Sun. Nov 17th, 2024

 

തിരുവനന്തപുരം: മാനന്തവാടി എംഎല്‍എയായ ഒആര്‍ കേളു സംസ്ഥാന മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ മന്ത്രിയായി ചുമതലയേറ്റാണ് കേളു രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭാഗമായത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ മന്ത്രിയായി കേളു ചുമതലയേല്‍ക്കുന്നത്. വയനാട്ടില്‍ നിന്ന് മന്ത്രിയാകുന്ന ആദ്യത്തെ സിപിഎം ജനപ്രതിനിധിയാണ് കേളു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും.

ഒആര്‍ കേളു എംഎല്‍എയുടെ പിതാവ് ഓലഞ്ചേരി രാമന്‍, ഇളയമ്മ കീര, ഭാര്യ പികെ ശാന്ത, സഹോദരങ്ങളായ ഒആര്‍ രവി, ഒആര്‍ ലീല, ഒആര്‍ ചന്ദ്രന്‍, മക്കളായ സികെ മിഥുന, സികെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയിരുന്നു.

സത്യപ്രതിജ്ഞ ചടങ്ങിന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എത്തിയിരുന്നില്ല. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി ഗണേഷ് കുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങും പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.