Sat. Jan 18th, 2025

 

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും സാനിയയും തമ്മില്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി മുന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സാനിയയുടെ പ്രതികരണം.

ക്ഷമയോടെയിരിക്കാനാണ് ആളുകളോട് സാനിയയുടെ ഉപദേശം. ‘ക്ഷമയാണ് ഉത്തരം….എല്ലായിപ്പോഴും ക്ഷമ കാണിക്കൂ….’-എന്നാണ് സാനിയ കുറിച്ചത്. ഇതിലൂടെ എന്താണ് സാനിയ ഉദ്ദേശിച്ചത് എന്നത് വ്യക്തമല്ല.

പാകിസ്താന്‍ ക്രിക്കറ്റര്‍ ശുഐബ് മാലികുമായി മാസങ്ങള്‍ക്ക് മുമ്പ് വിവാഹ ബന്ധം വേര്‍പ്പെടുത്തിയ സാനിയ മിര്‍സയും ഹസിന്‍ ജഹാനുമായി പിരിഞ്ഞ മുഹമ്മദ് ഷമിയും ഒന്നിക്കുന്നെന്നാണ് പ്രചാരണമുണ്ടായത്. വ്യാജ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

സാനിയയും ശുഐബ് മാലികും തമ്മിലുള്ള വിവാഹ ചിത്രം എഡിറ്റ് ചെയ്ത് ഷമിയുടെ ചിത്രം ചേര്‍ത്തായിരുന്നു പ്രചാരണം. പ്രചാരണം ശക്തമായതോടെ കഴിഞ്ഞ ദിവസം വിവാഹ വാര്‍ത്ത നിഷേധിച്ച് സാനിയയുടെ പിതാവ് ഇംറാന്‍ മിര്‍സ രംഗത്തുവന്നിരുന്നു. പ്രചരിക്കുന്നതെല്ലാം അസംബന്ധമാണെന്നും സാനിയ ഷമിയെ കണ്ടിട്ടുകൂടിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ഹജ്ജ് കര്‍മം നിര്‍വഹിച്ചതിന് ശേഷം സൗദി അറേബ്യയില്‍ തുടരുകയാണ് സാനിയ. ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പൊറുത്തു തരണമെന്നും കുറിപ്പില്‍ അഭ്യര്‍ഥിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം മക്കയില്‍നിന്നുള്ള ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്നു.