Fri. Nov 22nd, 2024

ന്യൂഡൽഹി: എല്‍ടിടിഇയെ (ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം) നിരോധിച്ചത് അഞ്ച് വര്‍ഷത്തേക്ക് നീട്ടി കേന്ദ്ര സർക്കാർ. എല്‍ടിടിഇ അനുകൂലികള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണം തുടരുന്നതായാണ് നിരോധനം നീട്ടികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്രം വിശദീകരിക്കുന്നത്.

രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കുമെതിരായ പ്രവര്‍ത്തനങ്ങൾ എല്‍ടിടിഇ തുടരുന്നതിനാലാണ് നിരോധനം നീട്ടാന്‍ കാരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് ആഭ്യന്തര മന്ത്രാലയം എല്‍ടിടിഇയുടെ നിരോധനം നീട്ടിയത്.

അതേസമയം, 1991 ൽ രാജീവ് ഗാന്ധി വധത്തിന് ശേഷമാണ് എല്‍ടിടിഇയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. പിന്നീട് എല്ലാ അഞ്ച് വര്‍ഷവും എല്‍ടിടിഇയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്നത് തുടര്‍ന്നിരുന്നു.

എല്‍ടിടിഇയെ നിരോധിച്ച തീരുമാനം പിന്‍വലിക്കണമെന്നുമുള്ള തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം നീട്ടികൊണ്ട് പുതിയ ഉത്തരവിറക്കിയത്.