Sun. Nov 17th, 2024

അഹമ്മദാബാദ്: ഗുജറാത്തിലെ 600 വർഷം പഴക്കമുള്ള ഇമാം ഷാഹ് ബാവ ദർഗ തകർത്ത് കാവിക്കൊടികൾ സ്ഥാപിച്ച് ഹിന്ദുത്വവാദികൾ. സംഘർഷത്തിൽ 30 ലധികം ആളുകളെ അറസ്റ്റ് ചെയ്തു. മെയ് ഏഴിന് ഗുജറാത്തിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ദർഗ ആക്രമിക്കപ്പെട്ടത്.

ആക്രമണത്തില്‍ ദര്‍ഗയുടെ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അഹമ്മദാബാദിലെ പിരാനാ ഗ്രാമത്തിലാണ് ദർഗ സ്ഥിതി ചെയ്യുന്നത്.

“ദർഗയുടെ ട്രസ്റ്റ് കൈകാര്യം ചെയ്തതിരുന്നത് ഹിന്ദുക്കളും മുസ്‍ലിംകളും ചേർന്നാണ്. ചില അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷവും കല്ലേറും  ഉണ്ടായതായി” അഹമ്മദാബാദ് (റൂറൽ) പോലീസ് സൂപ്രണ്ട് ഓംപ്രകാശ് ജാട്ട് പറഞ്ഞു.

ഹിന്ദു – മുസ്‍ലിം സൗഹാർദത്തിന്റെ പ്രതീകമായി കണക്കാക്കുന്ന പിരാന ദര്‍ഗ ഇമാം ഷാഹ് ബാവ ട്രസ്റ്റിന്‍റെ നിയന്ത്രണത്തിലാണ്. ഹിന്ദു – മുസ്‍ലിം സമുദായത്തിൽപ്പെട്ടവരും ദർഗ നടത്തിപ്പ് കമ്മിറ്റിയിലെ അംഗങ്ങളാണ്.

കൊലപാതകശ്രമം, കലാപം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി 35 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

അതേസമയം, ദർഗയെ ചൊല്ലി സമീപകാലങ്ങളിലായി ഇരുവിഭാഗങ്ങളും തമ്മിൽ അവകാശവാദങ്ങൾ ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്തിൽ ഹിന്ദു വിഭാഗം ഇമാം ഷാഹ് ബാവയെ ‘സദ്ഗുരു ഹൻസ്റ്റേജ് മഹാരാജ്’ എന്ന് പുനർനാമകരണം ചെയ്തിരുന്നു. ഇത് പ്രധിഷേധത്തിന് ഇടയാക്കിയിരുന്നു. ദർഗയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ഉപവാസ സമരവും നടന്നിരുന്നു.

ദര്‍ഗയെ ഹിന്ദു ക്ഷേത്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2022 ല്‍ മുസ്ലിം സംഘടനകള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും അത് പരിഗണിക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.