Wed. Dec 18th, 2024

ബെംഗളുരു: ലൈംഗികാരോപണക്കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയെ ശ്രീകൃഷ്ണനുമായി താരതമ്യപ്പെടുത്തിയ കര്‍ണാടക എക്സൈസ് മന്ത്രി രാമപ്പ തിമ്മാപ്പൂരിന്റെ പരാമര്‍ശം വിവാദത്തില്‍.

ശ്രീകൃഷ്ണന്‍റെ റെക്കോഡ് തകര്‍ക്കാന്‍ പ്രജ്വല്‍ ആഗ്രഹിക്കുന്നുവെന്നാണ് രാമപ്പ തിമ്മാപ്പൂര്‍ പരാമർശിച്ചത്. വിജയപുരയിൽ ഒരു പൊതു പരിപാടിയിൽ സംസാരിക്കുന്നതിനിടയിലായിരുന്നു രാമപ്പ തിമ്മാപ്പൂരിന്റെ പരാമര്‍ശം.

”എം ബി പാട്ടീൽ പറഞ്ഞതുപോലെ ഈ പെൻഡ്രൈവ് പ്രശ്‌നം, ഇതുപോലെ മോശമായ മറ്റൊന്നും രാജ്യത്ത് സംഭവിച്ചിട്ടില്ല. ഇത് ഗിന്നസ് വേൾഡ് റെക്കാഡ് സൃഷ്ടിച്ചേക്കും.”, രാമപ്പ തിമ്മാപ്പൂര്‍ പറഞ്ഞു.

“ശ്രീകൃഷ്ണൻ ഒന്നിലധികം സ്ത്രീകളോടൊപ്പം ഭക്തിയോടെ ജീവിച്ചു. പ്രജ്വലിൻ്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. അദ്ദേഹം ആ റെക്കോർഡ് തകർക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഞാൻ കരുതുന്നു.”, രാമപ്പ തിമ്മാപ്പൂര്‍ കൂട്ടിച്ചേർത്തു.

പരാമര്‍ശം വിവാദമായതോടെ രാമപ്പ തിമ്മാപ്പൂരിന്റെ രാജിയാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. കർണാടക സർക്കാരിലെ കോൺഗ്രസ് നേതാവ് ശ്രീകൃഷ്ണനെ അപമാനിച്ചുവെന്നും രാമപ്പ തിമ്മാപ്പൂരിനെ മന്ത്രി സഭയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും ബിജെപി നേതാവും മുന്‍ മന്ത്രിയുമായ സി ടി രവി പറഞ്ഞു.

എന്നാൽ രാമപ്പ തിമ്മാപ്പൂരിന്റെ പ്രസ്താവനയെ കോണ്‍ഗ്രസ് തള്ളി.