തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി വി ശിവന്‍കുട്ടി ചര്‍ച്ച നടത്തും. 25ന് ഉച്ചക്ക് സെക്രട്ടേറിയറ്റില്‍ വെച്ചാണ് സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുക. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രി ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്.
പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി എസ്എഫ്‌ഐയും രംഗത്തെത്തിയിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, ചേരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.
അതേസമയം, മലബാറില്‍ ഇതുവരെ പ്ലസ് വണ്‍ സീറ്റ് ലഭിക്കാത്ത വിദ്യാര്‍ഥികളുടെ കണക്ക് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പുറത്തുവിട്ടിരുന്നു. 83,133 കുട്ടികളാണ് പ്ലസ് വണ്ണില്‍ പ്രവേശനം കിട്ടാതെ സീറ്റിനായി കാത്തിരിക്കുന്നത്.
മലപ്പുറത്ത് മാത്രം 31,482 കുട്ടികള്‍ക്ക് പ്രവേശനം ലഭിച്ചില്ല. പാലക്കാട് 17,399 ഉം കോഴിക്കോട് 16101 പേര്‍ക്കും അഡ്മിഷന്‍ ലഭിച്ചില്ല.
മെറിറ്റ് സീറ്റ്, അണ്‍ എയ്ഡഡ് സീറ്റുകള്‍, മാനേജ്മെന്റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്പോട്സ് ക്വാട്ട, എംആര്‍എസ് ക്വാട്ട എന്നിവയില്‍ പ്രവേശനം നേടിയവരുടെതടക്കമുള്ള കണക്കാണ് പുറത്ത് വിട്ടത്. പുതിയ ലിസ്റ്റില്‍ ഒരോ ഇനത്തിലും എത്ര ഒഴിവുണ്ടെന്ന് രേഖപ്പെടുത്തിയിട്ടില്ല.