Sun. Dec 22nd, 2024

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്. ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിയുടെ നാവിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിക്കാണ് ശസ്ത്രക്രിയ മാറി ചെയ്തത്.

ശസ്ത്രക്രിയക്കായി കുട്ടിയെ കൊണ്ടുപോകുമ്പോള്‍ വീട്ടുകാര്‍ ഒപ്പമുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടിയുടെ നാവിനടിയിൽ പഞ്ഞി തിരുകിയത് കണ്ടാണ് വീട്ടുകാർ കാര്യം അന്വേഷിക്കുന്നത്.

തുടർന്നാണ് അധികൃതർക്ക് അബദ്ധം മനസിലായത്. പിന്നീട് കുട്ടിയുടെ കൈക്കും ശസ്ത്രക്രിയ നടത്തി. സംഭവത്തിൽ ഡോക്ടർ കുടുംബത്തോട് മാപ്പ് പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

നാവിന് താഴെ ഒരു കെട്ടുപോലെ ഉണ്ടായിരുന്നെന്നും ഇത് ഡോക്ടർമാർ കണ്ടെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് ഡോക്ടമാർ മറുപടി നൽകിയതായാണ് വിവരം. എന്നാൽ, കുട്ടിക്ക് അങ്ങനെ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.