Sat. Jan 18th, 2025

തൃശ്ശൂർ:  തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തത് ടി എൻ പ്രതാപനും തൃശ്ശൂർ ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂരുമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്. തൃശ്ശൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു  യൂത്ത് കോൺഗ്രസിൻ്റെ ആരോപണം. 

വിഷയത്തിൽ ദേശീയ നേതൃത്വത്തിന് പരാതി നൽകുമെന്നും ജോസ് വള്ളൂർ സ്ഥാനം രാജി വെക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. 

‘തൃശ്ശൂരിലെ ജനങ്ങൾക്ക് കോൺഗ്രസിനോടുള്ള അകൽച്ചക്കും അതൃപ്തിക്കും കാരണം  കോൺഗ്രസിൻ്റെ ജില്ലാ നേതൃത്വമാണ്. തൃശ്ശൂരിൽ സംഘപരിവാറിന് നട തുറന്നുകൊടുത്തതിൻ്റെ ഉത്തരവാദിത്തം ജില്ലാ കോൺഗ്രസ് കമ്മിറ്റ് പ്രസിഡൻ്റ് ജോസ് വള്ളൂരിനും തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചെയർമാനും കെപിസിസി വർക്കിങ്ങ് പ്രസിഡൻ്റുമായ ടി എൻ പ്രതാപനുമാണ്. പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇവർ രാജിവെക്കണമെന്ന്’ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ ഹാഷിം പറഞ്ഞു.

കെ മുരളീധരൻ്റെ പ്രചാരണത്തിൽ ആളുകളെ പങ്കെടുപ്പിക്കാൻ പോലും ജില്ലാ നേതൃത്വം ശ്രമിച്ചില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി വിജയിച്ചിരുന്നു.