Wed. Jan 22nd, 2025

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ ജാമ്യം നല്‍കുകയാണെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഫയലുകളില്‍ ഒപ്പിടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. താന്‍ ഒപ്പിടാത്തതിന്റെ പേരില്‍ ഫയലുകള്‍ ലെഫ്റ്റനന്റ് ജനറല്‍ അംഗീകാരം നല്‍കാത്ത സാഹചര്യം ഉണ്ടാകരുതെന്നും കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി.

മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാള്‍ ഇടക്കാല ജാമ്യം തേടി നല്‍കിയ ഹർജിയില്‍ സുപ്രീം കോടതി വാദത്തിനിടെയാണ് നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ മാത്രം കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം, ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സുപ്രീം കോടി വ്യാഴാഴ്ചത്തേക്ക് മാറ്റി.

ഡല്‍ഹിയിലെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്.