Wed. Dec 18th, 2024

 

 

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കി ടെസ്‌ല സിഇഒ ഇലോണ്‍ മസ്‌ക്. അതുകൊണ്ട് തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഇവിഎമ്മുകളുടെ ഉപയോഗം സംബന്ധിച്ച് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മസ്‌കിന്റെ പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്. ഏറ്റവുമൊടുവിലായി ഇവിഎം ഉപയോഗിച്ച് നടന്ന പോര്‍ട്ടോ റിക്കോയിലെ പ്രൈമറി തിരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മസ്‌കിന്റെ പ്രതികരണം.

‘ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം. അത് മനുഷ്യരോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സോ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ട്.’, പോര്‍ട്ടോ റിക്കോയിലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകളെ സംബന്ധിച്ച് പോസ്റ്റ് പങ്കുവെച്ച് മസ്‌ക് എക്‌സില്‍ കുറിച്ചു.

മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ മരുമകനായ റോബര്‍ട്ട് എഫ് കെന്നഡിയുടെ പോസ്റ്റാണ് മസ്‌ക് പങ്കുവെച്ചത്. അസോസിയേറ്റ് പ്രസ് പറയുന്നതനുസരിച്ച് പ്യൂര്‍ട്ടോ റിക്കോയിലെ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ നടന്നു. അവിടെ ബാലറ്റ് പേപ്പറുകള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ പ്രശ്‌നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു. ഇത്തരം സംവിധാനം ഇല്ലാത്ത സ്ഥലങ്ങളില്‍ എന്ത് ചെയ്യും. അതുകൊണ്ട് ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്ന് റോബര്‍ട്ട് എഫ് കെന്നഡി ആവശ്യപ്പെട്ടു.

താന്‍ അധികാരത്തിലെത്തുകയാണെങ്കില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്നും ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുമെന്നും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കൂടിയായ ജോണ്‍ എഫ് കെന്നഡി കൂട്ടിച്ചേര്‍ത്തു.