Fri. Nov 22nd, 2024

ന്യൂഡൽഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിനും പാര്‍ശ്വഫലങ്ങളുണ്ടെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠനം. കൊവാക്സിൻ സ്വീകരിച്ച മൂന്നില്‍ ഒരാള്‍ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി പഠനത്തിൽ പറയുന്നു.

ജർമനി ആസ്ഥാനമായുള്ള സ്പ്രിം​ഗർ നേച്ചർ എന്ന ജേർണലിലാണ് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൗമാരാക്കാരായ പെണ്‍കുട്ടികളും മറ്റു അസുഖബാധിതരായവരും കൊവാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരു വർഷത്തോളം 926 പേരെ നിരീക്ഷിച്ച് ആരോ​ഗ്യ വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും അണുബാധയുണ്ടായത് ശ്വസനേന്ദ്രിയത്തിലാണ്. ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍, ചര്‍മരോഗങ്ങള്‍ തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പഠനത്തിൽ പറയുന്നു. നാല് പേരുടെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാക്‌സിന് പിന്നാലെ ആര്‍ത്തവ സംബന്ധമായ തകരാറുകള്‍, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം, ഗീലന്‍ ബാര്‍ സിന്‍ഡ്രോം തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്തതായി പഠനത്തില്‍ പറയുന്നുണ്ട്. അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നവരിലാണ് പാര്‍ശ്വഫലങ്ങള്‍ കൂടുതല്‍ കണ്ടതെന്നും വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, കൊവാക്സിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പഠനം ഫലപ്രദവും പക്ഷാപാതപരമല്ലാത്തതുമാകണമെങ്കില്‍, വാക്‌സിന്‍ സ്വീകരിക്കാത്തവരുടെയും മറ്റു വാക്‌സിനുകള്‍ സ്വീകരിച്ചവരുടെയും ആരോഗ്യസ്ഥിതിയെ കുറിച്ച് പഠിക്കണമെന്ന് ഭാരത് ബയോടെക് പ്രതികരിച്ചു.