Wed. Dec 18th, 2024

ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയവരില്‍ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ബിജെപി നേതാവ് അനുരാധ യാദവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത്

സ് അനിതയെ ആര് മറന്നാലും ഉന്നത വിദ്യാഭ്യാസ മേഖല സ്വപനം കാണുന്ന തമിഴ്‌നാട്ടിലെ ദളിത്, ആദിവാസി കുട്ടികളും അവരുടെ രക്ഷിതാക്കളും മറക്കാന്‍ സാധ്യതയില്ല. പകരം ഒരു ഉള്‍ ഭയത്തോടെയായിരിക്കാം ഓര്‍ക്കുന്നുണ്ടാവുക. 2017 ല്‍ 1200ല്‍ 1176 മാര്‍ക്ക് നേടി പ്ലസ് ടു പാസായ അനിതയ്ക്ക് ഡോക്ടര്‍ ആവുക എന്ന ഒരേ ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ.

2016 ലാണ് സുപ്രീം കോടതി നീറ്റ് യുജി പുനസ്ഥാപിക്കുന്നത്. രാജ്യത്തെ മെഡിക്കല്‍ കോളേജുകളില്‍ എംബിബിഎസിന് പ്രവേശനം നേടാനുള്ള നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) എന്ന ഏകീകൃത പരീക്ഷാ സംവിധാനം അതോടെ പൂര്‍ണമായും നടപ്പായി. 2019 മുതല്‍ നീറ്റ് പരീക്ഷയുടെ നടത്തിപ്പിന്റെ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)ക്കാണ്.

അന്നുവരെ സംസ്ഥാനങ്ങളുടെ അധികാരപരിധിയിലാണ് മെഡിസിന്‍ പ്രവേശന പരീക്ഷകള്‍ നടത്തിയിരുന്നത്. ഒന്നാം മോദി സര്‍ക്കാര്‍ ഭരണത്തിലേറിയത് മുതല്‍ കഴിഞ്ഞ പത്തുവര്‍ഷത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എസ് അനിത Screengrab, Copyright: Indian Express

സ്വകാര്യവല്‍ക്കരണം, ഫെലോഷിപ്പുകള്‍ റദ്ദാക്കല്‍, സ്‌റ്റൈപ്പന്റുകളിലെ കാലതാമസം, ഗവേഷണത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കല്‍ , അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, കാമ്പസുകളിലെ കാവിവല്‍ക്കരണം തുടങ്ങി ഫാസിസത്തെ എതിര്‍ക്കാന്‍ ശേഷിയുള്ള പുതിയ തലമുറകള്‍ വളരാതിരിക്കാനും ന്യൂനപക്ഷ സമൂഹങ്ങള്‍ മുന്നേറാതിരിക്കാനുമുള്ള എല്ലാ മാര്‍ഗങ്ങളും ‘പരിഷ്‌ക്കരണം’ എന്ന പേരില്‍ ബിജെപി സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയിട്ടുണ്ട്. അതിലൊന്നാണ് നീറ്റും. നീറ്റ് എന്ന ആശയം യുപിഎ ഭരണകാലത്താണ് കൊണ്ടുവന്നതെങ്കിലും അതിലെ വിവേചനം മനസ്സിലാക്കി റദ്ദ് ചെയ്യാന്‍ പിന്നീടു വന്ന എന്‍ഡിഎ സര്‍ക്കാര്‍ മുതിര്‍ന്നില്ല.

തമിഴ്നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തിലെ ദരിദ്ര ദളിത് കുടുംബത്തിലായിരുന്നു അനിതയുടെ ജനനം. സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളോട് പൊരുതിയാണ് അനിത ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ഥിയായത്. 12-ാം ക്ലാസ് പരീക്ഷയില്‍ ഫിസിക്സിനും മാത്തമാറ്റിക്സിനും 100% മാര്‍ക്ക് നേടിയ അരിയല്ലൂര്‍ ജില്ലയിലെ ഏക വിദ്യാര്‍ഥിയായിരുന്നു അനിത.

തമിഴ് മീഡിയത്തില്‍ പഠിച്ച അനിതയ്ക്ക് ഇംഗ്ലീഷില്‍ വന്ന നീറ്റ് ചോദ്യങ്ങളെ നേരിടാന്‍ കഴിഞ്ഞില്ല. പ്ലസ് ടു വിന് 98 ശതമാനം മാര്‍ക്ക് നേടിയ അനിതയ്ക്ക് നീറ്റ് പരീക്ഷയില്‍ ലഭിച്ചത് 700ല്‍ 86 മാര്‍ക്ക് മാത്രമാണ്. കട്ട്ഓഫ് മറികടക്കാനും നീറ്റിലൂടെ എംബിബിഎസ് സീറ്റ് ഉറപ്പാക്കാനും അനിതയ്ക്ക് കഴിഞ്ഞില്ല.

നീറ്റ് നിര്‍ബന്ധമാക്കുന്നതിനെതിരെ അനിത സുപ്രീം കോടതിയില്‍ നിയമ യുദ്ധം നടത്തിയിരുന്നു. രാജ്യത്തെ ഭാഷാ വൈവിധ്യത്തെയും ന്യൂനപക്ഷ, പിന്നാക്ക സമൂഹങ്ങളുടെ ജീവിതത്തെയും പരിഗണിക്കാതിരുന്ന സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നീറ്റ് നടത്തുമെന്ന അന്തിമ വിധിയുമായി മുന്നോട്ടുപോയി.

തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികള്‍ക്ക് നീറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ ഇളവ് അനുവദിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നീറ്റിനെ അനുകൂലിക്കുന്ന വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസില്‍ നീറ്റിനെ എതിര്‍ക്കുന്നവരുടെ പ്രതിനിധിയായാണ് അനിത സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നത്.

അനിതയുടെ പോരാട്ടം ശ്രദ്ധപിടിച്ചു പറ്റുകയും മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്റോനോട്ടിക് എന്‍ജിനീയറങ്ങിലും ഒരത്തനാട് വെറ്ററിനറി കോളജും സീറ്റ് വാഗ്ദാനം ചെയ്‌തെങ്കിലും എംബിബിഎസ് മതി എന്ന സ്വപ്നത്തില്‍ അനിത ഉറച്ചുനിന്നു.

പരമോന്നത നീതിപീഠത്തില്‍ നിന്നും വരെ നീതി ലഭിക്കാതിരുന്ന അനിത ഒടുവില്‍ ആത്മഹത്യ ചെയ്തു. അനിതയുടെ ആത്മഹത്യ തമിഴ്‌നാട്ടിലും രാജ്യത്തൊട്ടാകെയും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടന്നെങ്കിലും നീറ്റില്‍ നിന്ന് വ്യതിചലിക്കന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

നീറ്റ് പരീക്ഷയെ തുടക്കം മുതലേ എതിര്‍ക്കുന്ന ഒരു സംഘടന സ്റ്റാലിന്‍ നയിക്കുന്ന ഡിഎംകെയാണ്. ഇന്നുവരെ തമിഴ്‌നാട്ടില്‍ ഇരുപത്തി അഞ്ചോളം പിന്നാക്കക്കാരായ കുട്ടികള്‍ നീറ്റ് പരീക്ഷ പാസാകാന്‍ കഴിയാത്തതിന്റെ മാനസിക സംഘര്‍ഷത്തില്‍ ജീവനൊടുക്കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ മെഡിക്കല്‍ സീറ്റുള്ള (11225) ഒരു സംസ്ഥാനത്താണ് ഇതെന്ന് ഓര്‍ക്കണം.

യോഗ്യതാ പരീക്ഷയുടെ വ്യാജ വേഷത്തില്‍ അവതരിപ്പിക്കപ്പെട്ട നീറ്റ് അടിമുടി തട്ടിപ്പാണെന്നും ആയിരക്കണക്കിന് വര്‍ഷം വിദ്യ നിഷേധിക്കപ്പെട്ട ഒരു സമൂഹത്തില്‍ അധസ്ഥിതര്‍ക്ക് അവസരങ്ങള്‍ നല്‍കാനാണ് ശ്രദ്ധിക്കേണ്ടതെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. സ്റ്റാലിന്‍ മുഖ്യമന്ത്രി ആയതിനു ശേഷം നീറ്റ് പ്രവേശന പരീക്ഷ എടുത്തുകളയാനുള്ള ബില്‍ സംസ്ഥാന നിയമസഭ രണ്ടു തവണ ഐകകണ്‌ഠ്യേന പാസാക്കിയെങ്കിലും ഇതുവരെ അത് നിയമമായിട്ടില്ല. ബില്‍ നിയമമാവാന്‍ രാഷ്ട്രപതിയുടെ അനുവാദം വേണം.

ഡിഎംകെ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനത്തില്‍ നീറ്റ് വരുത്തിയ ആഘാതം പഠിക്കുന്നതിനായി റിട്ടയേര്‍ഡ് ജസ്റ്റിസ് എകെ രാജന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.

എംകെ സ്റ്റാലിന്‍ Screengrab, Copyright: PTI

നീറ്റ് ഏര്‍പ്പെടുത്തിയതിന് ശേഷം 2017-18ല്‍ എംബിബിഎസിന് പ്രവേശനം നേടിയ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള, തമിഴ് മീഡിയത്തില്‍ പഠിച്ച, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണം വളരെ കുറവാണെന്ന് കമ്മിറ്റി കണ്ടെത്തി.

നീറ്റിന് മുമ്പുള്ള കാലയളവിലും ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികളാണ് കൂടുതല്‍ സീറ്റുകള്‍ നേടിയിരുന്നത്. നീറ്റിന് ശേഷം അവരുടെ പ്രാതിനിധ്യ വിഹിതം കൂടുതല്‍ ഉയര്‍ന്നു. അതേസമയം തമിഴ് മീഡിയം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം വളരെ കുറഞ്ഞു.

2010-11 മുതല്‍ 2016-17 വരെ, ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ 80.2% മുതല്‍ 85.12% വരെ സീറ്റുകള്‍ ലഭിച്ചു. തമിഴ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് 2010-11ല്‍ 19.79% സീറ്റുകളും 2016-17ല്‍ 14.88% സീറ്റുകളും ലഭിച്ചു.

2017-18 മുതല്‍ നാല് വര്‍ഷങ്ങളിലെ മെഡിക്കല്‍ കോളേജ് സീറ്റുകളില്‍ തമിഴ് മീഡിയം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം 1.6% മുതല്‍ 3.27% വരെയാണ്. ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ പ്രാതിനിധ്യം 2016-17 ല്‍ 85.12% ല്‍ നിന്ന് 2017-18 ല്‍ 98.41% ആയി ഉയര്‍ന്നു. 2020-21 ല്‍ ഇത് 98.01% ആയിരുന്നു.

2010-11 മുതല്‍ 2016-17 വരെയുള്ള നീറ്റിന് മുമ്പുള്ള കാലയളവില്‍, ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ശരാശരി 61.5% സീറ്റുകള്‍ നേടി. 2020-21ല്‍ ഇത് 49.91 ശതമാനമായി കുറഞ്ഞു. നേരെമറിച്ച്, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ നഗരപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ പങ്ക് നീറ്റിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ശരാശരി 38.55% ആയിരുന്നത് 2020-21 ല്‍ 50.09% ആയി ഉയര്‍ന്നു.

സംസ്ഥാന ബോര്‍ഡ് സ്‌കൂളുകളില്‍ നിന്നുള്ള അപേക്ഷകരുടെ എണ്ണം നീറ്റിന് മുമ്പുള്ള വര്‍ഷങ്ങളില്‍ ശരാശരി 95% ആയിരുന്നു. ഇത് 2020-21 ല്‍ 64.27% ആയി കുറഞ്ഞു, അതേസമയം സിബിഎസ്സി സ്‌കൂളുകളില്‍ നിന്നുള്ള അപേക്ഷകര്‍ നീറ്റിന് മുമ്പേ 3.17% ആയിരുന്നു. 2020-21 ല്‍ ഇത് 32.26% ആയി ഉയര്‍ന്നു. .

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നേടിയ സിബിഎസ്ഇ വിദ്യാര്‍ഥികളുടെ എണ്ണം 2010-11ല്‍ 0.13% ആയിരുന്നത് 2020-21ല്‍ 26.83% ആയി ഉയര്‍ന്നപ്പോള്‍ സംസ്ഥാന ബോര്‍ഡ് വിദ്യാര്‍ഥികളുടെ എണ്ണം ഈ കാലയളവില്‍ 71.73% ല്‍ നിന്ന് 43.13% ആയി കുറഞ്ഞു.

ഈ കണക്കുകള്‍ മെഡിസിന്‍ പഠന മേഖലയിലെ തമിഴ്‌നാടിലെ പിന്നാക്ക, ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ പുറംതള്ളല്‍ വ്യക്തമാക്കുന്നുന്നതാണെങ്കിലും രാജ്യമൊട്ടാകെയുള്ള പിന്നാക്ക, ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ അവസ്ഥയും സമാനമാണ്.

ഒന്നോ രണ്ട് വര്‍ഷത്തെ നിരന്തരമായ പഠനത്തിന് ശേഷമായിരിക്കാം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷയ്ക്ക് എത്തുന്നുണ്ടാവുക. റാങ്ക് മെച്ചപ്പെടുത്തി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് നേടാന്‍ ഓരോ വര്‍ഷവും പരീക്ഷ എഴുതുന്നവരും കൂട്ടത്തില്‍ ഉണ്ടാവാം. പരിശീലന സ്ഥാപനങ്ങളുടെ അമിതമായ ഫീസ് തനഗാന്‍ കഴിയാതെ സ്വന്തമായി കഠിനാധ്വാനം ചെയ്ത് പരീക്ഷയ്ക്ക് എത്തുന്നവരുമുണ്ട്.

ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ച് മിക്കവാറും സ്വന്തമായി പഠിച്ചായിരിക്കാം പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്നത്. ഈ കുട്ടികളുടെയൊക്കെ ഭാവി പ്രതിസന്ധിയിലാക്കിയാണ് ഇത്തവണത്തെ നീറ്റ് പരീക്ഷ റദ്ദാക്കിയെന്ന പ്രഖ്യാപനമുണ്ടാവുന്നത്.

എന്താണ് നീറ്റില്‍ നടന്നത്

2024 മെയ് അഞ്ചിനായിരുന്നു രാജ്യത്ത നീറ്റ് പരീക്ഷ നടന്നത്. 571 നഗരങ്ങളിലെ 4,750 കേന്ദ്രങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിളുമായി 23,33,297 പേരാണ് നീറ്റ് പരീക്ഷ എഴുതിയത്. രാജ്യത്താകെ 706 മെഡിക്കല്‍ കോളജുകളിലായി 108915 എംബിബിഎസ് സീറ്റുകളാണുള്ളത്. അതില്‍ 386 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 55,880 സീറ്റുകള്‍. ബാക്കിയുള്ളതു സ്വകാര്യ മേഖലയില്‍. ഈ സീറ്റുകളിലേയ്ക്കാണ് 23 ലക്ഷത്തിലധികം കുട്ടികള്‍ പരീക്ഷ എഴുതിയത്.

നീറ്റ് പരീക്ഷയിലെ കൃത്രിമത്വത്തിനെതിരെ ന്യൂഡൽഹിയില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് പുറത്ത് വിവിധ സംഘടനകളിലെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധം Screengrab, Copyright: The Hindu

പരീക്ഷയ്ക്ക് പിന്നാലെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന ആരോപണം ഉയരുകയും പട്‌നയില്‍ 13 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. ജൂണ്‍ നാലിന് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 67 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്കും കിട്ടി. അതായത് 720ല്‍ 720 മാര്‍ക്ക്. ഉത്തരേന്ത്യ ആസ്ഥാനമായുള്ള കോച്ചിങ് സെന്ററുകളിലെ ചില വിദ്യാര്‍ഥികള്‍ 100 ശതമാനം മാര്‍ക്ക് നേടി.

ഏകദേശം 1500-ലധികം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചു. ഗ്രേസ് മാര്‍ക്കിലൂടെയാണ് വിദ്യാര്‍ഥികള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയത്. പരീക്ഷക്ക് ഹാജരായപ്പോള്‍ ഉണ്ടായ സമയനഷ്ടം നികത്താനാണ് മാര്‍ക്ക് നല്‍കിയത്. അശാസ്ത്രീയമായ രീതിയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിച്ചതോടെ പലര്‍ക്കും ഇതിന്റെ പ്രയോജനം ലഭിച്ചില്ലെന്ന് ആരോപണം ഉയര്‍ന്നു. ഇതോടെ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച, ഗ്രേസ് മാര്‍ക്ക് നല്‍കിയതിലെ അസ്വാഭാവികത തുടങ്ങിയവ ചൂണ്ടികാണിച്ച് വിദ്യാര്‍ഥികള്‍ രംഗത്തെത്തി.

പരീക്ഷയിലെ ക്രമക്കേടുകളും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ചില വിദ്യാര്‍ഥികള്‍ക്ക് വഴിവിട്ട സഹായം ചെയ്തതും ഭരണഘടനയിലെ പതിനാലാം അനുച്ഛേദ (തുല്യതക്കുള്ള അവകാശം)ത്തിന്റെ ലംഘനമാണെന്നും നിലവില്‍ പ്രഖ്യാപിച്ച ഫലം അസാധുവാക്കി വീണ്ടും പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി.

രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി എന്‍ടിഎയ്ക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ ഉന്നയിച്ചത്. പരീക്ഷയുടെ പവിത്രതയെ ബാധിച്ചിരിക്കുന്ന വിഷയത്തില്‍ ഉത്തരങ്ങള്‍ ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. ഗ്രേസ് മാര്‍ക്ക് ലഭിച്ച 1563 വിദ്യാര്‍ഥികളുടെ സ്‌കോര്‍ കാര്‍ഡ് റദ്ദാക്കാന്‍ കോടതി അനുമതി നല്‍കി.

ഈ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാവര്‍ക്കും പുനപ്പരീക്ഷയെന്ന വിദ്യാര്‍ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

പിന്നാലെ, നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് സമ്മതിച്ച് കേന്ദ്ര വിദ്യാഭ്യസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രംഗത്തുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നു. ലക്ഷക്കണക്കിന് രൂപയ്ക്കാണ് ചോദ്യപേപ്പര്‍ പല സംസ്ഥാങ്ങളിലും വിറ്റിരിക്കുന്നത്.

1563 പേരില്‍ പുനപ്പരീക്ഷയ്ക്ക് ഹാജരായത് 813 പേര്‍ മാത്രമാണ്. ഗുജറാത്തിലും ചണ്ഡീഗഡിലും ഒരു വിദ്യാര്‍ഥി പോലും പരീക്ഷക്കെത്തിയില്ല. ചോര്‍ന്ന ചോദ്യപേപ്പര്‍ കണ്ടെടുത്ത സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. മേഘാലയയില്‍ 230ഉം ഹരിയാനയില്‍ 207ഉം ഛത്തീസ്ഗഡില്‍ 313 വിദ്യാര്‍ഥികളും പരീക്ഷക്കെത്തിയില്ല എന്നാണ് എന്‍ടിഎ പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പറയുന്നത്.

മേയ് നാലിനാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന രഹസ്യവിവരം ബിഹാര്‍ പൊലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ നീറ്റ് പരീക്ഷക്കുള്ള നിരവധി അഡ്മിറ്റ് കാര്‍ഡുകളും പോസ്റ്റ് ഡേറ്റഡ് ചെക്കുകളും പട്‌നയിലെ ഒരു ഹോസ്റ്റലില്‍നിന്ന് കണ്ടെടുത്തു.

2016-ല്‍ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തിയ സഞ്ജീവ് മുഖ്യ എന്നയാളെയാണ് ഇപ്പോഴത്തെ ചോര്‍ത്തലിന് പിന്നില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തിരയുന്നത്. നളന്ദ സര്‍ക്കാര്‍ കോളജിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റാണ് സഞ്ജീവ് മുഖ്യ. മത്സരപ്പരീക്ഷകളുടെയെല്ലാം ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുക്കുന്ന ‘സോള്‍വര്‍ ഗ്യാങ്ങി‘ലെ പ്രധാനിയാണ് ഇയാള്‍.

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ബീഹാറില്‍ നിന്നും അറസ്റ്റിലായവര്‍ Screengrab, Copyright: PTI

10 ലക്ഷം മുതല്‍ 66 ലക്ഷം രൂപ വരെ ചോര്‍ത്തിയ നീറ്റ് ചോദ്യപേപ്പറിന് കൊടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 30 വിദ്യാര്‍ഥികളെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെല്ലാം ഗുജറാത്തിലെ ഗോധ്രയില്‍ വന്നാണ് പരീക്ഷ എഴുതിയത്. അധ്യാപകര്‍ തന്നെ ഉത്തരക്കടലാസുകളില്‍ ഉത്തരം അടയാളപ്പെടുത്തി കൊടുക്കുകയായിരുന്നു ഗോധ്രയില്‍.

വഡോദരയിലെ റോയ് ഓവര്‍സീസ് കോച്ചിങ് സെന്ററും പരീക്ഷ നടന്ന ജയ് ജല്‍റാം സ്‌കൂളും ഉള്‍പ്പെട്ട ചോര്‍ത്തലില്‍ അഞ്ച് പേരാണ് അറസ്റ്റിലായത്. ഗോധ്രയിലെ നീറ്റ് പരീക്ഷാ സെന്ററിലെത്തിയ പൊലീസ് സംഘം തുഷാര്‍ ഭട്ട് എന്ന അധ്യാപകനെ അറസ്റ്റ് ചെയ്തപ്പോള്‍, കൈയില്‍ ചോര്‍ത്തിയ പേപ്പര്‍ വാങ്ങിയ 26 വിദ്യാര്‍ഥികളുടെ പട്ടികയും ഏഴ് ലക്ഷം രൂപയുമുണ്ടായിരുന്നു.

പൊലീസിന് കിട്ടിയ പട്ടികയിലെ ആറ് വിദ്യാര്‍ഥികള്‍ ഗോധ്രയിലും 20 പേര്‍ തെര്‍മലിലും പരീക്ഷ എഴുതിയവരാണ്. തെര്‍മലില്‍ പരീക്ഷ എഴുതാന്‍ ബിഹാര്‍, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെല്ലാം വിദ്യാര്‍ഥികളെത്തിയിരുന്നു.

ഝജ്ജറില്‍ ആദ്യമായാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ഹര്‍ദയാല്‍ പബ്ലിക് സ്‌കൂള്‍, വിജയ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍, എസ്ആര്‍ സെഞ്ച്വറി പബ്ലിക് സ്‌കൂള്‍ എന്നിവയായിരുന്നു പരീക്ഷാ കേന്ദ്രങ്ങള്‍. ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയവരില്‍ ആറ് പേര്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. ബിജെപി നേതാവ് അനുരാധ യാദവിന്റെ ഉടമസ്ഥതയിലുള്ള സ്‌കൂളാണിത്.

നീറ്റ് വന്നവഴി

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ)യാണ് എല്ലാ സംസ്ഥാന, വ്യക്തിഗത കോളേജ് പ്രവേശന പരീക്ഷകള്‍ക്കും പകരമായി നീറ്റ് യുജി അവതരിപ്പിച്ചത്. രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക ഗേറ്റ്വേ എന്ന നിലയിലാണ് പരീക്ഷ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

2012ലായിരുന്നു നീറ്റ് യുജി നടത്താനുള്ള ആദ്യ ശ്രമം. എന്നാല്‍ സാങ്കേതികമായുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന എതിര്‍പ്പുകള്‍ കാരണം നീറ്റ് യുജി നിര്‍ത്തിവെക്കേണ്ടി വന്നു.

2013ല്‍ വീണ്ടും നീറ്റ് യുജി നടപ്പാക്കാനായി ശ്രമിച്ചു. തമിഴ്‌നാട് ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങള്‍ നീറ്റിന്റെ പ്രായോഗികതയിലും പിന്നാക്ക വിഭാഗങ്ങളുടെ പുറംന്തള്ളലിലും ആശങ്ക പ്രകടിപ്പിച്ചു. നീറ്റിന്റെ സാധുതയും നടപ്പാക്കലും ചോദ്യം ചെയ്ത് ഈ സംസ്ഥാനങ്ങളില്‍ നിന്ന് സുപ്രീം കോടതിയില്‍ വിവിധ ഹര്‍ജികള്‍ അക്കലത്ത് സമര്‍പ്പിക്കപ്പെട്ടു.

ദേശീയ പ്രവേശന പരീക്ഷ സംബന്ധിച്ച ഭരണഘടനാ സാധുതയെക്കുറിച്ചുള്ള വാദങ്ങള്‍ കോടതിക്ക് പരിഗണിക്കേണ്ടതായി വന്നു. ഇതോടെ നീറ്റ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 2016 ല്‍ പുറത്തുവന്ന ഒരു നിര്‍ണ്ണായക വിധിയിലൂടെയാണ് സുപ്രീം കോടതി നീറ്റ് യുജി പുനസ്ഥാപിക്കുന്നത്.

ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്കുള്ള ഏക പ്രവേശന പരീക്ഷയായി നിര്‍ബന്ധമാക്കുകയും ചെയ്തു. ഒന്നിലധികം പ്രവേശന പരീക്ഷകള്‍ ഇല്ലാതാക്കാനും പ്രവേശന പ്രക്രിയയിലെ അപാകതകള്‍ തടയാനുമാണ് വിധി നടപ്പാക്കിയത്.

നീറ്റില്‍ വിവിധ സംസ്ഥാങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നിലവില്‍ ഉയരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാന്‍ മത്സരപ്പരീക്ഷകളില്‍ ക്രമക്കേട് കാണിക്കുന്നവര്‍ക്ക് 10 വര്‍ഷംവരെ ജയില്‍ശിക്ഷയും ഒരു കോടി രൂപവരെ പിഴയും ലഭിക്കുന്ന പൊതുപരീക്ഷ (ക്രമക്കേട് തടയുന്നതിനുള്ള) നിയമ വിജ്ഞാപനം മൂന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

നിയമത്തിന്റെ പരിധിയില്‍ വരുന്ന എല്ലാ കുറ്റകൃത്യങ്ങളും ജാമ്യമില്ലാ കുറ്റങ്ങളായാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പൊതുപരീക്ഷകളിലെ സാധ്യമായ കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കള്‍ക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമത്തില്‍ വകുപ്പുകളുണ്ട്.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെയുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധം Screengrab, Copyright: SFI

കൂടാതെ ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്യാന്‍ അനുവദിക്കുകയോ അതില്‍ ഉള്‍പ്പെട്ടിരിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍, അയാള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷം വരെ തടവും 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കും. ഒരു നിയമം കൊണ്ട് പക്ഷേ, ഈ പ്രശ്നം പരിഹരിക്കപ്പെട്ടെക്കാം. എന്നാല്‍ പിന്നോക്ക, ന്യൂനപക്ഷ കുട്ടികളുടെ പ്രാതിനിധ്യം അപ്പോഴും ചോദ്യചിഹ്നമാണ്.

എന്‍ടിഎയുടെ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തുന്നതിനെ കുറിച്ച് ശിപാര്‍ശ ചെയ്യാനായി ഏഴംഗം സമിതിയേയും കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഏഴംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. പരീക്ഷാ നടത്തിപ്പില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ വേണ്ട മാറ്റങ്ങളെ കുറിച്ച് സമിതി ശിപാര്‍ശ നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ടിഎ പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളുണ്ടാകും.

നെറ്റിലും ക്രമക്കേട്

നീറ്റ് പരീക്ഷ ക്രമക്കേട് കത്തിനില്‍ക്കെയാണ് ജൂണ്‍ 18ന് നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയ പ്രഖ്യാപനം ഉണ്ടാകുന്നത്. പരീക്ഷയില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാണിച്ചാണ് റദ്ദാക്കിയത്. പരീക്ഷ നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നെന്നും ആറ് ലക്ഷം രൂപയ്ക്ക് ഡാര്‍ക്ക് വെബ്ബിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷാ പേപ്പര്‍ വിറ്റുവെന്നും സിബിഐ കണ്ടെത്തുകയും ചെയ്തു.

പുതിയ ഉന്നത വിദ്യാഭ്യാസ നയ പ്രകാരം ഗവേഷണത്തിനുള്ള മാനദണ്ഡവും ചേര്‍ത്തുകൊണ്ടാണ് ഇത്തവണ യുജിസി നെറ്റ് നടത്തിയത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ കണക്ക് പ്രകാരം 9,08,580 പേര്‍ പരീക്ഷ എഴുതിയിട്ടുണ്ട്.

ഇന്ത്യയിലുടനീളമുള്ള സര്‍വകലാശാലകളിലും കോളേജുകളിലും ‘അസിസ്റ്റന്റ് പ്രൊഫസര്‍’, ‘ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് ആന്‍ഡ് അസിസ്റ്റന്റ് പ്രൊഫസര്‍’ തുടങ്ങിയ സ്ഥാനങ്ങളിലേക്കുള്ള യോഗ്യത നിര്‍ണയിക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ യോഗ്യതാ പരീക്ഷയാണ് യുജിസി നെറ്റ് പരീക്ഷ.

കൂടാതെ, സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിനും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിനും കീഴിലുള്ളവ ഉള്‍പ്പെടെ നിരവധി ഫെലോഷിപ്പുകള്‍ക്കുള്ള യോഗ്യത നിര്‍ണയിക്കുന്നതും ഈ പരീക്ഷ വഴിയാണ്. ഈ ഫെലോഷിപ്പുകള്‍ക്കായി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഈ ടെസ്റ്റിലൂടെ യോഗ്യത നേടുകയും വേണം.

ബയോമെട്രിക് വെരിഫിക്കേഷന്‍, പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥ വിന്യാസം, ഫ്രിസ്‌ക്കിങ്ങ്, എല്ലാ പരീക്ഷാമുറികളിലും രണ്ടു ഇന്‍വിജിലേറ്റര്‍മാര്‍, സിസിടിവി ജാമറുകള്‍ തുടങ്ങി വലിയ സുരക്ഷാ സന്നാഹനങ്ങള്‍ ഒരുക്കിയിട്ടും, പരീക്ഷ നടത്തുന്നതിന്റെ മുന്‍പ് തന്നെ ചോദ്യ പേപ്പര്‍ ചോര്‍ന്നതോടെയും നെറ്റിലുളള വിശ്വാസ്യത കൂടി നഷ്ടപെടുന്നതായി പരീക്ഷ എഴുതിയവര്‍ ചൂണ്ടികാണിക്കുന്നു. പരീക്ഷ റദ്ദാക്കിയതിലൂടെ സൃഷ്ടിച്ച തൊഴില്‍ പ്രതിസന്ധിയെ കുറിച്ച് സര്‍ക്കാര്‍ ഒന്നും പറയാന്‍ തയ്യാറായിട്ടില്ല. പകരം കുറ്റമെല്ലാം ദേശീയ പരീക്ഷാ ഏജന്‍സിയുടെ തലയില്‍ കെട്ടിവെക്കുകയാണുണ്ടായത്.

മറ്റെല്ലാ മേഖലകളിലെന്നപോലെ വിദ്യാഭ്യാസ മേഖലയിലും ഫെഡറലിസം തകര്‍ത്ത് തങ്ങളുടെ അജണ്ടക്കനുസരിച്ച് കാര്യങ്ങള്‍ മാറ്റിയെടുക്കുക എന്നത് മോദി സര്‍ക്കാറിന്റെ ആദ്യഘട്ട പദ്ധതികളിലൊന്നായിരുന്നു. സിബിഎസ്ഇയിലും എന്‍സിഇആര്‍ടിയിലും യുജിസിയിലുമൊക്കെയുണ്ടായ സംഘ്പരിവാര്‍ അനുകൂല സിലബസ് പരിഷ്‌കാരം മാത്രമല്ല, മൊത്തം സംവിധാനത്തെതന്നെ ഹിന്ദുത്വയുടെ ഉപകരണമാക്കി മാറ്റാനാണ് അവര്‍ ശ്രമിക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയ ദിവസമേത്, തലയറുക്കപ്പെട്ടിട്ടും കുരുക്ഷേത്ര യുദ്ധം കണ്ട യോദ്ധാവ് ആര്, രാമചരിത മാനസത്തില്‍ ഹനുമാന്‍ ഏത് ഖണ്ഡത്തിലാണ് പ്രത്യക്ഷപ്പെടുന്നത് തുടങ്ങിയ റദ്ദാക്കിയ നെറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ തന്നെ പുതിയ ഉദാഹരണമായെടുക്കാം.

FAQs

എന്താണ് നീറ്റ്?

ഇന്ത്യയിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലും എംബിബിസ്, ബിഡിഎസ്, ബിയുഎംഎസ്, ബിഎഎംഎസ് തുടങ്ങിയ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നതിനായുള്ള ഒരു യോഗ്യതാ പരീക്ഷയാണ് നീറ്റ്. രജിസ്‌ട്രേഷന്‍ മുതല്‍ പരീക്ഷ നടത്തി ഫലം പുറത്തു വിടുന്നത് വരെയുള്ള നീറ്റ് പരീക്ഷയുടെ പൂര്‍ണ ചുമതല നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി എന്ന സ്വതന്ത്ര സ്ഥാപനത്തിനാണ്.

എന്താണ് നെറ്റ്?

യൂണിവേഴ്സിറ്റി ​ഗ്രാന്റ്സ് കമ്മീഷൻ മാനവിക വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ് എന്നിവയ്ക്ക് നടത്തുന്ന ദേശീയ യോ​ഗ്യത നിർണയ പരീക്ഷയാണ് നെറ്റ് (നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്). അധ്യാപന, ​ഗവേഷണ മേഖലയിലേക്ക് പ്രവേശിക്കുന്നവർക്കുള്ള മിനിമം യോ​ഗ്യത നിർണയിക്കുന്ന നെറ്റ് പരീക്ഷ നടത്തുന്നത് നാഷണൽ എജ്യുക്കേഷൻ ടെസ്റ്റിം​ഗ് ഏജൻസിയാണ്.

ആരാണ് എംകെ സ്റ്റാലിന്‍?

തമിഴ്‌നാടിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രസിഡന്റുമാണ് എംകെ സ്റ്റാലിൻ എന്ന മുത്തുവേൽ കരുണാനിധി സ്റ്റാലിൻ. 1996 മുതൽ 2002 വരെ ചെന്നൈ നഗരസഭയുടെ 37-ാമത് മേയറായും 2009 മുതൽ 2011 വരെ തമിഴ്‌നാടിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

Quotes

“ലോകത്തെ മാറ്റിമറിക്കാന്‍ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം- നെൽസൺ മണ്ടേല.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.