Wed. Dec 18th, 2024

കൊച്ചി: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുകൊണ്ടുള്ള സർക്കുലർ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. സർക്കുലർ സ്റ്റേ ചെയ്യണമെന്ന ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെയും പരിശീലകരുടെയും ആവശ്യമാണ് കോടതി തള്ളിയത്.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ഹൈക്കോടതിയുടെ ഇടക്കാല വിധി. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ കേന്ദ്ര നിയമത്തിന്​ വിരുദ്ധമാണെന്നും കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദങ്ങൾ. എന്നാൽ, സർക്കുലർ സ്റ്റേ ചെയ്യാൻ കാരണങ്ങളില്ലെന്ന് കോടതി പറഞ്ഞു.

മെയ് ഒന്ന് മുതലാണ് പുതിയ പരിഷ്‌കാരങ്ങൾ നിലവിൽ വന്നത്. കാർ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന ‘എ​ച്ച്’ ഒഴിവാക്കുകയും പകരം സിഗ്സാഗ് ഡ്രൈവിങ്ങും പാർക്കിങ്ങും ഉൾപ്പെടുത്തിയായിരുന്നു പുതിയ പരിഷ്‌കാരം.

ഇരുചക്ര വാഹനങ്ങളുടെ ടെസ്റ്റിന് കാലിൽ ഗിയറുള്ള വാഹനം ഉപയോഗിക്കണമെന്നും കാർ ലൈസൻസിന് ഓട്ടോമാറ്റിക് ഗിയറുള്ള കാർ ഉപയോഗിക്കാൻ പാടില്ലെന്നും പുതിയ സർക്കുലറിൽ ഉണ്ടായിരുന്നു.