Sat. Oct 12th, 2024

നയ്പിഡോ: മ്യാൻമറിൽ രോഹിങ്ക്യൻ മുസ്ലീങ്ങൾക്കെതിരെയുള്ള അക്രമങ്ങളെത്തുടർന്ന് 45000ത്തിലധികം രോഹിങ്ക്യൻ മുസ്ലീങ്ങൾ മ്യാൻമറിലെ റാഖൈനിൽ നിന്ന് പലായനം ചെയ്തതായി റിപ്പോർട്ട്. ബംഗ്ലാദേശിൻ്റെ അതിർത്തിക്കടുത്തുള്ള നാഫ് നദിക്കരികിലെ ഒരു പ്രദേശത്തേക്കാണ് രോഹിങ്ക്യൻ മുസ്ലീങ്ങൾ പലായനം ചെയ്തതെന്നാണ് വിവരം. 

മ്യാൻമറിലെ സാഹചര്യം ഭയാനകമാണെന്നും കൂട്ടപലായനമാണ് അവിടെ നടക്കുന്നതെന്നും യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് എലിസബത്ത് ത്രോസൺ പറഞ്ഞു. അഭയം തേടിയെത്തുന്നവരെ സഹായിക്കണമെന്ന് യുഎൻ റൈറ്റ്സ് മേധാവി വോൾക്കർ ടർക്ക് ബംഗ്ലാദേശിനോടും മറ്റ് രാജ്യങ്ങളോടും അഭ്യർത്ഥിച്ചു. 2017ൽ ആക്രമണം ആരംഭിച്ചതിനുശേഷം പത്ത് ലക്ഷത്തോളം രോഹിങ്ക്യൻ മുസ്ലീങ്ങൾ രാജ്യത്ത് നിന്നും പലായനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 

രോഹിങ്ക്യൻ മുസ്ലീങ്ങളെ ആക്രമിക്കുന്നതും സ്വത്തുക്കൾ തീവെച്ച് നശിപ്പിക്കുന്നതും തുടരുകയാണ്. രണ്ട് ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്ന ബുത്തിഡോങ് നഗരത്തിൽ മ്യാൻമർ സൈന്യം തീയിട്ടതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.