Wed. Dec 18th, 2024

മുബൈ: വിശാല്‍ഗഡ് ഫോര്‍ട്ട് വളപ്പിനുള്ളിലെ ദര്‍ഗയില്‍ ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി അസംബന്ധമെന്ന് ബോംബെ ഹൈക്കോടതി. ബക്രീദ് ദിനത്തില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യാനുള്ള അനുമതിയും ഹൈക്കോടതി നല്‍കി.

ഹജ്രത്ത് പീര്‍ മാലിക് രെഹാന്‍ മീരാ സാഹിബ് ദര്‍ഗ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസുമാരായ ബിപി കൊളബാവല്ല, ഫിര്‍ദോഷ് പൂനിവാല എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. വിശാലഗഡ് കോട്ട മേഖലയില്‍ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച പുരാവസ്തു, മ്യൂസിയം ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിയെ തുടര്‍ന്നാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്.

ബക്രീദ് ദിനത്തിലും ജൂണ്‍ 17 മുതല്‍ 21 വരെ ആരംഭിക്കുന്ന നാല് ദിവസത്തെ ഉറൂസിലും ദര്‍ഗയില്‍ മൃഗങ്ങളെ ബലി അര്‍പ്പിക്കുന്ന പഴയ രീതി തുടരാനും ട്രസ്റ്റ് അനുമതി തേടുകയായിരുന്നു.

രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷവും വിദ്വേഷവും സൃഷ്ടിച്ച് പ്രദേശത്തെ സാമുദായിക അന്തരീക്ഷവും സാമൂഹിക സൗഹാര്‍ദവും തകര്‍ക്കാന്‍ നിരവധി വലതുപക്ഷ സംഘടനകള്‍ ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകരായ എസ്ബി തലേക്കറും മാധവി അയ്യപ്പനും വാദിച്ചു.

എന്നാല്‍ 333 ഏക്കറുള്ള വിശാലഗഡ് കോട്ട മുഴുവനായും സംരക്ഷിത സ്മാരകം ആണെന്നും കശാപ്പ് അനുവദിക്കാനാവില്ലെന്നുമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുള്ള അഭിഭാഷകര്‍ മറുവാദം ഉന്നയിച്ചത്.

1999-ല്‍ വിശാലഗഡ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചപ്പോള്‍, 2023 ഫെബ്രുവരി വരെ കശാപ്പ് പ്രവര്‍ത്തനങ്ങള്‍ പ്രശ്നമില്ലാതെ തുടര്‍ന്നുവെന്ന് ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്ന് ജൂണ്‍ 17ന് ബക്രി ഈദിനും ജൂണ്‍ 21 വരെയും കശാപ്പ് നടത്താന്‍ ഹരജിക്കാര്‍ക്ക് അനുമതി നല്‍ക്കുകയായിരുന്നു. തുറസായ സ്ഥലങ്ങളിലോ പൊതുസ്ഥലങ്ങളിലോ അല്ല സ്വകാര്യ ഭൂമിയിലാണ് കശാപ്പ് നടത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.