടവുകാരനെ കണ്ടുകഴിഞ്ഞ് ബാക്കിയുള്ള തടവുകാര്‍ക്കുള്ള പുസ്തകങ്ങള്‍ ഏതൊക്കെയാണെന്ന് കൃത്യമായ ലിസ്റ്റ് എഴുതി സൂപ്രണ്ടിന് ഒരു അപേക്ഷ കൊടുക്കും. അത് അദ്ദേഹം അംഗീകരിച്ചാല്‍ പുസ്തകം കൊടുക്കുമായിരുന്നു.’, ഹരി എസ് വോക്ക് മലയാളത്തോട് പറഞ്ഞു.

ജനകീയ മനുഷ്യാവകാശ പ്രവര്‍ത്തകന്‍, ഹരി എസ് Screengrab, Copyright: Facebook

‘കഴിഞ്ഞ മാസം ഞാന്‍ മാവോയിസ്റ്റ് തടവുകാരനായ അനീഷ് ബാബുവിനെ കാണാന്‍ പോയി. അദ്ദേഹത്തിനുള്ള പുസ്തകങ്ങളും വേറെ മൂന്ന് തടവുകാര്‍ക്കുള്ള പുസ്തകങ്ങളും ഞാന്‍ കരുതിയിട്ടുണ്ടായിരുന്നു. അവരുടെ ആര്‍പി നമ്പറൊക്കെ എഴുതി സൂപ്രണ്ടിന് അപേക്ഷയും എഴുതി കൊടുത്തു.

കുറച്ച് കഴിഞ്ഞ് അതീവ സുരക്ഷാ ജയിലില്‍ നിന്നും രണ്ട് സിവില്‍ പോലീസുകാര്‍ വന്നു. നിങ്ങള്‍ ആരെയാണ് കാണാന്‍ വന്നത് എന്ന് ചോദിച്ചു. മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരന്‍ അനീഷ് ബാബുവിനെയാണ് കാണാന്‍ വന്നത് എന്ന് പറഞ്ഞു.

നിങ്ങള്‍ എന്തിനാണ് കാണാത്ത ആളുകളുടെ പേരില്‍ പുസ്തകങ്ങള്‍ നല്‍കുന്നത് എന്ന് ചോദിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ഇങ്ങനെയാണ് ഞാന്‍ പുസ്തകങ്ങള്‍ നല്‍കുന്നത്. ഇപ്പോള്‍ എന്താണ് പുതിയ നിയമം എന്ന് അവരോട് ചോദിച്ചു. അവര്‍ പറഞ്ഞത്, സൂപ്രണ്ട് ഒരു സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ട്. ആരെയാണോ കാണാന്‍ വരുന്നത് ആ വ്യക്തിയ്ക്ക് മാത്രമേ പുസ്തകങ്ങള്‍ കൊടുക്കാന്‍ പറ്റൂ എന്ന്.

അത്തരം സര്‍ക്കുലര്‍ ഇന്റര്‍വ്യൂന് വരുന്ന തടവുകാരുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കാണാന്‍ പറ്റുന്ന രീതിയില്‍ ഇവിടെ എവിടെയെങ്കിലും പതിച്ചിട്ടുണ്ടോ അല്ലെങ്കില്‍ ജയിലിന്റെ ഓണ്‍ലൈന്‍ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അങ്ങനെ പ്രദര്‍ശിപ്പിച്ചിട്ടില്ല, ആ സര്‍ക്കുലര്‍ ജയിലിലെ പോലീസുകര്‍ക്കിടയില്‍ മാത്രം കൊടുത്തിട്ടുള്ളൂ എന്നാണ് അവര്‍ പറഞ്ഞത്.

എങ്ങനെയാണ് നിങ്ങള്‍ക്കിടയില്‍ മാത്രം ഒരു സര്‍ക്കുലര്‍ ഇറക്കാന്‍ കഴിയുക? ഇവിടെ കേരള പ്രിസണ്‍ ആക്റ്റില്ലേ? കേരള പ്രിസണ്‍ റൂളില്ലേ? എന്നൊക്കെ ഞാന്‍ പറഞ്ഞു.

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് വഴി പുസ്തകങ്ങള്‍ അയച്ചാല്‍ വെല്‍ഫെയര്‍ ഒഫീസറോ ജയില്‍ അധികൃതരോ അത് തടവുകാര്‍ക്ക് കൊടുക്കാറില്ല. വെല്‍ഫെയര്‍ ഓഫീസര്‍ ഈ പോസ്റ്റല്‍ വാങ്ങും. എന്നിട്ട് ആ തടവുകാരന് ഈ പുസ്തകം കൊടുക്കില്ല.

തടവുകാരന്‍ അവര്‍ക്ക് അനുവദിച്ചിട്ടുള്ള ഫോണ്‍ കോള്‍ വഴി വീട്ടുകാരോടോ സുഹൃത്തുക്കളോടോ പുസ്തകം കിട്ടിയില്ലെന്ന് പറയുമ്പോള്‍ ആയിരിക്കും ജയിലില്‍ എത്തിയ കാര്യം അറിയുന്നുണ്ടാവുക. ഇക്കാര്യം വെല്‍ഫെയര്‍ ഓഫീസറോട് ചോദിക്കുമ്പോള്‍ ആയിരിക്കും പറയുക, പോസ്റ്റ് ഓഫീസ് വഴി വരുന്ന പുസ്തകങ്ങള്‍ തരാന്‍ പറ്റില്ലാ എന്ന്.

പിന്നീട് ഒന്നോ രണ്ടോ മാസങ്ങള്‍ കഴിഞ്ഞ് തടവുകാരനെ കാണാന്‍ പോകുമ്പോള്‍ ആയിരിക്കും വെല്‍ഫെയര്‍ ഓഫീസില്‍ നിന്നും പുസ്തം തിരിച്ചു വാങ്ങി തടവുകാരന് കൊടുക്കുന്നത്. അതുകൊണ്ടാണ് ബാക്കിയുള്ള തടവുകാര്‍ക്കുള്ള പുസ്തകങ്ങള്‍ അവിടെ കൊണ്ട് എത്തിക്കുന്നത്.

ഇത്തരം സംവിധാനങ്ങളെ ജയില്‍ അധികൃതര്‍ തടയുകയാണിപ്പോള്‍. ബുക്ക് പബ്ലിഷിംഗ് സ്ഥാപനങ്ങളില്‍ വരിസംഖ്യ അടച്ച പുസ്തകങ്ങള്‍ അവിടെ പോസ്റ്റല്‍ ആയി വരുന്നുണ്ട്. അത് തടവുകാര്‍ക്ക് കൊടുക്കുന്നുമുണ്ട്.

ഒരു തടവുകാരന്റെ എല്ലാവിധ അവകാശങ്ങളും ലംഘിക്കുന്ന കേരളത്തിലെ ഗ്വോണ്ടനാമോ ജയിലാണ് യഥാര്‍ത്ഥത്തില്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയില്‍. അവിടെ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥരെ വീഡിയോ കോളില്‍ വിളിച്ചുവരുത്തി എന്‍ഐഎ കോടതി തന്നെ അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്.

ഒരു ഉദാഹരം, മാവോയിസ്റ്റ് രാഷ്ട്രീയ തടവുകാരനായ രൂപേഷ് അതീവ സുരക്ഷാ ജയിലില്‍ ഉണ്ടായിരുന്ന കാലത്ത് അദ്ദേഹം എന്‍ഐഎ കോടതിയില്‍ കൊടുത്ത ഒരു അഫിഡവിറ്റുണ്ട്. അതില്‍ പറയുന്ന പ്രധാന മനുഷ്യാവകാശ ലംഘനമാണ് ക്ലോസറ്റിന്റെ മുകളില്‍ കാമറ സ്ഥാപിച്ചത്, കോടതിയില്‍ കൊണ്ടുപോയി തിരിച്ച് ജയിലിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ വിവസ്ത്രരാക്കി പരിശോധിക്കുന്നത്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയാണ് അന്ന് വിധി പറഞ്ഞത്.’, ഹരി എസ് പറഞ്ഞു.

പുസ്തകങ്ങള്‍ തടയുന്നത് മാത്രമല്ല, ജയിലിരുന്നു പഠനം തുടരുന്നവരുടെ പഠനം മുടക്കുന്ന സമീപനം കൂടി ജയില്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നുണ്ട്. വിദൂര വിദ്യാഭ്യാസം വഴി പഠിക്കുന്നവരുടെ പുസ്തകങ്ങള്‍ കൃതമായി എത്തിച്ചു കൊടുക്കാതിരിക്കല്‍, മറ്റു പഠന സാമഗ്രികള്‍ തടഞ്ഞുവെക്കല്‍ തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളാണ് വിയ്യൂര്‍ അതീവ സുരക്ഷാ ജയില്‍ അധികൃതര്‍ നടത്തുന്നത്.

‘അനീഷ് ബാബുവിന് പഠന ആവശ്യങ്ങള്‍ക്ക് വേണ്ടി സയന്റിഫിക് കാല്‍ക്കുലേറ്റര്‍ വേണമായിരുന്നു. എന്‍ഐഎ കോടതി അനിവദിക്കുകയും ചെയ്തു. ജയിയിലെ ഉദ്യോഗസ്ഥര്‍ അനീഷ് ബാബുവിനോട് പറയുന്നത് ഒരു മണിക്കൂര്‍ മാത്രമേ കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കാന്‍ നല്‍കൂ എന്നാണ്.

എന്‍ജിനീയറിംഗ് കോഴ്സ് തുടര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ പഠിക്കാനും അനുവദിക്കുന്നില്ല എന്ന സാഹചര്യമാണ് ജയിലിലുള്ളത്. എന്‍ജിനീയറിംഗ് വിദ്യാര്‍ഥി എങ്ങനെയാണ് ഒരു മണിക്കൂര്‍ മാത്രം കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് പഠിക്കുക?

വിദൂര വിദ്യാഭ്യാസ സംവിധാനത്തില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന തടവുകാര്‍ അഡ്മിഷന്‍ എടുക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. തടവുകാര്‍ പഠിക്കരുത് എന്ന ദൃഢനിശ്ചയമെടുത്ത ഉദ്യോഗസ്ഥരാണ് അവിടെയുള്ളത്. സൂപ്രണ്ടും വെല്‍ഫെയര്‍ ഓഫീസറും സധാരണ പോലീസുകാരും തടവുകാരോട് പെരുമാറുന്നത് ഇങ്ങനെയാണ്.

ബഹുപൂരിപക്ഷം പേരും വിചാരണ തടവുകാരാണ്. വിചാരണ പോലും പൂര്‍ത്തിയാവാതെ വര്‍ഷങ്ങളോളം കിടക്കുന്ന തടവുകാരാണ്. ഇവരൊക്കെ കുറ്റക്കാര്‍ ആണെന്ന് ജയിലിലെ ഉദ്യോഗസ്ഥര്‍ സ്വയം വിചാരിച്ച് പെരുമാരുനന്‍ സാഹചര്യമാണ് അവിടെയുള്ളത്.

കേരളം വിദ്യാഭ്യസത്തില്‍ നമ്പര്‍ വണ്ണാണെന്നും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആണെന്ന് സ്വയം അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭരിക്കുന്ന ഈ സംസ്ഥാനത്താണ് അതീവ സുരക്ഷാ ജയിലില്‍ ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നത്.’, ഹരി പറയുന്നു.

മാവോയിസ്റ്റ് നേതാവ് രൂപേഷ് Screengrab, Copyright: DC

തടവുകാരോട് മാത്രമല്ല, അവരെ സന്ദര്‍ശിക്കുന്ന ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇരിപ്പിടം, കുടിവെള്ളം തുടങ്ങിയ സംവിധാനങ്ങള്‍ ഒന്നും അതീവ സുരക്ഷ ജയിലില്‍ ഒരുക്കിയിട്ടില്ലെന്ന് ഹരി പറയുന്നു.

‘തടവുകാരെ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇരിക്കാനോ വെള്ളം കുടിക്കാനോ ബാത്ത്‌റൂമില്‍ പോകാനോ അവിടെ സൗകര്യമില്ല. വെള്ളം കുടിക്കാനും ബാത്ത്റൂമില്‍ പോകാനും അരക്കിലോമീറ്റര്‍ ദൂരം വിയ്യൂര്‍ സെട്രല്‍ ജയിലിലേക്ക് നടക്കണം.

നേരത്തെ അതീവ സുരക്ഷ ജയിലിലെ ഉദ്യോഗസ്ഥരുടെ ബൈക്ക് പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്ത് സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ കുറച്ച് പ്ലാസ്റ്റിക് കസേരകള്‍ ഇട്ടിരുന്നു. ഇപ്പോള്‍ അവിടെ അതും ഇല്ല. തടവുകാരുടെ കുട്ടികളും ഉതിര്‍ന്നവരും അടക്കമുള്ള കുടുംബങ്ങള്‍ നില്‍ക്കേണ്ട അവസ്ഥയാണ്.’, ഹരി എസ് വോക്ക് മലയാളത്തോട് പറഞ്ഞു.

നേരത്തേയും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് രാഷ്ട്രീയ തടവുകാരായ മാവോയിസ്റ്റുകള്‍ ഉന്നയിച്ചിരുന്നു. ജയില്‍ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ എന്ന പേരില്‍ തുടര്‍ച്ചയായി 24 മണിക്കൂര്‍ പൂട്ടിയിടുന്നതും തടവുകാരെ കൈവിലങ്ങ് അണിയിക്കുന്നതും അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ ഉന്നയിച്ചും തടവുകാര്‍ക്ക് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കുക, നീണ്ട കാലം വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് ഉടന്‍ ജാമ്യം നല്‍കുക, വിചാരണ വേഗത്തില്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും രൂപേഷ്, ഡോ. ദിനേശ്, എം ജി രാജന്‍, രാഘവേന്ദ്ര, ഉസ്മാന്‍, വിജിത്ത്, ചൈതന്യ എന്നിവര്‍ നിരാഹാരസമരം നടത്തിയിരുന്നു.

പുറം കാഴ്ചകള്‍ പൂര്‍ണ്ണമായും തടയും വിധം സെല്ലിന്റെ ഗ്രില്ലുകള്‍ പോലും പൂര്‍ണ്ണമായും അടയ്ക്കുക, സെല്ലിനകത്തു പോലും സിസിടിവി ക്യാമറകള്‍, അതീവ സുരക്ഷാ ജയിലിലെ തടവുകാര്‍ക്ക് ജയിലില്‍ ജോലി നിഷേധിക്കുക തുടങ്ങിയ പ്രശ്‌നങ്ങളും ഉന്നയിച്ചിരുന്നു.

തടവുകാര്‍ മനുഷ്യരാണെന്നും അവര്‍ക്ക് മതിയായ ജീവിത നിലവാരത്തിന് അവകാശമുണ്ടെന്നും ഇന്ത്യന്‍ ഭരണടനയില്‍ പറയുന്നുണ്ട്. അങ്ങനെയിരിക്കെ അതീവ സുരക്ഷാ ജയില്‍ അധികൃതരുടെ തടവുകാരോടുള്ള പ്രവൃത്തി ഭരണഘടനുടെ ലംഘനമാണ്.

FAQs

അതീവ സുരക്ഷാ ജയില്‍?

സംസ്ഥാനത്തെ ആദ്യത്തെ ഹൈ സെക്യൂരിറ്റി പ്രിസൺ 2019 ജൂലൈ മൂന്നിന് വിയ്യൂരിൽ ആരംഭിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജയിലിൽ ബാഗേജ്‌ സ്കാനർ, ബയോമെട്രിക് ഫിംഗർപ്രിന്റ് ലോക്ക് സംവിധാനം എന്നിവ സ്ഥാപിച്ചിട്ടുണ്ട്. മറ്റു സെല്ലുകളിലെ തടവുകാർ പരസ്പരം കാണാത്ത രീതിയിലാണ് സെല്ലുകൾ നിർമ്മിച്ചിരിക്കുന്നത്. എല്ലാ മുറികളിലും സിസി ടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്‌.

ആരാണ് രാഷ്ട്രീയ തടവുകാര്‍?

ഒരു രാഷ്ട്രീയ തടവുകാരൻ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ഒരാളാണ്. അവരുടെ മതപരമോ ദാർശനികമോ ആയ വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെടുന്നവരും രാഷ്ട്രീയ തടവുകാരാണ്.

എന്താണ് മാവോയിസം?

ചൈനയുടെ നേതാവായിരുന്ന മാവോ സെതൂങ്ങിന്റെ അഭിപ്രായങ്ങളിൽ നിന്ന് ഉദ്ഭവിച്ച രാഷ്ട്രതന്ത്രമാണ് മാവോയിസത്തിന് ആധാരം. ഇതു പിന്തുടരുന്നവരെ മാവോയിസ്റ്റുകൾ എന്നാണ് വിവക്ഷിക്കുക. ഇത് റിവിഷനിസത്തിനെതിരായ ഒരു മാർക്സിയൻ തത്ത്വചിന്തയായി പരിഗണിക്കപ്പെടുന്നു.

Quotes

“വൈകിയ അവകാശം നിഷേധിക്കപ്പെട്ട അവകാശമാണ്- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.