Fri. Nov 22nd, 2024

തിരുവനന്തപുരം: കേരളത്തിലെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവുകൾ ഉൾപ്പെടുത്തിയ ഉത്തരവ് പുറത്തിറക്കി. 

ഉത്തരവ് പ്രകാരം ഒരു ദിവസം 30 ടെസ്റ്റ് എന്നുള്ളത് 40 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 15 വർഷം കാലാവധിയുള്ള വാഹനങ്ങൾ ആറ് മാസത്തേക്ക് കൂടി ഡ്രൈവിങ്ങ് ടെസ്റ്റിന് ഉപയോഗിക്കാൻ അനുമതി നൽകും. വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലെച്ചുമുള്ള വാഹനം മാറ്റാൻ മൂന്ന് മാസത്തെ സാവകാശവും അനുവദിക്കും.

അതേസമയം, ഡ്രൈവിങ്ങ് ടെസ്റ്റിനെ ചെല്ലിയുള്ള ഡ്രൈവിങ്ങ് സ്കൂളുകളുടെ സമരം പരിഹരിക്കുന്നതിൽ തീരുമാനം ഇന്നുണ്ടാകും.

കാറിൻ്റെ ഡ്രൈവിങ്ങ് ടെസ്റ്റിൽ നിന്ന് എച്ച് ഒഴിവാക്കി, പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തിയായിരുന്നു നേരത്തെയുണ്ടായിരുന്ന പരിഷ്കരണം. ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും നേരത്തെയുള്ള സർക്കുലറിൽ പറഞ്ഞിരുന്നു. മെയ് ഒന്ന് മുതലാണ് ഈ പരിഷ്‌കരണങ്ങൾ നിലവിൽ വന്നത്. 

ഗതാഗതമന്ത്രിയുടെ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മെയ് ഒന്ന് മുതൽ തന്നെ സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്കൂൾ ഉടമകൾ സമരം നടത്തിയിരുന്നു. പലയിടത്തും ഡ്രൈവിങ്ങ് ടെസ്റ്റ് മുടങ്ങുകയും ചെയ്തിരുന്നു. ഹൈക്കോടതിയെ സമീപിച്ചെങ്കിലും പരിഷ്കരണത്തിന് സ്റ്റേ ലഭിച്ചില്ല. ശേഷം ഡ്രൈവിങ്ങ് സ്കൂൾ യൂണിയനുമായി അഡീഷണൽ ഗതാഗത കമ്മീഷണർ നടത്തിയ ചർച്ചയിലാണ് പരിഷ്കരണ നിർദേശങ്ങളിൽ പുതിയ ഇളവ് അനുവദിച്ചത്.