‘ബേട്ടി ബചാവോ, ബേട്ടി പഠാവോ’, സ്ത്രീകളുടെ സംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനുമായി നിലകൊള്ളുന്നതാണ് തങ്ങളുടെ സർക്കാർ എന്ന് പ്രഖ്യാപിച്ച് ബിജെപി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണിത്. നാരീ ശക്തി പോലുള്ള സ്ത്രീപക്ഷ പദ്ധതികൾ ഉയർത്തിയാണ് തിരഞ്ഞെടുപ്പിൽ ബിജെപി വോട്ട് തേടിയതും. എന്നാൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയുകയല്ല വർദ്ധിക്കുകയാണ് ചെയ്തത്. അതിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത്, സ്ത്രീസുരക്ഷ ഉറപ്പ് നൽകിയ രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളും.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനേക്കാൾ ബിജെപി പ്രാധാന്യം നൽകുന്നത് തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനാണെന്ന് തെളിയിക്കുന്നതാണ് പ്രജ്വൽ രേവണ്ണയുടേയും കരൺ ഭൂഷൺ സിങ്ങിൻ്റെയും കാര്യത്തിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
കർണാടകയിലെ ലൈംഗികാതിക്രമണ കേസിലെ മുഖ്യപ്രതിയാണ് ഹാസനിലെ ലോക്സഭ സ്ഥാനാർത്ഥിയായ പ്രജ്വൽ രേവണ്ണ. മുൻ പ്രധാന മന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകൻ കൂടിയാണ് പ്രജ്വൽ രേവണ്ണ. ജെഡിഎസ് എംഎൽഎയും പ്രജ്വൽ രേവണ്ണയുടെ പിതാവുമായ എച്ച് ഡി രേവണ്ണക്കെതിരെയും ലൈംഗിക പരാതികൾ ഉയർന്നിരുന്നു. വീട്ടുജോലിക്കാരായ സ്ത്രീകളെ പ്രജ്വൽ രേവണ്ണ ബലാൽസംഘം ചെയ്തുവെന്നും അതിൻ്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. പ്രജ്വൽ നടത്തിയ അതിക്രമങ്ങളുടെ മൂവായിരത്തിലധികം വീഡിയോകളും പുറത്തുവന്നിരുന്നു.
കൂടുതൽ സ്ത്രീകൾ ആരോപണവുമായി മുന്നോട്ട് വരികയും പ്രശ്നം വിവാദമാവുകയും ചെയ്തതോടെ ഏപ്രിൽ 26 ന് ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്നതിന് പിന്നാലെ പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് കടക്കുകയും ചെയ്തു. 2023 മുതൽ തന്നെ പ്രജ്വൽ രേവണ്ണ നടത്തിയ ലൈംഗികാതിക്രമത്തിൻ്റെ വീഡിയോകളെക്കുറിച്ചുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ഔദ്യോഗികമായി പരാതികൾ രജിസ്റ്റർ ചെയ്തിരുന്നില്ല. തനിക്കെതിരെയുള്ള വീഡിയോയിലെ ചിത്രങ്ങൾ മോർഫ് ചെയ്തതാണെന്നും നവീൻ ഗൗഡയെന്ന പ്രാദേശിക കോൺഗ്രസ് നേതാവാണ് ഇതിനു പിന്നിലെന്നും പ്രജ്വൽ രേവണ്ണ വാദിച്ചിരുന്നു.
രേവണ്ണ ഹാസനിൽ നിന്നും മത്സരിക്കുന്നതിനെതിരെ പ്രാദേശിക ബിജെപി നേതാവ് ദേവരാജ ഗൗഡയും എതിർപ്പുന്നയിച്ചിരുന്നു. എന്നാൽ 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് ജെഡിഎസ് പ്രജ്വൽ രേവണ്ണയെ നാമനിർദേശം ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പിന് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പ്രജ്വൽ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൻ്റെ വീഡിയോകൾ ഹാസനിൽ പ്രചരിക്കാൻ തുടങ്ങിയത്. അധികം വൈകാതെ ഇരകൾ സാമൂഹ്യമാധ്യമങ്ങളിലൂടെയും രംഗത്തെത്തി. എന്നാൽ ഇലക്ഷൻ കമ്മീഷനോ, സംസ്ഥാന സർക്കാരോ ഇതിനെതിരെ യാതൊരു നടപടിയും പ്രാരംഭ ഘട്ടത്തിൽ കൈക്കൊണ്ടിരുന്നില്ല.
എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 27 ന് ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് രേവണ്ണ ഇന്ത്യ വിട്ടു. തുടർന്ന് ജെഡിഎസ് രേവണ്ണയെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം രേവണ്ണയ്ക്കുവേണ്ടി ലുക്കൗട്ട് നോട്ടീസും പുറത്തുവിട്ടിരുന്നു. എന്നാൽ ഇതെല്ലാം പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് കടന്നതിന് ശേഷമായിരുന്നു. കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ പോലും നടപടി സ്വീകരിച്ചത് വളരെ വൈകിയാണ്.
എൻഡിഎ സർക്കാർ സ്ത്രീകൾക്കെതിരായി അതിക്രമം നടത്തുന്ന നേതാക്കൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ മനപൂർവ്വം അവഗണിക്കുയാണ് ചെയ്യുന്നത്. ഏപ്രില്‍ 14ന് രേവണ്ണയ്ക്കും ദേവഗൗഡയ്ക്കുമൊപ്പം മൈസൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചരണത്തിനിറങ്ങുകയും അത് തൻ്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ഗുസ്തി താരങ്ങൾ ലൈംഗികാരോപണവുമായി രംഗത്തെത്തുകയും സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ബ്രിജ് ഭൂഷനെതിരെ കേന്ദ്ര സർക്കാർ നടപടിയൊന്നും സ്വീകരിച്ചില്ല. ഗുസ്തി ഫെഡറേഷൻ്റെ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ബ്രിജ് ഭൂഷൻ്റെ ഏറ്റവും അടുത്ത സഹായിയായ ഒരാളെ നിയമിച്ചതിനെ തുടർന്ന് ഗുസ്തി താരം സാക്ഷി മാലിക് ഗുസ്തിയിൽ നിന്നും വിരമിച്ചതും ഏറെ ചർച്ചയായിരുന്നു.
ബ്രിജ് ഭൂഷൺ സിങ്ങിൻ്റെ സിറ്റിങ്ങ് സീറ്റാണ് ഇപ്പോൾ മകൻ കരൺ ഭൂഷൺ സിങ്ങിന് ബിജെപി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ നിന്നാണ് ഉത്തർപ്രദേശ് ഗുസ്തി ഫെഡറേഷൻ്റെ അധ്യക്ഷനായ കരൺ ഭൂഷൺ സിങ്ങ് മത്സരിക്കുന്നത്. ബ്രിജ് ഭൂഷൻ്റെ മകന് സ്ഥാനാർഥിത്ഥ്വം നൽകിയതിനെക്കുറിച്ച് സാക്ഷി മാലിക് കുറിച്ചത് ഇങ്ങനെയായിരുന്നു, ‘ഇന്ത്യയിലെ പെൺമക്കൾ തോറ്റു, ബ്രിജ് ഭൂഷൺ ജയിച്ചു. ബ്രിജ് ഭൂഷൻ്റെ മകന് മത്സരിക്കാനുള്ള ടിക്കറ്റ് നൽകികൊണ്ട് രാജ്യത്തെ പെൺകുട്ടികളുടെ മനോവീര്യം തകർത്തു. ഒരാളുടെ മുന്നിൽ ഇത്ര ദുർബലാരാണോ ഇന്ത്യയിലെ സർക്കാർ?’.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ എംഎൽഎമാരും എംപിമാരും പ്രതികളാകുമ്പോൾ പലപ്പോഴും ബിജെപി സർക്കാർ കണ്ണടക്കുകയാണ്. ലൈംഗിക കുറ്റവാളികളെ നിയമനിർമാണ സഭയിൽ ഉൾപ്പെടുത്തി, മറുവശത്ത് സ്ത്രീകളുടെ അന്തസിനായി പ്രയത്നിക്കുന്നുവെന്ന് കൊട്ടിഘോഷിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്.