Sat. Oct 5th, 2024

ഇന്ത്യയിലെ മതന്യൂനപക്ഷ ജനസംഖ്യയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ വിവരങ്ങൾ തെറ്റായി വ്യാഖ്യാനിച്ചിരിക്കുകയാണെന്ന് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. 

രാജ്യത്തെ ഹിന്ദു  ജനസംഖ്യ കുറഞ്ഞുവെന്നും മുസ്ലിം, ക്രൈസ്തവ ജനസംഖ്യ  കൂടിയെന്നുമാണ് സാമ്പത്തിക ഉപദേശക കൗൺസിൽ തയ്യാറാക്കിയ വർക്കിങ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വർക്കിങ് റിപ്പോർട്ടിലെ വിവരങ്ങൾ കൃത്യമല്ലെന്നും മറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പറയുന്നു.

1950 മുതൽ 2015 വരെയുള്ള കാലയളവിൽ മുസ്ലീം ജനസംഖ്യയിൽ 43.15 ശതമാനം വർദ്ധനവുണ്ടായതായാണ് ഷെയർ ഓഫ് റിലീജിയസ് മൈനോരിറ്റീസ് എ ക്രോസ് കൺട്രി അനാലിസിസ് എന്ന റിപ്പോർട്ടിൽ പറയുന്നത്. ഹിന്ദുക്കളുടെ ജനസംഖ്യ 84.68 ശതമാനത്തിൽ നിന്ന് 7.82 ശതമാനം കുറഞ്ഞ് 78.06 ശതമാനമായി എന്നും ക്രിസ്ത്യാനികളുടെ ജനസംഖ്യയിൽ 5.38 ശതമാനവും സിഖുകാരുടെ  ജനസംഖ്യയിൽ 6.58 ശതമാനവും വർദ്ധനവുണ്ടായെന്നും  റിപ്പോർട്ടിൽ പറയുന്നുണ്ട്. 

എന്നാൽ 2011 ന് ശേഷം ഇന്ത്യയിൽ സെൻസസ് നടത്തിട്ടില്ല. പിന്നെ എന്തിൻ്റെ അടിസ്ഥാനത്തിലാണ് 2015ലെ കണക്കുകൾ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. 

1950 മുതൽ 2015 വരെയുള്ള മതവിഭാഗങ്ങളുടെ ജനസംഖ്യയിലെ ശതമാനമാണ് കണക്കാക്കിയിരിക്കുന്നത്. മാത്രമല്ല 1950 ലെ ജനസംഖ്യയുമായി താരത്മ്യം ചെയ്താണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ മുസ്ലീം ജനസംഖ്യയിലെ വർദ്ധനവ് 4.25 ശതമാനമാണ്. എന്നാൽ 43.15 ശതമാനം വർദ്ധനവാണ് റിപ്പോർട്ടിൽ കാണിച്ചിരിക്കുന്നത്. ബുദ്ധമതക്കാർക്കും ജൈനമതക്കാർക്കും വേണ്ടി ഈ രീതി ഉപയോഗിച്ചിച്ചില്ല. അങ്ങനെയായിരുന്നുവെങ്കിൽ  ബുദ്ധമതക്കാരുടെ ജനസംഖ്യയിൽ 1520 ശതമാനം വർദ്ധനവ് കാണിക്കുമായിരുന്നു.

ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾ സംരക്ഷിക്കപ്പെടുക മാത്രമല്ല അഭിവൃദ്ധി പ്രാപിക്കുകയാണെന്നാണ് വർക്കിങ്ങ് റിപ്പോർട്ട് തയ്യാറാക്കിയവർ വാദിക്കുന്നത്. ബംഗ്ലാദേശ്, പാകിസ്ഥാൻ, ഭൂട്ടാൻ, ശ്രീലങ്ക, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ വലിയൊരു വർദ്ധനവാണെന്നും ബംഗ്ലാദേശ്, പാകിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ ഭൂരിപക്ഷ മതവിഭാഗത്തിൻ്റെ പങ്ക് വർദ്ധിക്കുകയും ന്യൂനപക്ഷ ജനസംഖ്യ കുറയുകയാണെന്നും വർക്കിങ്ങ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ വിജയകരമായ കുടുംബാസൂത്രണമാണ് ഇന്ത്യയെ അപേക്ഷിച്ച് അവിടെ ജനന നിരക്ക് കുറയുവാനുള്ള കാരണമെന്നും സ്ത്രീകളുടെ വിദ്യാഭ്യാസം, മികച്ച തൊഴിലവസരങ്ങൾ, ഗർഭനിരോധനമാർഗങ്ങൾ തുടങ്ങിയവയിലൂടെയാണ് അത് സാധ്യമായതെന്നും പോപുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി. 

ഉപദേശക സമിതിയുടെ വർക്കിങ്ങ് റിപ്പോർട്ട് പുറത്തുവന്നതോടെ ബിജെപി വിദ്വേഷം പരത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. 2021ൽ നടത്തേണ്ട സെൻസസ് ഇതുവരെയും നടത്തിയിട്ടില്ലെന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ വർഗീയ വിഷയങ്ങളുണ്ടാക്കുകയാണെന്നും ആർജെഡി നേതാവ് തേജസ്വി യാദവ് വിമർശിച്ചു.