Wed. Jan 22nd, 2025

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലെ തർക്കവുമായി ബന്ധപ്പെട്ട കേസിൽ കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു. ബസിലെ സിസിടിവി മെമ്മറി കാർഡ് കാണാതായതിലാണ് കണ്ടക്ടറെ തമ്പാനൂർ പോലീസ് ചോദ്യം ചെയ്യുന്നത്.

അതേസമയം, സംഭവത്തിൽ ആര്യ രാജേന്ദ്രന്റെയും സച്ചിൻദേവ് എംഎൽഎയുടെയും മൊഴിയെടുത്തിട്ടില്ല. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ മൊഴിയെടുത്തിരുന്നു.

യദു നൽകിയ ഹർജിയിലെ ആവശ്യങ്ങളെല്ലാം അന്വേഷിക്കണമെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. കോടതി നിർദേശത്തെ തുടർന്ന് ആര്യക്കും സച്ചിൻ ദേവിനുമെതിരെ കന്റോൺമെന്‍റ് പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.

എഫ്ഐആറില്‍ ആര്യ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാര്‍ഡ് പ്രതികള്‍ സ്വാധീനമുപയോഗിച്ച് നശിപ്പിച്ചുവെന്ന് എഫ്ഐആറില്‍ പറയുന്നു.