Wed. Jan 22nd, 2025

കന്യാകുമാരി: കന്യാകുമാരിയിൽ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിന്‍ഡിഗള്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്.

സഹപാഠിയുടെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് വിദ്യാര്‍ത്ഥികള്‍ നാഗര്‍കോവിലില്‍ എത്തിയത്. വിവാഹത്തിന് ശേഷം ഇവര്‍ കന്യാകുമാരിയിലേക്ക് എത്തുകയായിരുന്നു. കുളിക്കാനിറങ്ങിയ ഏഴുപേര്‍ തിരയില്‍ പെട്ടുപോകുകയായിരുന്നു.

രണ്ട് വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. ഇവർ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, കടൽക്ഷോഭ മുന്നറിയിപ്പിനെ തുടർന്ന് ബീച്ചിൽ പ്രവേശനം വിലക്കിയിരുന്നതായി പോലീസ് അറിയിച്ചു.