Wed. Dec 18th, 2024

പലരും കക്കൂസ് മാലിന്യം പോകുന്ന പൈപ്പ് കണക്ഷന്‍ കാനയിലെയ്ക്ക് കൊടുത്തിട്ടുണ്ട്. മഴ പെയ്താല്‍ ഇത് ഞങ്ങളുടെ പുരക്കകത്ത് എത്തും. വെള്ള നിറത്തിലുള്ള പുഴുവാണ് വീട്ടില്‍ മുഴുവന്‍. ഇത് കണ്ടിട്ട് ഭക്ഷണം വരെ കഴിക്കാന്‍ പറ്റുന്നില്ല.

1980 കളുടെ തുടക്കത്തില്‍ കൊച്ചി, കത്രിക്കടവ് പൈപ്പ്‌ലൈന്‍ പ്രദേശങ്ങളില്‍ പുറംമ്പോക്കില്‍ ഷെഡ് കെട്ടി താമസിച്ചിരുന്ന ഒരു കൂട്ടം കുടുംബങ്ങളെ ഗ്രേറ്റര്‍ കൊച്ചിന്‍ ഡവലപ്‌മെന്റ് അതോറിട്ടി അഥവാ ജിസിഡിഎ തമ്മനം പുതിയ റോഡ് പ്രദേശത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു. പൈപ്പ് കുഴലുകളിലും വഴിയോരങ്ങളിലും കുടുംബവുമായി കഴിഞ്ഞിരുന്ന മനുഷ്യര്‍ക്ക് വീട് എന്ന അടച്ചുറപ്പ് അത്രയും സന്തോഷം നല്‍കുന്നതായിരുന്നു.

കൊച്ചി നഗരത്തിന്റെ വികസനത്തിന്റെ ഭാഗമായാണ് ജിസിഡിഎ ഇവരെ പുതിയ റോഡിലേയ്ക്ക് മാറ്റുന്നത്. ഇന്ന് 197 കുടുംബങ്ങളുള്ള, 197 വീടുകളുള്ള ഈ പ്രദേശം അറിയപ്പെടുന്നത് ശാന്തിപുരം കോളനി എന്ന പേരിലാണ്. മുക്കാൽ സെന്റ് ഭൂമിയില്‍ തകര ഷീറ്റ് മേഞ്ഞ ‘വീട്’ എന്ന് കഷ്ടിച്ച് വിളിക്കാവുന്ന കെട്ടിടങ്ങളാണ്  ജിസിഡിഎ ഇവർക്ക് നല്‍കിയത്. രണ്ട് വീടുകള്‍ തമ്മില്‍ ഒരു ചുമരിന്റെ വ്യത്യാസമേ ഉള്ളൂ എങ്കിലും പുറമ്പോക്കിലെ ജീവിതം നല്‍കിയ സാമൂഹിക അരക്ഷിതാവസ്ഥയ്ക്ക് മാറ്റം വരും എന്ന പ്രതീക്ഷ ശാന്തിപുരം കോളനിയിലേയ്ക്ക് മാറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ഉണ്ടായിരുന്നു.

അടിമത്തിന്റെ അടയാളമായ ‘കോളനി‘യിലെ ജിവിതത്തിന് 25 വര്‍ഷങ്ങള്‍ക്കിപ്പുറവും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ലെന്ന് ശാന്തിപുരം കോളനിയിലേയ്ക്ക് കാലെടുത്ത് വെച്ചാല്‍ തന്നെ മനസ്സിലാകും.

ശാന്തിപുരം കോളനിയ്ക്ക് ചുറ്റും നേരത്തെ വീടുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒഴിഞ്ഞ ചതുപ്പ് പ്രദേശങ്ങളായിരുന്നു ഇവിടം  നോക്കെത്താ ദൂരത്ത് പോലും കെട്ടിടങ്ങളില്ല. കോളനി ജീവിതം നല്‍കുന്ന സാമൂഹിക അരക്ഷിതാവസ്ഥയിലും കിടന്നുറങ്ങാന്‍ ഒരു കൂരയുണ്ട് എന്ന സമാധാനം ഇവിടുത്തുകാര്‍ക്ക് ഉണ്ടായിരുന്നു.

ശാന്തിപുരം കോളനിയില്‍ വെള്ളക്കെട്ടുണ്ടാക്കുന്ന പ്രധാന കാന Copyright@Woke Malayalam

നഗര വികസനത്തിന്റെ ഭാഗമായി തമ്മനം പ്രദേശങ്ങളില്‍ വീടുകളും കടകളും ഫ്‌ളാറ്റുകളും കെട്ടിടങ്ങളും ഉയരാന്‍ തുടങ്ങി. കാലക്രമേണ ശാന്തിപുരം കോളനിയ്ക്ക് ചുറ്റുമുള്ള ചതുപ്പുകള്‍ നികത്തപ്പെട്ട് വീടുകള്‍ ഉയര്‍ന്നു. കോളനിയെ മറച്ചു പിടക്കുന്ന രീതിയില്‍ മിനിമം രണ്ടാള്‍ പൊക്കത്തിലുള്ള മതിലുകള്‍ വന്നു. ഇതോടെ ശാന്തിപുരം കോളനി ഏറ്റവും താഴ്ന്ന പ്രദേശമായി.

വീടുകള്‍ കൂടിയതോടെ മഴക്കാലത്ത് ശാന്തിപുരം കോളനിയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. ഇന്നിപ്പോ ഒരു ചെറിയ മഴ പെയ്താല്‍ കോളനിയിലെ 50 വീടുകള്‍ക്കുള്ളിലാണ് നഗരത്തിലെ കക്കൂസ് മാലിന്യം അടക്കമുള്ള വേസ്റ്റുകള്‍ വന്നെത്തുന്നത്. പുതിയ റോഡ് മുതലുള്ള പ്രദേശങ്ങളിലെ വീടുകള്‍, ഹോട്ടലുകള്‍ തുടങ്ങി എല്ലാവരും പുറംന്തള്ളുന്ന എല്ലാ തരം മാലിന്യവും ഒഴുകുന്നത് ശാന്തിപുരം കോളനിയ്ക്കുള്ളിലെ കാന വഴിയാണ്.

കഴിഞ്ഞ പത്ത് വര്‍ഷമായി എല്ലാ മഴയിലും ശാന്തിപുരം കോളനിയ്ക്കകത്ത് വെള്ളം കയറുന്നുണ്ട്. കാന നിറഞ്ഞ് പുറത്തേയ്ക്ക് തള്ളുന്ന മലിന ജലം വീടുകളിലേയ്ക്ക് ഇരച്ചുകയറും. വെള്ളം ഇറങ്ങിയാല്‍ കക്കൂസ് മാലിന്യവും പുഴുവും അടങ്ങിയ മാലിന്യം അടിച്ചുകഴുകി കോളനി നിവാസികൾ വൃത്തിയാക്കും. അടുത്ത മഴയെത്തുമ്പോഴും  ഇതുതന്നെ അവസ്ഥ.

വസ്ത്രങ്ങള്‍, പത്രങ്ങള്‍, ഫര്‍ണീച്ചറുകള്‍, കുട്ടികളുടെ പുസ്തകങ്ങള്‍ എല്ലാം മലിന ജലം കൊണ്ടുപോകും. മാത്രമല്ല പകര്‍ച്ചവ്യാധികള്‍ വ്യാപകമാകും. പകര്‍ച്ചവ്യാധികള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. കൂലിപ്പണിയും വീട്ടുപണികളും എടുത്ത് ഉപജീവനം നയിക്കുന്ന ഇവിടുത്തുകാര്‍ക്ക് കുട്ടികള്‍ക്കുള്ള മരുന്ന് വാങ്ങാന്‍ പോലും അന്നന്ന് കിട്ടുന്ന പണം തികയില്ല.

പലിശയ്ക്ക് പണം വാങ്ങിയും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും ലോണ്‍ എടുത്തും ഓരോ വര്‍ഷവും പല തവണ വീട്ടുപകരണങ്ങളും പുസ്തകങ്ങളും വാങ്ങിക്കും. എല്ലാ മഴക്കാലത്തും ശാന്തിപുരം കോളനിയിലെ 50 വീട്ടുകാരുടെ ജീവിതം ഇങ്ങനെയാണ് കടന്നുപോകുന്നത്. ഓരോ മഴക്കാലത്തും വെള്ളക്കെട്ട് ആവര്‍ത്തിക്കുന്നതിനാല്‍ നിത്യ കടക്കാരായി ഈ കുടുംബങ്ങള്‍ മാറിയിട്ടുണ്ട്.

ശാന്തിപുരം കോളനിക്കകത്ത് നിരവധി കാനകളുണ്ട്. നഗര മാലിന്യവും വഹിച്ചു പോകുന്ന പ്രധാന കാനയാണ് വെള്ളക്കെട്ടുണ്ടാക്കുന്നത്. ഈ കാന അവസാനിക്കുന്നത് കലൂര്‍ സ്റ്റേഡിയം പരിസരത്താണ്. കാന വൃത്തിയാക്കി ആഴംകൂട്ടി ഈ ദുരിതത്തില്‍ നിന്നും കരകയറ്റണം എന്നാണ് ശന്തിപുരത്തുകാരുടെ ആവശ്യം.

ഈ ആവശ്യം കേള്‍ക്കാന്‍ അധികാരികള്‍ ആരും തയാറാവുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. ഓരോ തിരഞ്ഞെടുപ്പ് കാലത്തും വോട്ടിനുവേണ്ടി മാത്രം കോളനിയില്‍ കയറുന്ന രാഷ്ട്രീയക്കാര്‍ക്ക് വോട്ടു കിട്ടിക്കഴിഞ്ഞാല്‍ മനപ്പൂര്‍വമായ മറവി ബാധിക്കും. ആകെ സര്‍ക്കാര്‍ ചെയ്തു കൊടുത്ത ഒരുകാര്യം 2018ലെ പ്രളയത്തിനു ശേഷം കുടിവെള്ള പൈപ്പിന്റെ കണക്ഷന്‍ ഓരോ വീടുകളിലേയ്ക്കും കൊടുത്തു എന്നുള്ളതാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് മുറ്റത്തേയ്ക്ക് കയറിയ മാലിന്യം വൃത്തിയാക്കുന്നവര്‍ Copyright@Woke Malayalam

വെള്ളക്കയറ്റം രൂക്ഷമായാല്‍ കോളനിയ്ക്ക് അകത്തുള്ള തന്നെ ഒരു കമ്മ്യൂണിറ്റി ഹാളിലേയ്ക്ക് ഇവരെ മറ്റും. കക്കൂസ് സംവിധാനം പോലും പ്രവര്‍ത്തിക്കാത്ത ജനലുകള്‍ തകര്‍ന്ന കമ്മ്യൂണിറ്റി ഹാളില്‍ എങ്ങനെ കിടക്കാനാണ് എന്നാണ് ഇവിടുത്തുകാര്‍ ചോദിക്കുന്നത്.

കഴുഞ്ഞ മൂന്നു ദിവസങ്ങളിലായി പെയ്ത മഴയിലും ശാന്തിപുരം കോളനിക്കുള്ളില്‍ വെള്ളം കയറി. ചൊവ്വാഴ്ച പുലര്‍ച്ചേ മൂന്ന് മണിയോടെയാണ് വീടുകളിലേയ്ക്ക് മലിന ജലം കയറിത്തുടങ്ങുന്നത്. സാധാരണ ജൂണ്‍ മാസം മുതല്‍ ഈ വെള്ളക്കയറ്റം ഇവിടുത്തുകാര്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വേനല്‍ മഴയില്‍ വെള്ളം കയറുമെന്ന് ആരും വിചാരിച്ചില്ല. അതുകൊണ്ടുതന്നെ വീടിനകത്തെ സാധനങ്ങള്‍ ഉയരത്തേയ്ക്ക് മാറ്റാനും സാധിച്ചില്ല. ബുധനാഴ്ച ഉച്ച ആയപ്പോഴേക്കും വെള്ളം ഇറങ്ങി. പക്ഷെ ഉച്ചക്ക് ശേഷം പെയ്ത മഴയില്‍ വീണ്ടും വെള്ളം വീടുകളിയ്ക്ക് കയറി.

ലില്ലി ശാന്തിപുരം കോളനിയില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 47 കൊല്ലമായി. ലില്ലിയുടെ വീടിന് ചുറ്റും രണ്ട് കാനകളുണ്ട്. അതുകൊണ്ടുതന്നെ ആദ്യം മലിന ജലം കയറുന്ന വീടും ലില്ലിയുടേതാണ്.

”പത്തു കൊല്ലം ആയിട്ടെ ഉള്ളൂ വെള്ളം കയറാന്‍ തുടങ്ങിയിട്ട്. നേരത്തെ ഇവിടെയൊന്നും കെട്ടിടങ്ങള്‍ ഉണ്ടായിരുന്നില്ല. വീടുകളും ഉണ്ടായിരുന്നില്ല. ഇതൊക്കെ കെട്ടിപ്പൊക്കി വീടുകള്‍ ഒക്കെ ആയപ്പോള്‍ ഇവിടൊക്കെ വെള്ളക്കെട്ട് ആയി. കൊല്ലം കൊല്ലം വെള്ളം ആണ്. ഈ കാനയെങ്കിലും ഒന്ന് പൊക്കി പണിത് തരാന്‍ ഇവിടെ വരുന്ന അധികാരികളോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. വെള്ളം കയറി പുരയൊക്കെ ഇടിഞ്ഞ് പൊളിഞ്ഞു. ഇലക്ഷന്‍ ആവുമ്പോള്‍ അവര് വാതുക്കല്‍ വരും വോട്ട് ചോദിയ്ക്കാന്‍. ഞങ്ങള്‍ അത് ചെയ്യാം ഇത് ചെയ്യാം എന്നൊക്കെ പറയും.

പൈപ്പ്‌ ലൈനില്‍ പുറമ്പോക്കില്‍ ആയിരുന്നു താമസിച്ചിരുന്നത്. അവിടുന്ന് ജിസിഡിഎക്കാര്‍ ഞങ്ങളെ ഇവിടെയ്ക്ക് മാറ്റി. അവരാണ് ഈ വീട് തന്നത്. വെള്ളം വന്നാല്‍ ആദ്യം വെള്ളം കയറുന്നത് എന്റെ വീട്ടിലാണ്. പുതിയ റോഡില്‍ നിന്നുള്ള വെള്ളം വരെ ഒഴുകി വരുന്നത് ഈ കാനയിലൂടെയാണ്. എല്ലാ അഴുക്കും കയറി വരും. അടിച്ച് കഴുകി കളഞ്ഞാലും മഴ പെയ്താല്‍ വീണ്ടും വെള്ളവും  അഴുക്കും കയറും. വീണ്ടും അടിച്ചുകഴുകും.

ലില്ലി Copyright@Woke Malayalam

75 വയസ്സായി എനിക്ക്. എണീറ്റ് നില്‍ക്കാന്‍ പോലും ആരോഗ്യമില്ല. ചുമരില്‍ പിടിച്ച് നടന്നാണ് ഓരോ കാര്യങ്ങളും ചെയ്യുന്നത്. ബാത്ത്‌റൂമിലെ വെള്ളമാണ് ഈ കയറി വരുന്നത്. ആള്‍ക്കാര്‍ കാനയിലെയ്ക്ക് കക്കൂസ് ടാങ്കിന്റെ കണക്ഷന്‍ കൊടുത്തിട്ടുണ്ട്. ആ അഴുക്ക് വെള്ളവും എലി ചത്ത വെള്ളവും എല്ലാം വീടിനകത്തേയ്ക്കാണ് കയറുന്നത്. നാറിയിട്ട് പാടില്ല വീടിനകത്ത്. ഞാന്‍ ഇന്ന് രാവിലെ എണീറ്റ് ഇതുവരെ ഒരു കാപ്പിപോലും തിളപ്പിച്ചിട്ടില്ല. ഇതിനകത്ത് വൃത്തിയാക്കാതിരിക്കാന്‍ പറ്റോ.

ഞാന്‍ ഒറ്റക്കാണ് താമസിക്കുന്നത്. സഹായത്തിനാരുമില്ല. ആരെങ്കിലും അവര്‍ക്ക് തോന്നി വന്ന് ഇത്തിരി വെള്ളം കോരിക്കളയാണെങ്കില്‍ ആ ഒരു സമാധാനം ഉണ്ടാവും. ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ ഇവിടുത്തെ ജീവിതം. ഞങ്ങളെ സഹായിക്കേണ്ടത് സര്‍ക്കാരാണ്. ഇലക്ഷന്‍ കഴിഞ്ഞാല്‍ പിന്നെ ആരും ഇങ്ങോട്ടില്ല. മഴക്കാലത്ത് എങ്ങോട്ട് പോകും എന്നാണ് ആലോചിക്കുന്നത്. പോകാനും സ്ഥലമില്ല. അതുകൊണ്ടാണല്ലോ ഇവിടെ ഇങ്ങനെ കിടക്കുന്നത്.”, ലില്ലി വോക്ക് മലയാളത്തോട് പറഞ്ഞു.

”1981 ല്‍ കിട്ടിയ വീടാണിത്. എന്റെ മോന് എട്ട് മാസം ആയപ്പോള്‍ ഈ കോളനിയില്‍ വന്ന ആളാണ് ഞാന്‍. ഇങ്ങനെയൊന്നും അല്ലായിരുന്നു ഞങ്ങള്‍ക്ക് തരുമ്പോള്‍ വീട് ഉണ്ടായിരുന്നത്. ഞങ്ങളുടെ അധ്വാനത്തില്‍ നിന്നാണ് വീട് ശരിയാക്കി എടുത്തത്. ഇപ്പൊ ഒരു മഴ പെയ്തു കഴിഞ്ഞാല്‍ പേടിയാണ്. കുഞ്ഞുങ്ങളെ കൊണ്ട് എവിടെ പോണം എന്നൊക്കെയുള്ള പേടിയാണ്.

എല്ലാ കൊല്ലവും ഒരു ചെറിയ മഴ പെയ്താല്‍ മതി അപ്പോത്തന്നെ വെള്ളം കയറും. ഇവിടെ നിന്നും വെള്ളം ഒഴുകി പോകാനുള്ള സൗകര്യമില്ല. പലരും കക്കൂസ് മാലിന്യം പോകുന്ന പൈപ്പ് കണക്ഷന്‍ കാനയിലെയ്ക്ക് കൊടുത്തിട്ടുണ്ട്. മഴ പെയ്താല്‍ ഇത് ഞങ്ങളുടെ പുരക്കകത്ത് എത്തും. വെള്ള നിറത്തിലുള്ള പുഴുവാണ് വീട്ടില്‍ മുഴുവന്‍. ഇത് കണ്ടിട്ട് ഭക്ഷണം വരെ കഴിക്കാന്‍ പറ്റുന്നില്ല. ഈ ചിന്ത പോകുന്നത് വരെ വെള്ളം കുടിച്ച് വിശപ്പടക്കും.

വെള്ളം കയറിക്കയറി വീട് ഇരുന്നുപോയി. ചുമരൊക്കെ പൊളിഞ്ഞു പോയി. ഞങ്ങള്‍ എങ്ങനെ ജീവിക്കും. ഈ കുഞ്ഞുങ്ങളെയും കൊണ്ട് എവിടെയെങ്കിലും പോകാനുള്ള പൈസയും ഞങ്ങള്‍ക്കില്ല. ഇവിടെ താമസിക്കുന്ന എല്ലാവരും കൂലിപ്പണിക്കരാണ്. സ്ത്രീകള്‍ എല്ലാം വീട്ടുപണികള്‍ക്ക് പോകും. ആഴ്ചയില്‍ രണ്ടോ മൂന്നോ പണി കിട്ടും. ഇരുന്നൂറും മുന്നൂറും രൂപയാണ് കൂലിയായി കിട്ടുന്നത്. ലോണ്‍ എടുത്തും പലിശക്കെടുത്തുമാണ് ഞങ്ങളുടെ ജിവിതം മുന്നോട്ടു പോകുന്നത്.

റംല സിദ്ധിഖ് Copyright@Woke Malayalam

ചൊവ്വാഴ്ച ഒറ്റ മഴ പെയ്തതേ ഉള്ളൂ. പാര്‍ട്ടിക്കാര്‍ പറഞ്ഞു കമ്മ്യൂണിറ്റി ഹാള്‍ തുറന്നുതരാം എന്ന്. അവിടെ വെള്ളം കയറില്ല. പക്ഷേ, അതിനകത്തെ ബാത്ത്‌റൂം എല്ലാം നശിച്ചുപോയിട്ടുണ്ട്. ഒരു തവണ വെള്ളക്കെട്ട് വന്നപ്പോള്‍ മക്കള്‍ക്ക് മൂന്നുപേര്‍ക്കും ഡങ്കിപ്പനി വന്നു. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു പരിഹാരം വേണം. വോട്ട് കൊടുക്കുന്നതില്‍ വേറൊരു ഗുണവും ഇല്ലല്ലോ. വോട്ടു ചോദിയ്ക്കാന്‍ വരുമ്പോള്‍ മാത്രം രണ്ടുനില വീട് വെച്ച് തരാം, എല്ലാം ശരിയാക്കിത്തരം എന്നൊക്കെ പറയും.

എന്ത് ചെയ്തിട്ടാണെങ്കിലും വേണ്ടില്ല ഞങ്ങള്‍ക്ക് ഈ പ്രശ്‌നം പരിഹരിച്ചുതരണം. വെള്ളത്തില്‍ ഇനി കിടക്കാന്‍ പറ്റില്ല. 60 വയസ്സായി എനിക്ക്. ഏത് നേരവും അസുഖമാണ്. ഈ മക്കള്‍ക്കും അസുഖം ആയത് കൊണ്ട് പണിയെടുക്കുന്ന പൈസ മരുന്ന് വാങ്ങിക്കാനേ തികയൂ. മഞ്ഞപ്പിത്തം മാത്രം വന്നിട്ടില്ല. ബാക്കിയുള്ള അസുഖങ്ങള്‍ എല്ലാം വന്നു.

കത്രിക്കടവ് പൈപ്പ്‌ലൈനില്‍ വലിയ കുഴലില്‍ വെച്ച്‌കെട്ടി താമസിക്കുകയായിരുന്നു ഞങ്ങള്‍. പൈപ്പിന്റെ കാലാവധി കഴിഞ്ഞു പൊളിച്ചുനീക്കണമെന്നും വേറെ സ്ഥലത്ത് വീട് വെച്ചിട്ടുണ്ട് എന്നും ജിസിഡിഎക്കാര്‍ പറഞ്ഞത് പ്രകാരമാണ് ഇവിടെ എത്തുന്നത്. 45 വര്‍ഷമായി ഇവിടെയാണ് താമസം. ഇവിടെ കയറിക്കൂടിയതിന് ശേഷമാണ് ബാത്ത്‌റൂമും ജനലും വാതിലുമൊക്കെ വെച്ചുതന്നത്. ഇതുവരെ ഒരു പാര്‍ട്ടിക്കാരും മന്ത്രിമാരും സര്‍ക്കാരും ഞങ്ങളെ കുറിച്ച് അന്വേഷിച്ചിട്ടില്ല. ഒന്നുങ്കില്‍ ഈ കാന പണിത് വീതി കൂട്ടി പൊക്കുക, അല്ലെങ്കില്‍ ഞങ്ങളുടെ വീടുകള്‍ പൊക്കിക്കെട്ടി തരിക.

മഴക്കാലം വന്നാല്‍ ഇവിടെയിരുന്ന് പിള്ളേര്‍ക്ക് പഠിക്കാന്‍ പറ്റില്ല. അവര്‍ക്ക് മഴ എന്ന് പറയുമ്പോള്‍ പേടിയാണ്. അവരുടെ പുസ്തകങ്ങള്‍, ബാഗ് എല്ലാം എല്ലാ തവണയും നഷ്ടപ്പെടുന്നുണ്ട്. ഈ തണുപ്പില്‍ എത്ര കാലമായി കിടക്കുന്നു. ഞങ്ങള്‍ ആറുപേരാണ് ഇതിനുള്ളില്‍ കിടക്കുന്നത്. ഞങ്ങള്‍ക്ക് തന്നെ ഇവിടെ സൗകര്യമില്ല. ഒരാള് കൂടുതല്‍ വന്നാല്‍ ഞങ്ങള്‍ എന്തു ചെയ്യും. ഞങ്ങള്‍ ഭൂമി ഇല്ലാത്തവരാണ്. ലൈഫ് പദ്ധതിയില്‍ വീട് ചോദിച്ചിട്ട് പോലും തന്നിട്ടില്ല. ഇത്ര വലിയ മെട്രോയുള്ള നഗരമാണ് ഇത്. എന്നിട്ടും ഞങ്ങളെ ആര്‍ക്കും അറിയില്ല.”, റംല സിദ്ധിഖ് വോക്ക് മലയാളത്തോട് പറഞ്ഞു.

”എന്റെ ഉമ്മ സുഖമില്ലാത്തയാളാണ്. ഉമ്മയും വാപ്പയുമാണ് ഇവിടെ താമസിക്കുന്നത്. ആദ്യം വെള്ളം കയറുന്നത് ഈ ഭാഗത്താണ്. മഴകൊണ്ട് ഭയങ്കര എടങ്ങേറാണ്. ഇന്നലെയും മിനഞ്ഞാന്നും പണിക്ക് പോയിട്ടില്ല. ഞാന്‍ കൂലിപ്പണിക്കാരനാണ്. ഞാന്‍ ഒരാള്‍ കൊണ്ടുവന്നിട്ട് വേണം എന്റെ കുടുംബം കഴിയാന്‍. എനിക്ക് മൂന്ന് പെണ്‍മക്കളാണ് അവർ പഠിക്കുകയാണ് രണ്ട് മാസം കഴിഞ്ഞാല്‍ ഒരാളുടെ കല്യാണമായി. ഇതൊക്കെ ഈ മഴയത്ത് എങ്ങനെ നടക്കും എന്നറിയില്ല.

ഹബീബ് Copyright@Woke Malayalam

ഇപ്പോള്‍ ദേ സ്‌കൂള്‍ തുറക്കാന്‍ പോകുന്നു. പണിക്ക് പോയില്ലെങ്കില്‍ എല്ലാം അവതാളത്തിലാകും. ഉമ്മയെയും നോക്കുന്നത് ഞാനാണ്. ഉമ്മാക്ക് ആണെങ്കില്‍ ഷുഗറും പ്രെഷറും ഓര്‍മ്മക്കുറവുമെല്ലാമുണ്ട്.

മഴ പെയ്ത് കഴിഞ്ഞാല്‍ ഞങ്ങളോട് ഇവിടത്തെ കമ്മ്യൂണിറ്റി ഹാളില്‍ പോയിരിക്കാന്‍ പറയും. അവിടെ രണ്ട് നേരത്തെ ഭക്ഷണം കിട്ടും. ഇവിടെ നാശനഷ്ടം മാത്രമേയുള്ളൂ. എന്റെ ഫ്രിഡ്ജ് പോയി, കഴിഞ്ഞ വെള്ളപ്പൊക്കത്തിലും ഫ്രിഡ്ജ് പോയി. ഒരു ബെഡ് ഉണ്ടായിരുന്നു. അതും പോയി. അങ്ങനെ പല നാശനഷ്ടങ്ങളുമുണ്ടായി. പിന്നീട് ഇതൊക്കെ വാങ്ങണമെങ്കില്‍ പലിശക്ക് പണമെടുക്കണം. അത് അടക്കാനൊക്കെ ബുദ്ധിമുട്ടാണ്.

ഉമ്മാക്ക് തണുപ്പത്ത് കിടക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ബെഡ് വാങ്ങിയത്, എനിക്ക് കുഴപ്പമില്ല, ഞാന്‍ എവിടെ വേണമെങ്കിലും കിടക്കും. ഇപ്പോള്‍ എല്ലാം വലിച്ചുവാരി ഇട്ടിരിക്കുകയാണ്. ഇതെല്ലാം വൃത്തിയാക്കണം, എല്ലാം ഒന്നേന്ന് തുടങ്ങണം. അതാണ് അവസ്ഥ.’, ഹബീബ് വോക്ക് മലയാളത്തോട് പറഞ്ഞു.

”ഈ കാന നിറഞ്ഞുകഴിഞ്ഞാല്‍ വെള്ളം തറയുടെ ഉള്ളിലേക്ക് പോകും. അതില്‍ എന്തെങ്കിലും പൊട്ടലുണ്ടെങ്കില്‍ പൂത്തിരി കത്തുന്ന പോലെയാണ് വെള്ളം വരുന്നത്. ഒരുപാട് തവണ സിമന്റ് ഇട്ടതാണ്. ഇപ്പോള്‍ തറ ഇടിഞ്ഞിട്ട് മതില്‍ ചരിഞ്ഞ് ഇരിക്കുകയാണ്. തറയിടാനോ പൊളിച്ച് പണിയാനോ ഉള്ള കപ്പാസിറ്റി ഞങ്ങള്‍ക്കില്ല. മുന്‍പ് ഇവിടെ പറമ്പായിരുന്നു. അങ്ങോട്ടാണ് വെള്ളം പൊയ്‌ക്കോണ്ടിരുന്നത്.

ഞങ്ങളുടെ ചുമരിന്റെ അത്രയും പൊക്കത്തിലാണ് അവരുടെ തറയിരിക്കുന്നത് (കോളനിയ്ക്ക് സമീപത്തുള്ള പരിസരവാസിയുടെ വീട് ചൂണ്ടിക്കാണിച്ച് പറയുന്നു). അവരോട് തറ കെട്ടരുതെന്ന് ഞങ്ങള്‍ക്ക് പറയാനാകില്ല. അവരുടെ പൈസക്ക് തറ കെട്ടി സുഖമായി ജീവിക്കുന്നു. അതില്‍ സന്തോഷം. എന്നാല്‍ ഞങ്ങളുടെ ഈ പ്രദേശം താഴ്ന്ന പ്രദേശമായിക്കൊണ്ടിരിക്കുകയാണ്.

എറണാകുളത്തിന്റെ കണ്ണായ സ്ഥലമാണ് ശാന്തിപുരം കോളനി. ഞങ്ങള്‍ക്ക് എന്നും ഇവിടെ തറ പൊക്കലാണ് പണി. കഴിഞ്ഞ വര്‍ഷം അരപൊക്കത്തോളം വെള്ളം കയറിയിരുന്നു. ഈ കുഞ്ഞുങ്ങളെയും കൊണ്ട് ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ഒരു സാധനവും ഞങ്ങള്‍ക്ക് എടുത്ത് ഒതുക്കി വെക്കാന്‍ കഴിഞ്ഞില്ല. ഈ കുഞ്ഞുങ്ങള്‍ വെള്ളത്തില്‍ നില്‍ക്കുന്നത് കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ കമ്യൂണിറ്റി ഹാളിലേക്ക് പോയി.

റംല സിദ്ധിഖും റംല ബാവയും Copyright@Woke Malayalam

ഇവിടെ കഴിഞ്ഞ വര്‍ഷം വെള്ളം കയറിയ കാര്യം പോലും കൊച്ചിന്‍ കോര്‍പറേഷന്‍ അറിഞ്ഞിട്ടില്ലാ എന്നാണ് അവര്‍ പറയുന്നത്. കൗണ്‍സിലര്‍ വരികയും ഭക്ഷണം തരികയുമൊക്കെ ചെയ്തിരുന്നു. വീടിന് എന്തെങ്കിലും പറ്റിയാല്‍ ശരിയാക്കി തരാം എന്നാല്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടതില്‍ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞു. വെള്ളം കയറിയപ്പോള്‍ കുഞ്ഞിന് പോലും ഒരു ഉടുപ്പ് ഇല്ലാത്ത അവസ്ഥയായിരുന്നു.

ഏതെല്ലാം സ്ഥലത്തുനിന്ന് വരുന്ന മലിനജലമാണ് ഈ കാനയില്‍ ഉള്ളത്. ചെറിയ കാനയില്‍ ബ്ലോക്ക് വരുമ്പോള്‍ മെയിന്‍ കാനയിലേക്ക് പൊട്ടിച്ച് വിടുന്നു. കാന കോരാന്‍ വരുന്നവര്‍ ആ മാലിന്യം കാണുമ്പോള്‍ മൂടി വെച്ചിട്ട് പോകും. വലിയ കാന കോരാന്‍ വരുന്നവര്‍ അഞ്ചാറ് സ്ലാബ് വിട്ടിട്ടാണ് കോരുന്നത്. കലൂര്‍ സ്റ്റേഡിയമൊക്കെ വന്നപ്പോള്‍ അവിടെയെല്ലാം പൊക്കിക്കെട്ടി. ഞങ്ങളുടെ പ്രദേശം താഴ്ന്ന പ്രദേശമായി മാറി.

ഞങ്ങള്‍ക്ക് സര്‍ക്കാരിനോട് പറയാനുള്ളത് ഒന്നേയുള്ളൂ. ദയവുചെയ്ത് ഞങ്ങളെ രക്ഷപ്പെടുത്തണം. ഞങ്ങള്‍ ആറ് അംഗങ്ങളാണ് ഈ കുടുംബത്തിലുള്ളത്. മലിന ജലം വന്ന് ഞങ്ങള്‍ക്ക് വാതില്‍ പോലും തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. വാതില്‍ തുറന്നു കഴിഞ്ഞാല്‍ മാലിന്യങ്ങളെല്ലാം ഇതുവഴി ഒഴുകാന്‍ തുടങ്ങും. ശരിക്കും പറഞ്ഞാല്‍ സര്‍ക്കാരിനെ കുറ്റം പറയാന്‍ പറ്റാത്ത അവസ്ഥയാണ്. കാരണം അവര്‍ക്ക് ഒന്നും ചെയ്യാനില്ല എന്നാണ് എനിക്ക് തോന്നുന്നത്.

ഇനിയെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ഞങ്ങള്‍ക്കൊന്നും ജോലിയില്ല. ഞാന്‍ വീട്ടുജോലിക്ക് പോകുമായിരുന്നു. ഇപ്പോള്‍ കാലിന് സുഖമില്ലാത്തതു കൊണ്ട് പോകുന്നില്ല. മകന്‍ ഓട്ടോഡ്രൈവറാണ്. അവന്‍ എന്തെങ്കിലും കൊണ്ടുവന്നിട്ട് വേണം ഞങ്ങള്‍ക്ക് കഴിയാന്‍. എന്റെ മകന് മൂന്ന് വയസുള്ളപ്പോഴാണ് ഞാന്‍ ഇവിടെ വന്നത്. അവനിപ്പോള്‍ 42 വയസായി. ഞങ്ങള്‍ ഇതിന് മുന്‍പ് കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. പല സ്ഥലത്ത് നിന്നും വന്ന് താമസിച്ചവരാണ് ഇവിടെയുള്ളത്.

കഴിഞ്ഞ തവണ വെള്ളം കയറിയപ്പോള്‍ കുട്ടികളുടെ പുസ്തകങ്ങള്‍ എല്ലാം പോയി. കുട്ടികള്‍ക്ക് കിട്ടിയ സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉണ്ടായിരുന്നു. ഉടുപ്പും ബെഡും എല്ലാം പോയി. ഇത്തവണ ഞങ്ങള്‍ എല്ലാം പൊക്കിവെച്ചിരുന്നത് കൊണ്ട് ഒന്നും നഷ്ടപ്പെട്ടില്ല. മഴ പെയ്യരുതെന്ന് ഞങ്ങള്‍ പറയില്ല. എത്ര കര്‍ഷകരാണുള്ളത്. അവരുടെയെല്ലാം കാര്യങ്ങള്‍ നടക്കണമെങ്കില്‍ മഴ വേണം. പക്ഷേ ഞങ്ങളുടെ വീട്ടില്‍ വെള്ളം കയറരുതെന്നാണ് പ്രാര്‍ത്ഥന.” റംല ബാവ വോക്ക് മലയാളത്തോട് പറഞ്ഞു.

വെള്ളക്കെട്ടുണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്ന കമ്മ്യൂണിറ്റി ഹാള്‍ Copyright@Woke Malayalam

നഗരത്തിന്റെ മാലിന്യം പേറെണ്ടവരാണ് കോളനികളില്‍ ജീവിക്കുന്നവര്‍ എന്ന പൊതു- മുഖ്യധാരാ രാഷ്ട്രീയ ബോധങ്ങളുടെ ഇരകളാണ് ശാന്തിപുര കോളനിക്കാരും. കേരള മോഡല്‍ വികസനത്തിലെ ആധുനിക കോളനികളായ ലൈഫ് ഫ്‌ളാറ്റ് സംവിധാനത്തിലേയ്ക്ക് പോലും പരിഗണിക്കപ്പെടാത്തവരായി ശാന്തിപുരം കോളനിക്കാര്‍ക്ക് ഈ മാലിന്യം പേറെണ്ടി വരുന്നത് ഭൂമി, സാമൂഹിക മൂലധനം, അധികാരം എന്നിവയൊക്കെ ഇവര്‍ക്ക് വിദൂരത്തായത് കൊണ്ടാണ്.

കൊച്ചി നഗരസഭയില്‍ അധികാരത്തിലേറിയ എല്‍ഡിഎഫ് ‘എല്ലാവര്‍ക്കും വീട്’ എന്ന പ്രഖ്യാപിതനയം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് 2022 മെയ് 10 ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നുകോടി പദ്ധതിച്ചെലവില്‍ ശാന്തിപുരം കോളനി പുനര്‍നിര്‍മിക്കുന്നതിനുള്ള കര്‍മപദ്ധതി നടപ്പാക്കുമെന്ന് ‘എല്ലാവര്‍ക്കും വീട്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ പറയുന്നുണ്ട്.

ഇതിപ്പോള്‍ 2024 മെയ് മാസത്തില്‍ എത്തിനില്‍ക്കുന്നു. പദ്ധതി പ്രഖ്യപിച്ച് രണ്ട് മഴക്കാലം കടന്നുപോയി. മലിന ജലത്തോടും പകര്‍ച്ച വ്യാധികളോടും പടവെട്ടി സര്‍ക്കാര്‍ തിരിഞ്ഞുനോക്കുമെന്ന പ്രതീക്ഷയില്‍, ഭയത്തോടെ ജൂണിലേയ്ക്ക് ഉറ്റുനോക്കുകയാണ് ശാന്തിപുരം കോളനിയിലുള്ളവര്‍.

FAQs

എന്താണ് നഗരമാലിന്യം?

ഗാർഹിക മാലിന്യങ്ങളും വ്യാപാര സംബന്ധമായ മാലിന്യങ്ങളും ഉള്‍പ്പെട്ടതാണ് നഗരമാലിന്യം.

എന്താണ് മഴ?

സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേയ്ക്ക് ഉയർന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങൾ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തിൽ പതിക്കുന്നതാണ് മഴ.

എന്താണ് വെള്ളക്കെട്ട്?

ജലാശയങ്ങളോട് ചേർന്ന താഴന്ന പ്രദേശങ്ങളിൽ അതുമല്ലെങ്കിൽ ഒഴുകി പോകാൻ നിർവാഹമില്ലാതെ വെള്ളം വലിയ അളവിൽ ഒരു പ്രേദേശത്ത് തങ്ങി നിൽക്കുന്ന അവസ്ഥാവിശേഷം ആണ് വെള്ളക്കെട്ട്.

Quotes

“മറ്റുള്ളവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നവർ അത് സ്വയം അർഹിക്കുന്നില്ല- എബ്രഹാം ലിങ്കൺ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.