Sat. Jan 18th, 2025

ലഭ്യമായിട്ടുള്ള കണക്കില്‍ 983 കെട്ടിടങ്ങളില്‍ ഏറ്റവും കുറഞ്ഞ സുരക്ഷാ സംവിധാനങ്ങളില്ല. 2277 കെട്ടിടങ്ങളില്‍ 614 കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇതില്‍ 247 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് ഏറ്റവും കുറഞ്ഞ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ പലകാലങ്ങളിലായി പ്രവാസികളായ 23 പേരുടെ ചേതനയറ്റ ശരീരങ്ങളാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും കൂടി ചേര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ഏറ്റുവാങ്ങിയത്. കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തിലാണ് ഈ മരണങ്ങള്‍ സംഭവിക്കുന്നത്. ആകെ 49 പേരാണ് അപകടത്തില്‍ മരിച്ചത്. 45 പേര്‍ ഇന്ത്യക്കാരാണ്.

മലയാളിയായ കെജെ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ലേബര്‍ ക്യാമ്പിലാണ് അപകടം നടക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് കുവൈറ്റ് ജനറല്‍ ഫയര്‍ ഫോഴ്‌സ് അറിയിച്ചിരിക്കുന്നത്. സെക്യൂരിറ്റി കാബിനില്‍ നിന്ന് തീ പടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ടിന് ഇടയാക്കി. ഇതോടെ സുരക്ഷിതമല്ലാതെ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകളിലേക്കും തീ പടര്‍ന്നു. തുടര്‍ന്ന് വലിയൊരു ദുരന്തത്തിന് കാരണമാവുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ Screengrab, Copyright: The Economic Times

പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റില്‍ നടന്നതെന്നും ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ കുവൈറ്റ് സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് പറയുകയുണ്ടായി. ഇതേ സാഹചര്യത്തിലൂടെയാണ് കേരളത്തിലെ കെട്ടിടങ്ങളും കടന്നുപോകുന്നത് എന്ന് മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയാണ്.

2016 മാര്‍ച്ചില്‍ അന്നത്തെ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ലോക്നാഥ് ബെഹ്റ കേരളത്തിലെ കെട്ടിടങ്ങള്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ച് ഒരു സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയുണ്ടായി. സര്‍ക്കുലര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍
എല്ലാ ഡിവിഷണല്‍ ഓഫീസര്‍മാരോടും അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍മാരോടും ആവശ്യപ്പെടുകയും ചെയ്തു. 30 ദിവസത്തിനകം കെട്ടിടങ്ങള്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. സര്‍ക്കുലര്‍ നടപ്പായി എട്ടു വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാനത്തെ കെട്ടിടങ്ങള്‍ പൂര്‍ണമായും ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നില്ലാ എന്നാണ് കസര്‍ഗോഡ് സ്വദേശിയും എംഎസ്ഡബ്യൂ വിദ്യാര്‍ഥിയുമായ ശില്‍പരാജ് നല്‍കിയ നിരവധി ആര്‍ടിഐകള്‍ പരിശോധിച്ചാല്‍ മനസ്സിലാവുന്നത്.

നിലവില്‍ സംസ്ഥാനത്ത് 129 അഗ്‌നിരക്ഷാ നിലയങ്ങളുണ്ട്. മൊത്തം നിലയങ്ങള്‍ക്ക് കീഴിലായി ആയിരക്കണക്കിന് ചെറുതും വലുതുമായ കെട്ടിടങ്ങളുമുണ്ട്. ശില്‍പരാജ് നല്‍കിയ ആര്‍ടിഐകള്‍ക്ക് 28 അഗ്‌നിരക്ഷാ നിലയങ്ങള്‍ മറുപടി നല്‍കിയിട്ടുണ്ട്. അതുപ്രകാരം 28 അഗ്‌നിരക്ഷാ നിലയങ്ങള്‍ക്ക് കീഴിലായി മൊത്തം 2277 കെട്ടിടങ്ങളാണുള്ളത്. ഇതില്‍ 1294 കെട്ടിടങ്ങളില്‍ മാത്രമാണ് ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന നിര്‍ദേശം പാലിക്കപ്പെട്ടിട്ടുള്ളത്. ലഭ്യമായിട്ടുള്ള കണക്കില്‍ 983 കെട്ടിടങ്ങളില്‍ ഏറ്റവും കുറഞ്ഞ സുരക്ഷാ സംവിധാനങ്ങളില്ല. 2277 കെട്ടിടങ്ങളില്‍ 614 കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ഇതില്‍ 247 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ് ഏറ്റവും കുറഞ്ഞ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.

19 അഗ്‌നിരക്ഷാ നിലയങ്ങള്‍ കൊടുത്ത ആര്‍ടിഐ മറുപടികള്‍ വോക്ക് മലയാളത്തിന് ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് വിവിധ തരം കെട്ടിടങ്ങള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ലോക്നാഥ് ബെഹ്റ Screengrab, Copyright: Facebook

‘ഏതൊരു സമൂഹത്തിലും പൊതു സുരക്ഷ പ്രധാനമാണ്. ഇന്ത്യയെപ്പോലെ ഒരു ജനാധിപത്യ രാജ്യത്ത് തീ, വെള്ളപ്പൊക്കം, പ്രകൃതി ദുരന്തങ്ങള്‍ മുതലായവയില്‍ നിന്ന് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഈ തത്ത്വശാസ്ത്രം പരിഗണിച്ച് വിവിധ നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്നിട്ടുണ്ട്.’, നിലവിലുള്ള കെട്ടിടങ്ങളുടെ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച സര്‍ക്കുലറിന്റെ തുടക്കത്തില്‍ ഇങ്ങനെയാണ് ലോക്നാഥ് ബെഹ്റ പറഞ്ഞിരിക്കുന്നത്.

സര്‍ക്കുലരിലെ രണ്ടാമത്തെ നിര്‍ദേശം ഇങ്ങനെയാണ്; തീപിടുത്തത്തിലെ അപകട സാധ്യതകള്‍ കണക്കിലെടുത്ത് കെട്ടിടങ്ങളില്‍ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് വളരെ നിര്‍ണായകമാണ്. അതുവഴി അഗ്‌നിമൂലമുള്ള അപകടങ്ങള്‍ തടയാനും ജീവനും സ്വത്തിനും നഷ്ടം സംഭവിക്കാതെ കൈകാര്യം ചെയ്യാനും കഴിയും.

‘റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപങ്ങള്‍, ആശുപത്രികള്‍, മീറ്റിംഗ് ഹാളുകള്‍ ഉള്‍പ്പെട്ട കെട്ടിടങ്ങള്‍, അപകടകരമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ മുതലായവ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അഗ്‌നിബാധയെ ചെറുക്കന്‍ മിക്ക കെട്ടിടങ്ങളിലും അഗ്‌നിസുരക്ഷാ നടപടികള്‍ അപര്യാപ്തമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഓരോ തരം കെട്ടിടങ്ങളും പാലിക്കേണ്ട സുരക്ഷാ സൂചനകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിവിധ തരത്തിലുള്ള അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ തീര്‍ച്ചയായും ഓരോ തരം കെട്ടിടങ്ങളും പാലിക്കണം (സുരക്ഷാ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ ലിങ്ക് പരിശോധിക്കുക).’, മൂന്നാമത്തെ നിര്‍ദേശം ഇങ്ങനെയാണ്.

‘കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ അല്ലെങ്കില്‍ അസോസിയേഷനുകള്‍ അല്ലെങ്കില്‍ ഉടമസ്ഥര്‍ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ആവശ്യപ്പെട്ടാല്‍ സൗജന്യ ഗൈഡന്‍സും പരിശീലനവും നല്‍കും.’, ഇതാണ് നാലാമത്തെ നിര്‍ദേശം.

വിവിധ കെട്ടിടങ്ങളുമായി ബന്ധപ്പെടാനും സുരക്ഷാ നിര്‍ദേശങ്ങള്‍ സഹിതമുള്ള കത്തുകളും അറിയിപ്പുകളും കൈമാറാനും എല്ലാ ഡിവിഷണല്‍ ഓഫീസര്‍മാരോടും അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍മാരോടും ഡിജി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. നിര്‍ദേശങ്ങള്‍ 30 ദിവസത്തിനുള്ളില്‍ നടപ്പാക്കാനും രേഖാമൂലം അറിയിക്കാനും ഡിജി ആവശ്യപ്പെടുന്നുണ്ട്. നിര്‍ദേശങ്ങള്‍ നല്‍കിയതിനു ശേഷം വീണ്ടും പരിശോധനകള്‍ നടത്തുകയും അവ പാലിക്കുന്നില്ലെങ്കില്‍, ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അഗ്‌നിരക്ഷാ വകുപ്പിന്റെ ആസ്ഥാനത്തേക്ക് റിപ്പോട്ട് അയയ്ക്കുകയും വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, വിദ്യാഭ്യാസ കെട്ടിടങ്ങള്‍, സ്ഥാപന കെട്ടിടങ്ങള്‍, നിയമസഭാ കെട്ടിടങ്ങള്‍, മള്‍ട്ടിപ്ലക്‌സ് കെട്ടിടങ്ങള്‍, ബിസിനസ് കെട്ടിടങ്ങള്‍, വ്യാപാര കെട്ടിടങ്ങള്‍, വ്യാവസായിക കെട്ടിടങ്ങള്‍, സംഭരണ കെട്ടിടങ്ങള്‍, അപകടകരമായ കെട്ടിടങ്ങള്‍ എന്നീ 10 തരങ്ങളില്‍പ്പെടുന്ന കെട്ടിടങ്ങളാണ് കേരളത്തില്‍ പൊതുവായുള്ളത്. ഇത്തരം കെട്ടിടങ്ങള്‍ പാലിക്കേണ്ട വ്യത്യസ്ത മാര്‍ഗനിര്‍ദേശങ്ങളാണ് 2016 ല്‍ പുറപ്പെടുവിച്ചത്.

ഇനി നേരത്തെ പറഞ്ഞ 19 അഗ്‌നിരക്ഷാ നിലയങ്ങളുടെ പരിധിയില്‍ വരുന്ന ഈ പത്തു തരം കെട്ടിടങ്ങള്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് എത്രത്തോളമാണെന്ന് നോക്കാം.

പിറവം അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 25 കെട്ടിടങ്ങള്‍ ആണുള്ളത്. ഇതില്‍ അഞ്ചി കെട്ടിടങ്ങള്‍ 50 ശതമാനം മാത്രമേ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുള്ളൂ. ബാക്കിയുള്ള കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്.

കടുത്തുരുത്തി അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 29 കെട്ടിടങ്ങള്‍ ആണുള്ളത്. ഇതില്‍ 13 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. ബാക്കി 16 കെട്ടിടങ്ങള്‍ 50 ശതമാനം മാത്രമേ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുള്ളൂ.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

വെഞ്ഞാറമ്മൂട് അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 112 കെട്ടിടങ്ങളുണ്ട്. ഇതില്‍ 40 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. 23 കെട്ടിടങ്ങള്‍ 50 ശതമാനം മാത്രമേ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുള്ളൂ. അഞ്ചു റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, 16 വിദ്യാഭ്യാസ കെട്ടിടങ്ങള്‍, ഒരു സ്ഥാപന കെട്ടിടം, 13 നിയമസഭ കെട്ടിടങ്ങള്‍, രണ്ട് ബിസിനസ് കെട്ടിടങ്ങള്‍, ഏഴ് വ്യാപാര കെട്ടിടങ്ങള്‍, മൂന്ന് വ്യാവസായിക കെട്ടിടങ്ങള്‍, രണ്ട് സംഭരണ കെട്ടിടങ്ങള്‍ എന്നിവ 50 ശതമാനം പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

മുവാറ്റുപുഴ അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ എത്ര കെട്ടിടങ്ങള്‍ ഉണ്ടെന്ന കണക്ക് സ്റ്റേഷനില്‍ ലഭ്യമല്ല. എന്നാല്‍ 129 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ആര്‍ടിഐക്ക് നല്‍കിയ മറുപടിയില്‍ പറയുന്നുണ്ട്. ബാക്കിയുള്ള വിവരങ്ങള്‍ ലഭ്യമല്ല.

അടിമാലി അഗ്‌നിരക്ഷാ നിലയത്തിലും ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ കെട്ടിടങ്ങളുടെ കണക്കുകള്‍ ഇല്ല. ഒരു മള്‍ട്ടിപ്ലക്‌സ് കെട്ടിടം ഉണ്ടെന്ന് വിവരാവകാശത്തിന്റെ മറുപടിയില്‍ കൊടുത്തിട്ടുണ്ട്. സ്റ്റേഷന്റെ കീഴില്‍ 33 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. ഒരു കെട്ടിടം 50 ശതമാനവും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

പാറശ്ശാല അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 55 കെട്ടിടങ്ങളുണ്ട്. ഇതില്‍ 25 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. 30 കെട്ടിടങ്ങള്‍ 50 ശതമാനം മാത്രമേ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുള്ളൂ.

അരൂര്‍ അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 113 കെട്ടിടങ്ങളുണ്ട്. 28 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. ബാക്കിയുള്ള ഒറ്റ കെട്ടിടങ്ങളും 50 ശതമാനം പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഇതില്‍ 56 എണ്ണം വ്യാവസായിക കെട്ടിടങ്ങളും എട്ടെണ്ണം സംഭരണ കെട്ടിടങ്ങളും മൂന്നെണ്ണം അപകടകരമായ കെട്ടിടങ്ങളുമാണ്.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

തകഴി അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 54 കെട്ടിടങ്ങളുണ്ട്. 34 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. മൂന്ന് കെട്ടിടങ്ങളില്‍ മാത്രമേ 50 ശതമാനം സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പക്കിയിട്ടുള്ളൂ. 17 കെട്ടിടങ്ങള്‍ 50 ശതമാനം പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടില്ല.

വര്‍ക്കല അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 64 കെട്ടിടങ്ങളുണ്ട്. 30 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. ബാക്കിയുള്ള 34 കെട്ടിടങ്ങള്‍ 50 ശതമാനം പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടില്ല.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

കൊല്ലം അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 130 കെട്ടിടങ്ങളുണ്ട്. 82 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. 16 കെട്ടിടങ്ങള്‍ 50 ശതമാനം സുരക്ഷാ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള 32 കെട്ടിടങ്ങള്‍ 50 ശതമാനം പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടില്ല.

കുണ്ടറ അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 41 കെട്ടിടങ്ങളുണ്ട്. 26 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. 11 കെട്ടിടങ്ങള്‍ 50 ശതമാനം സുരക്ഷാ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. നാല് കെട്ടിടങ്ങള്‍ 50 ശതമാനം പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടില്ല.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

പത്തനാപുരം അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ ആകെ 19 കെട്ടിടങ്ങളെ ഉള്ളൂ എന്നാണ് സ്റ്റേഷന്‍ അധികൃതര്‍ പറയുന്നത്. ഇതില്‍ 13 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. 50 ശതമാനം സുരക്ഷാ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുള്ള കെട്ടിടങ്ങള്‍ ഇല്ലെന്നാണ് വിവരാവകാശ മറുപടിയില്‍ പറയുന്നത്.

കൊട്ടരക്കര അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 160 കെട്ടിടങ്ങളുണ്ട്. 91 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. ബാക്കിയുള്ളവ 50 ശതമാനം പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടില്ല.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

പൂവാര്‍ അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 97 കെട്ടിടങ്ങളുണ്ട്. 26 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. ഒമ്പത് കെട്ടിടങ്ങള്‍ 50 ശതമാനം സുരക്ഷാ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ള 62 കെട്ടിടങ്ങള്‍ 50 ശതമാനം പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടില്ല.

മലപ്പുറം ജില്ലാ അഗ്‌നി രക്ഷാ ഓഫീസറുടെ ഓഫീസിലും അദ്ദേഹത്തിന്റെ അധികാര പരിധിയിലുള്ള നിലയങ്ങളിലും കെട്ടിടങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിച്ചിട്ടില്ലാ എന്നാണ് വിവരാവകാശത്തിനുള്ള മറുപടിയില്‍ പറഞ്ഞത്.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

പാല അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 159 കെട്ടിടങ്ങളുണ്ട്. എല്ലാ കെട്ടിടങ്ങളും പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട് എന്നാണ് വിവാവകാശത്തിനുള്ള മറുപടിയില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

കൊയിലാണ്ടി അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 75 കെട്ടിടങ്ങളുണ്ട്. 44 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. 31 കെട്ടിടങ്ങള്‍ 50 ശതമാനം സുരക്ഷാ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 20 കെട്ടിടങ്ങളുണ്ട്. എല്ലാ കെട്ടിടങ്ങളും പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നാണ് സ്റ്റേഷന്‍ ഓഫീസര്‍ പറയുന്നത്.

മാവേലിക്കര അഗ്‌നിരക്ഷാ നിലയത്തിന്റെ പരിധിയില്‍ ഏറ്റവും കുറഞ്ഞ അഗ്‌നി സുരക്ഷ സംവിധാനം ബാധകമായ 128 കെട്ടിടങ്ങലുണ്ട്. 30 കെട്ടിടങ്ങള്‍ പൂര്‍ണമായും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ട്. 25 കെട്ടിടങ്ങള്‍ 50 ശതമാനം സുരക്ഷാ നിര്‍ദേശങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. 73 കെട്ടിടങ്ങള്‍ 50 ശതമാനം പോലും സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കിയിട്ടില്ല. ഇതില്‍ തന്നെ 35 കെട്ടിടങ്ങള്‍ വ്യാപാര കെട്ടിടങ്ങളും 10 എണ്ണം വ്യാവസായിക കെട്ടിടങ്ങളുമാണ്. അഞ്ച് സംഭരണ കെട്ടിടങ്ങളും ഉള്‍പ്പെടും.

ആര്‍ടിഐ പ്രകാരം ലഭിച്ച മറുപടി Screengrab, Copyright: Shilparaj

ലോകനാഥ് ബെഹ്‌റ സര്‍ക്കുലര്‍ ഇറക്കിയതിന്റെ പിറ്റേ വര്‍ഷം അതായത് 2017ല്‍ കേരളത്തിലെ 11 മുതല്‍ 92 ശതമാനം വരെ ബഹുനില കെട്ടിടങ്ങള്‍ അഗ്‌നിസുരക്ഷാ വകുപ്പ് നല്‍കുന്ന എന്‍ഒസി പുതുക്കിയിട്ടില്ലെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറലി(സിഎജി)ന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്‍ഒസിയുടെ രജിസ്റ്റര്‍ അഗ്‌നിശമന സേനാ കേന്ദ്രങ്ങളില്‍ സൂക്ഷിക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടിരുന്നില്ല. 32 കെട്ടിടങ്ങളില്‍ അഗ്‌നിശമന ഉപകരണങ്ങളോ അനുബന്ധ സംവിധാനങ്ങളോ ഇല്ല. ഇവിടെ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ അഗ്‌നിശമന രക്ഷാ വകുപ്പ് പരാജയപ്പെട്ടു. മാത്രമല്ല, ഇവിടെ അഗ്‌നി ബാധമൂലമുള്ള ഗുരുതര അപകടസാധ്യത നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത 1589 കെട്ടിടങ്ങള്‍ക്ക് അഗ്‌നിശമന സുരക്ഷാ വകുപ്പ് നോട്ടീസ് നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. അഗ്‌നിശമന സുരക്ഷാ വകുപ്പിന്റെ ഓഡിറ്റില്‍ എറണാകുളത്തെ 16 കെട്ടിടങ്ങളില്‍ മുന്‍പ് കണ്ടെത്തിയ സുരക്ഷാ പോരായ്മകള്‍ പരിഹരിക്കാതെ തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാനായില്ലെന്നും സിഎജി വിമര്‍ശിച്ചിരുന്നു.

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് കേരളം അഗ്‌നിശമന സേനാ നിയമം രൂപീകരിക്കാത്തതാണ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചക്ക് കാരണമെന്ന വിമര്‍ശവും സിഎജി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നു. 1962 ലെ അഗ്‌നിശമന സേനാ നിയമമാണ് ഇന്നും നിലവിലുളളത്. നാഷണല്‍ ബില്‍ഡിങ് കോഡിലെ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേരളാ മുനിസിപ്പല്‍ ബില്‍ഡിങ് റൂള്‍ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സിഎജി നിര്‍ദേശിച്ചിരുന്നു.

അഗ്‌നി സുരക്ഷ സംവിധാനങ്ങളില്ലാതെ സംസ്ഥാനത്ത് 1103 കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് 2019ലെ അഗ്‌നിശമന സേനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതില്‍ 288 എണ്ണം ജനങ്ങള്‍ താമസിക്കുന്ന ഉയരുമുള്ള കെട്ടിടങ്ങളും ഫ്‌ളാറ്റുകളുമാണ്. ജനവാസ കെട്ടിടങ്ങളാണ് ഏറ്റവും കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നത്. 50 വിഭ്യാഭ്യാസ സ്ഥാപനങ്ങളില്‍ യാതൊരു തരത്തിലുള്ള അഗ്‌നിശമന വിഭാഗത്തിന്റെ സുരക്ഷ മുന്‍കരുതലുമില്ല. രാസവസ്തുക്കള്‍ ഉപയോഗിക്കുന്ന അപകടരമായുള്ള 11 ഫാക്ടറികളിലും സുരക്ഷാ സംവിധാനമില്ല. ഏറ്റവും കൂടുതല്‍ ചട്ടലംഘനമുള്ളത് കൊല്ലത്തും കണ്ണൂരുമാണ്, 168 വീതം. തിരുവനന്തപുരത്ത് 150 കെട്ടിടങ്ങളാണ് അഗ്‌നി സുരക്ഷയില്ലാതെ പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് 140 കെട്ടിടങ്ങള്‍ ചട്ടങ്ങള്‍ പാലിച്ചിരുന്നില്ല. കോട്ടയം 62, ആലപ്പുഴ 66, എറണാകുളം 88, ഇടുക്കി 59, പത്തനംതിട്ട 14 എന്നിങ്ങനെ കെട്ടിടങ്ങള്‍ ആയിരുന്നു അഗ്‌നി സുരക്ഷയില്ലാതെ പ്രവര്‍ത്തിച്ചിരുന്നത്.

കെട്ടിടങ്ങള്‍ക്ക് തീപ്പിടിക്കുമ്പോഴും ദുരന്തങ്ങള്‍ സംഭവിക്കുമ്പോഴും മാത്രം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന വകുപ്പ് 2016 ലെ സര്‍ക്കുലര്‍ കേരളത്തില്‍ സമ്പൂര്‍ണമായി നടപ്പായോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഏറ്റവും കുറഞ്ഞ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ കൂടുതലും വിദ്യാഭ്യാസ കെട്ടിടങ്ങളും വ്യാവസായിക കെട്ടിടങ്ങളും ആയിരിക്കെ അതുണ്ടാക്കുന്ന അപകടത്തിന്റെ വ്യാപ്തി എത്രത്തോളം ആയിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മാത്രമല്ല, സംസ്ഥാനത്തെ 129 അഗ്‌നിരക്ഷാ നിലയങ്ങള്‍ക്ക് കീഴിലുമുള്ള ഏതൊരു കെട്ടിടവും സുരക്ഷ പാലിക്കാതെ അപടകത്തിലെയ്ക്ക് പോയാല്‍ അതുണ്ടാക്കുന്ന എന്ത് നഷ്ടവും തിരിച്ചുകിട്ടാത്തത് ആണെന്നുള്ള ബോധ്യത്തില്‍ ഇനിയെങ്കിലും കാര്യക്ഷമമായി വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തിരമായുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

FAQs

എന്താണ് തീ?

വസ്തുക്കൾ കത്തുകയെന്ന ഓക്സീകരണപ്രക്രിയ(ജ്വലനരാസക്രിയ)യെ പൊതുവേ അഗ്നി അഥവാ തീ എന്നു പറയുന്നു. ഇതു നടക്കുമ്പോൾ അത്യുന്നതതാപനിലയിലുള്ള വാതകങ്ങൾ തീവ്രമായ പ്രകാശോർജ്ജത്തോടെ പുറത്തുവരുന്നതിനെ അഗ്നിജ്വാല എന്നു പറയുന്നു. ജ്വാല ഇല്ലാതേയും വസ്തുക്കളിൽ തീ സജീവമായി നിൽക്കാം.

ആരാണ് ലോകനാഥ് ബെഹ്‌റ?

വിരമിച്ച ഇന്ത്യൻ പോലീസ് സർവീസ് (IPS) ഉദ്യോഗസ്ഥനാണ്. സംസ്ഥാന പോലീസ് മേധാവിയും കേരള സ്റ്റേറ്റ് പോലീസ് ഡയറക്ടർ ജനറലും ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം.

എന്താണ് അഗ്നി രക്ഷാ സേവനം?

അഗ്നിബാധ, പ്രകൃതിദുരന്തങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങി എല്ലാ അടിയന്തരസാഹചര്യങ്ങളിലും രക്ഷാപ്രവർത്തനം നടത്തുന്ന കേരള സംസ്ഥാനത്തിലെ ഒരു സേനാവിഭാഗമാണ് കേരള അഗ്നി രക്ഷാ സേവനം.

Quotes

“നിങ്ങളുടെ ഭാവി പ്രവചിക്കാനുള്ള ഏറ്റവും നല്ല മാർഗം അത് സൃഷ്ടിക്കുക എന്നതാണ്- എബ്രഹാം ലിങ്കണ്‍.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.