Sat. Jan 18th, 2025
BJP MLA Nitesh Rane Offers Reward for Cutting Uwaisi's Tongue

മുംബൈ: ലോക്‌സഭയില്‍ സത്യപ്രതിജ്ഞക്കിടെ ജയ് ഫലസ്തീന്‍ മുദ്രാവാക്യം വിളിച്ച എഐഎംഐഎം എംപി അസദുദ്ദീന്‍ ഉവൈസിയുടെ നാവ് അറക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎ. പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്തെത്തിയത് മഹാരാഷ്ട്രയിൽ നിന്നുള്ള ബിജെപി എംഎല്‍എ നിതേഷ് റാണെയാണ്.

പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ആരെങ്കിലും ‘ജയ് ശ്രീറാം’ അല്ലെങ്കില്‍ ‘വന്ദേമാതരം’ വിളിച്ചാല്‍ അവര്‍ക്ക് ജീവനോടെ പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് നിതേഷ് റാണെ മാധ്യമങ്ങളോട് പറഞ്ഞു.

‘നമ്മുടെ രാജ്യത്ത് ശത്രു രാജ്യങ്ങളെയും തീവ്രവാദികളെയും പിന്തുണക്കുന്ന ശബ്ദങ്ങള്‍ നമുക്ക് കേള്‍ക്കേണ്ടി വരുന്നു. ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ പാര്‍ലമെന്റിന് പുറത്ത് ഇരുകാലില്‍ നില്‍ക്കാന്‍ അനുവദിക്കരുത്. ഇതിപ്പോള്‍ പാകിസ്ഥാനിലോ ചൈനയിലോ ആയിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ ഇത് അനുവദിക്കില്ലായിരുന്നു.

അസദുദ്ദീന്‍ ഉവൈസിയുടെ നാവ് മുറിച്ച് എന്റെ അടുക്കല്‍ കൊണ്ടുവരുന്നവര്‍ക്ക് പ്രതിഫലം തരാം. ജയ് ഫലസ്തീന്‍ എന്ന് പറഞ്ഞ് ഉവൈസിക്ക് എങ്ങനെയാണ് പാര്‍ലമെന്റ് വിടാന്‍ സാധിച്ചത്. ഇത്തരമൊരു പ്രവർത്തി ചെയ്യുന്ന ഒരാളെ ഒരു രാജ്യവും ജീവനോടെ വിടില്ല,’ നിതേഷ് റാണെ പറഞ്ഞു.