തെഹ്‌റാൻ: ഇറാൻ പ്രസിഡൻറ് ഇബ്രാഹിം റഈസിയുടെയും സംഘത്തിന്റെയും മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഇറാൻ സായുധ സേന മേധാവി പുറത്തുവിട്ടു. തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ വെടിയുണ്ടകളോ സമാന വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടിനെ ഉദ്ധരിച്ച് സിൻഹുവ ഏജൻസി നൽകിയ വാർത്തയിൽ പറയുന്നത്.
സാങ്കേതിക വിദഗ്ധർ അടങ്ങുന്ന മുതിർന്ന അന്വേഷണ സമിതി തിങ്കളാഴ്ച രാവിലെ സംഭവസ്ഥലത്തെത്തി ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചിരുന്നു. ഹെലികോപ്ടർ റൂട്ടിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ഗതിയിൽ തന്നെയാണ് സഞ്ചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വാച്ച് ടവറും ഫ്ലൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തിൽ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. പർവതത്തിൽ ഇടിച്ച ശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം വിശദ വിവരങ്ങൾ നൽകുമെന്നും സായുധ സേന മേധാവി അറിയിച്ചു. ഞായറാഴ്ചായാണ് റഈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.