പ്രമുഖ കമ്പനിയായ നെസ്ലെയുടെ ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് ബ്രാന്‍ഡ് ആയ മാഗിയുടെ ലോകത്തെ ഏറ്റവും വലിയ വിപണിയും
കമ്പനിയുടെ മറ്റൊരു ഉല്‍പ്പന്നമായ കിറ്റ് കാറ്റിന്റെ ലോകത്തെ രണ്ടാമത്തെ വിപണിയും ഇന്ത്യയെന്ന് റിപ്പോർട്ട്.
വിപണിയിലെ ഡിമാൻഡ്, നവീകരണം തുടങ്ങിയ കാര്യങ്ങളാണ് ഈയൊരു വളർച്ചക്ക് സഹായിച്ചതെന്ന് നെസ്ലയുടെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയെന്നും 2023-24 സാമ്പത്തിക വര്‍ഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 600 കോടി മാഗി പാക്കറ്റാണ് 2024 ൽ ഇന്ത്യയിൽ വിറ്റത്. നെസ്ലെ ഓട്ട്‌സ് മാഗി, കൊറിയന്‍ ന്യൂഡില്‍സ് വിവിധ മസാല ന്യൂഡില്‍സുകള്‍ എന്നിവ അടുത്തിടെ കമ്പനി വിപണിയിൽ അവതരിപ്പിച്ചിരുന്നു.
അനുവദനീയമായ അളവില്‍ കൂടുതല്‍ ലെഡ് ഉണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ മാഗി നിരോധിച്ചിരുന്നു. അഞ്ചുമാസത്തിന് ശേഷം വീണ്ടും വിപണിയില്‍ തിരിച്ചെത്തിയ മാഗിയുടെ ഡിമാന്റ് വര്‍ധിക്കുകയായിരുന്നു