Wed. Jan 22nd, 2025

ഗാസ: ഗാസയിലെ അൽ ശിഫ ആശുപത്രിയി​ൽ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തി. 49 മൃതദേഹങ്ങൾ തലയറുത്ത് മാറ്റിയ നിലയിലാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ആശുപത്രി കോമ്പൗണ്ടിൽ കണ്ടെത്തുന്ന മൂന്നാമത്തെ കൂട്ടക്കുഴിമാടമാണിത്.

കൊല്ലപ്പെട്ടവരിൽ അധികവും ആശുപത്രിജീവനക്കാർ, രോഗികൾ, കുടിയിറക്കപ്പെട്ടവർ, സാധാരണക്കാർ, കുട്ടികൾ എന്നിവരാണ്. ആശുപത്രിയിലേക്ക് കയറിയ ഇസ്രായേൽ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് വിലയിരുത്തൽ.

ഗാസയിൽ ഒക്ടോബർ ഏഴിന് ശേഷം കണ്ടെത്തുന്ന ഏഴാമത്തെ കൂട്ടക്കുഴിമാടമാണിത്. ഏഴ് കൂട്ടക്കുഴിമാടത്തിൽ നിന്ന് ഇതുവരെ 520 മൃതദേഹങ്ങളെങ്കിലും പുറത്തെടുത്തിട്ടു​ണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഫലസ്തീനികളോടുള്ള ഇസ്രായേൽ സൈന്യത്തിൻ്റെ ക്രൂരതയുടെ കൂടുതൽ തെളിവാണ് ഈ കൂട്ടക്കുഴിമാടമെന്ന് ഹമാസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഇസ്രായേൽ സൈന്യം അൽ ശിഫയിൽ നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് ആളുകളെ കാണാതായതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.

അതേസമയം, കൂട്ടക്കുഴിമാടം ഉണ്ടാക്കി ആളുകളെ കൊന്ന് കുഴിച്ച് മൂടുന്നത് നേരിൽ കണ്ടതായി ആശുപത്രി ജീവനക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.