Sat. Jan 18th, 2025

ബെംഗളുരു: ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ച ഹാസനിലെ ബിജെപി നേതാവ് ദേവരാജെ ഗൗഡ അറസ്റ്റില്‍. ലൈംഗികാതിക്രമ കേസിലാണ് ദേവരാജെ ഗൗഡയെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്ത് വരുന്ന വിവരം.

ഹാസനിലെ 36 കാരി നല്‍കിയ പരാതിയിലാണ് ദേവരാജെ ഗൗഡയ്ക്കെതിരെ ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തതെന്നാണ് വിവരം. സ്വത്ത് വില്‍ക്കാന്‍ സഹായിക്കാമെന്ന വ്യാജേന തന്നെ പീഡിപ്പിച്ചെന്നാണ് 36 കാരി നല്‍കിയ പരാതി.

എന്നാൽ, പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിലാണ് ദേവരാജെ ഗൗഡയുടെ അറസ്റ്റെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2023 ൽ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്ഡി രേവണ്ണയ്ക്കെതിരെ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ദേവരാജെ ഗൗഡ.

പ്രജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുകയും ദേവരാജെ ഗൗഡ ചെയ്തിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ജെഡിഎസുമായി സഖ്യമുണ്ടാക്കിയ ബിജെപി ഹാസനില്‍ പ്രജ്വലിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതേസമയം, ലൈംഗികാരോപണകേസിൽ അകപ്പെട്ട പ്രജ്വലിനെതിരെ കഴിഞ്ഞ ദിവസം ഒരു ബലാത്സംഗക്കേസുകൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.

ഏപ്രില്‍ 26 നായിരുന്നു ഹാസന്‍ ലോക്സഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതിന് തൊട്ടുപിന്നാലെയാണ് ലൈംഗികാരോപണം ഉയർന്നത്.