ജിദ്ദ: സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം പ്രതിസന്ധിയിൽ. വാദിഭാഗം അഭിഭാഷകൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് മോചനം പ്രതിസന്ധിയിലായിരിക്കുന്നത്.
ഒരു കോടി 66 ലക്ഷം രൂപ നൽകണമെന്നാണ് വാദിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഫലം കൈമാറിയാലെ കോടതിയിലെ തുടർനടപടികൾ ഊർജിതമാക്കാനാകു എന്നാണ് റിയാദിലെ നിയമസഹായ സമിതി പറയുന്നത്.
അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധനമായ 34 കോടി രൂപ സൗദി അറേബ്യയിലെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി.
പ്രതിഫലം നൽകുന്നതിൽ വീഴ്ച ഉണ്ടായാൽ അബ്ദുൾ റഹീമിൻറെ മോചനം വൈകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.
അബ്ദുൾ റഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട ഉടമ്പടിയിൽ ഗവർണറേറ്റിന്റെ സാന്നിധ്യത്തിൽ വാദിഭാഗവും പ്രതിഭാഗവും ഒപ്പുവച്ച ശേഷമാണ് ദയാധനം കുടുംബത്തിന് കൈമാറുക. ഈ ഉടമ്പടി ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
മോചനദ്രവ്യം നൽകാൻ പ്രതിഭാഗവും അത് സ്വീകരിച്ച് അബ്ദുൾ റഹീമിന് മാപ്പ് നൽകാൻ വാദിഭാഗവും തയാറാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ നടപടിക്രമങ്ങൾ തുടങ്ങുന്നതിന് മുമ്പ് എതിർഭാഗം അഭിഭാഷകന്റെ പ്രതിഫലം കൂടി കൊടുത്താലെ അബ്ദുൾ റഹീമിന്റെ മോചിപ്പിക്കാൻ സാധിക്കു.