Mon. Dec 23rd, 2024

ബെംഗളുരു: ലൈംഗികാരോപണകേസിൽ അകപ്പെട്ട ഹസനിലെ സിറ്റിങ് എംപി പ്രജ്വല്‍ രേവണ്ണക്കെതിരെ പുതിയ പരാതി. മുൻ ജില്ലാ പഞ്ചായത്ത് അംഗമാണ് പരാതി നൽകിയിരിക്കുന്നത്.

2021 ൽ നടന്ന ലൈംഗിക അതിക്രമം സംബന്ധിച്ച് മുൻ ജില്ല പഞ്ചായത്ത് അംഗം നൽകിയ പരാതിയിൽ പോലീസ് പ്രജ്വലിനെതിരെ കേസെടുത്തു.

കോളജ് വിദ്യാർത്ഥിനികൾക്ക് ഹോസ്റ്റൽ പ്രവേശനം ലഭിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി സമീപിച്ച തന്നെ പ്രജ്വൽ രേവണ്ണ എംപി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വെച്ച് പീഡിപ്പിക്കുകയും വീഡിയോ പകർത്തുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞതായും തുടർച്ചയായി ഉപദ്രവിച്ചതായും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പേടി കാരണമാണ് ഇത്രയും കാലം പുറത്ത് പറയാതിരുന്നതെന്നും പ്രജ്വലിനെതിരെ എസ്ഐടി അന്വേഷണം ആരംഭിച്ചതുകൊണ്ടാണ് വെളിപ്പെടുത്തുന്നതെന്നും പരാതിക്കാരി പറഞ്ഞു.

അതേസമയം, പ്രജ്വലുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദം തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ വീട്ടുവേലക്കാരിയെ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിൽ പ്രജ്വലിന്‍റെ പിതാവ് എച്ച് ഡി രേവണ്ണക്കെതിരെ കേസെടുത്തിട്ടുണ്ട്.

ലൈംഗിക അതിക്രമം കാണിച്ചുവെന്ന് മുമ്പ് പരാതി നൽകിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയതായാണ് പുതിയ പരാതി. സ്ത്രീയുടെ മകൻ രാജുവിന്റെ പരാതിയിൽ എച്ച് ഡി രേവണ്ണക്കെതിരെ മൈസൂരു ജില്ലയിലെ കെ ആർ നഗർ പോലീസാണ് കേസെടുത്തത്.