Fri. Nov 22nd, 2024

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്നും ചില വാക്കുകളും പരാമർശങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ദൂരദർശനും ആകാശവാണിയും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി ദേവരാജന്റെയും പ്രസംഗങ്ങളിൽ നിന്നും ‘വര്‍ഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘ക്രൂരമായ നിയമങ്ങള്‍’, ‘മുസ്‌ലിം’ എന്നീ വാക്കുകൾ ഒഴിവാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൂടാതെ, സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിൽ നിന്ന് ഭരണത്തിന്റെ ‘പാപ്പരത്തം’ എന്ന പ്രയോഗം മാറ്റാനും നിർദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആകാശവാണിയിലും ദൂരദർശനിലും അനുവദിക്കുന്ന പ്രക്ഷേപണ സമയത്തിലേക്ക് നടത്തിയ പ്രസംഗങ്ങളിലാണ് നടപടി.

പ്രസംഗം റെക്കോര്‍ഡ് ചെയ്യുന്നതിന് മുമ്പ് എഴുതി നല്‍കണമെന്ന് ദൂരദര്‍ശന്‍ ആവശ്യപ്പെടുകയും ഇപ്രകാരം എഴുതി നല്‍കിയപ്പോൾ പരാമര്‍ശവും വാക്കുകളും നീക്കം ചെയ്യാന്‍ ദൂരദര്‍ശന്‍ ആവശ്യപ്പെടുകയുമായിരുന്നു. സീതാറാം യെച്ചൂരിയുടെ പ്രസംഗം ഡല്‍ഹിയിലും ദേവരാജന്റെ പ്രസംഗം കൊല്‍ക്കത്തയിലുമാണ് റെക്കോര്‍ഡ് ചെയ്തത്.

അതേസമയം, ദൂരദര്‍ശനും ആകാശവാണിയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളാണ് അനുസരിക്കുന്നതെന്നും മുഖ്യമന്ത്രിമാരുൾപ്പെടെ മിക്ക നേതാക്കളുടെ പ്രസംഗങ്ങളിലും തിരുത്ത് വരുത്താറുണ്ടെന്നും പ്രസാര്‍ ഭാരതി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ആറ് ദേശീയ പാര്‍ട്ടികള്‍ക്കും 59 സംസ്ഥാന പാര്‍ട്ടികള്‍ക്കാണ് ദൂരദർശനും ആകാശവാണിയും വഴി പ്രചാരണത്തിന് അനുമതിയുള്ളത്.