ആലപ്പുഴ: ജില്ലയിൽ എച്ച് 1 എൻ 1 പനി വ്യാപിക്കുന്നു. ഈ വർഷം ആലപ്പുഴയിൽ 35 എച്ച് 1 എൻ 1 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മതിയായ ചികിൽസ ലഭ്യമാണെന്നും ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
ഏപ്രിൽ, മെയ് മാസങ്ങളിലായി ഒൻപത് കേസുകൾ വീതമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. തുടർച്ചയായ തുമ്മൽ, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛർദ്ദി എന്നിവ എച്ച് 1 എൻ 1 പനിയുടെ ലക്ഷണങ്ങളാണ്. പ്രമേഹം, രക്തസമ്മർദ്ദം, ശ്വാസകോശ, വൃക്ക രോഗങ്ങൾ തുടങ്ങിയവയ്ക്ക് ചികിത്സ തേടുന്നവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ പക്ഷിപ്പനിക്ക് പിന്നാലെയാണ് എച്ച് 1 എൻ 1 പനിയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എച്ച് 1 എൻ 1 പനിക്ക് പക്ഷിപ്പനിയുമായി ബന്ധമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കി. എന്നാൽ പനി, ജലദോഷം,തുമ്മൽ, ചുമ , ശരീരവേദന ശ്വാസം മുട്ടൽ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രികളിൽ എത്തി ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.