Sat. Jan 18th, 2025

മുംബൈ: മഹാരാഷ്ട്രയിലെ നഗരങ്ങളായ ഔറംഗബാദിന്റെയും ഒസ്മാനബാദിന്റെയും പേരുമാറ്റം ശരിവച്ച് ബോംബെ ഹൈക്കോടതി. ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദിനെ ധാരാശിവ് എന്നും പേരുമാറ്റിയ സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെയാണ് കോടതി അംഗീകരിച്ചത്.

ജസ്റ്റിസ് ദേവേന്ദ്ര ഉപാധ്യായ, ജസ്റ്റിസ് ആരിഫ് എസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പേരുമാറ്റം നിർദേശിച്ചുള്ള സർക്കാരിന്റെ നടപടിയിൽ നിയപരമായ തടസ്സങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി.

ഉദ്ധവ് താക്കറെ സർക്കാരാണ് 2022 ജൂണിൽ രണ്ട് നഗരങ്ങളുടെയും പേര് മാറ്റത്തിന് അംഗീകാരം നൽകിയത്. പിന്നെ ഷിൻഡെ ഫഡ്‌നാവിസ് സർക്കാർ അധികാരത്തിലേറിയപ്പോൾ ഛത്രപതി സംഭാജിനഗർ എന്ന് മാറ്റുകയായിരുന്നു. പേരുമാറ്റത്തിനുള്ള തീരുമാനത്തിന് 2024 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം നൽകിയിരുന്നു.

മതസ്പർധ വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് പേരുമാറ്റം എന്നായിരുന്നു പേരുമാറ്റത്തിനെതിരായ പൊതുതാല്പര്യ ഹർജികളിലെ പ്രധാന വാദം. സംസ്ഥാനത്ത് മുസ്‌ലിം പേരുകളുള്ള സ്ഥലങ്ങളുടെയെല്ലാം പേരുമാറ്റാൻ കാംപെയ്‌നുകൾ നടക്കുന്നുണ്ടെന്നും ഹർജികളിൽ ഉന്നയിച്ചിരുന്നു.