Sat. Jan 18th, 2025

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നാണ് ബാബരി മസ്ജിദിന്റെ പേര് ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നതിന് പകരം ‘മൂന്ന് താഴികക്കുടങ്ങളുള്ള കെട്ടിടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

16-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ജനറല്‍ മിര്‍ ബാഖി പണികഴിപ്പിച്ച മസ്ജിദ് എന്നാണ് പഴയ പാഠപുസ്തകം ബാബറി മസ്ജിദിനെ പരിചയപ്പെടുത്തിയിരുന്നത്. ഇപ്പോള്‍, ‘ശ്രീരാമന്റെ ജന്മസ്ഥലത്ത് 1528-ല്‍ നിര്‍മ്മിച്ച മൂന്ന് താഴികക്കുടങ്ങളുള്ള നിര്‍മ്മിതി. ഘടനയില്‍ ഹിന്ദു ചിഹ്നങ്ങളുടെയും അവശിഷ്ടങ്ങളുടെയും ദൃശ്യമായ പ്രദര്‍ശനങ്ങള്‍ അതിന്റെ അകത്തളങ്ങളിലും ബാഹ്യ ഭാഗങ്ങളിലും ഉണ്ടായിരുന്നു’, എന്നാക്കി മാറ്റിയിരിക്കുന്നു.

അതേസമയം, ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളും പുസ്തകത്തില്‍ നിന്നും ഒഴിവാക്കി. ബാബരിയെക്കുറിച്ച് പറയുന്ന ഭാഗങ്ങള്‍ വെട്ടി നാലു പേജില്‍നിന്ന് രണ്ട് പേജാക്കിയാണ് കുറച്ചത്.

ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യയിലേക്ക് ബിജെപി നടത്തിയ രഥയാത്ര, കര്‍സേവകരുടെ പങ്ക്, ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്, അയോധ്യയിലെ സംഭവങ്ങളില്‍ ബിജെപി നടത്തിയ ഖേദ പ്രകടനം എന്നിവ വെട്ടിമാറ്റിയവയില്‍ ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് എതിരായ സുപ്രിംകോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല.

കഴിഞ്ഞയാഴ്ചയാണ് പാഠപുസ്തകം പുറത്തിറക്കിയത്. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എന്‍സിആര്‍ടി അറിയിച്ചു.