Wed. Dec 18th, 2024

മുംബൈ: കാമ്പസില്‍ വിദ്യാർത്ഥികൾ ഹിജാബും ബുര്‍ഖയും ധരിക്കുന്നത് വിലക്കി മുംബൈ ചെമ്പൂർ ആചാര്യ മറാത്തെ കോളേജ്. ജൂണിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷം മുതലാണ് ഡിഗ്രി വിദ്യാർത്ഥികൾക്കുള്ള ഡ്രസ് കോഡ് പ്രാബല്യത്തിൽ വരുന്നത്.

ബുർഖ, ഹിജാബ്, ബാഡ്ജ്, തൊപ്പി എന്നിവയുൾപ്പെടെ മതപരമായി തിരിച്ചറിയപ്പെടുന്ന വസ്ത്രങ്ങൾ കോളേജിനുള്ളിൽ അനുവദനീയമല്ലെന്നാണ് പുതിയ ഡ്രസ് കോഡിൽ പറയുന്നത്. മതപരമായ വസ്ത്രങ്ങൾ ധരിച്ച് എത്തുന്ന വിദ്യാര്‍ത്ഥികൾക്ക്, കോളേജിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക മുറിയിൽ എത്തി അവ നീക്കം ചെയ്ത ശേഷം മാത്രമേ ക്ലാസുകളിൽ പ്രവേശനം അനുവദിക്കുകയുള്ളു.

അതേസമയം, പരിഷ്കരിച്ച ഡ്രസ് കോഡ് സംബന്ധിച്ച് ഔദ്യോഗിക സർക്കുലർ കോളേജ് അഡ്മിനിസ്‌ട്രേഷൻ പുറത്തിറക്കിയിട്ടില്ല. രണ്ട്- മൂന്ന് വർഷ ബിരുദ വിദ്യാർത്ഥികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലാണ് ഡ്രസ് കോഡിന്റെ മാർഗനിർദേശങ്ങൾ നൽകിയത്.

ഇതിനെ തുടർന്ന് വിദ്യാര്‍ത്ഥികളിൽ ഡ്രസ് കോഡ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതർക്ക് പരാതി നൽകി.

ആണ്‍കുട്ടികള്‍ ഫുള്‍ കൈ അല്ലെങ്കില്‍ ഹാഫ് കൈ ഷര്‍ട്ടും ട്രൗസറും പെണ്‍കുട്ടികള്‍ ‘മോഡസ്റ്റായ’ ഇന്ത്യൻ അല്ലെങ്കിൽ പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കണമെന്നുമായിരുന്നു നിര്‍ദേശം.