തനിക്കെതിരെയുണ്ടായ വ്യാജപ്രചാരണങ്ങളിൽ പ്രതികരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠി. ധ്രുവ് റാഠിയുടെ യഥാർത്ഥ പേര് ബദറുദ്ദീൻ റാഷിദ് ലഹോരി എന്നാണെന്നും ഭാര്യ ജൂലി പാകിസ്ഥാൻ സ്വദേശിയായ സുലേഖയാണെന്നുമായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇരുവരും പാകിസ്ഥാൻ പട്ടാളത്തിൻ്റെ സംരക്ഷണത്തോടെ കറാച്ചിയിലുള്ള ദാവൂദ് ഇബ്രാഹിമിൻ്റെ ബംഗ്ലാവിൽ താമസിക്കുകയാണെന്നും പ്രചാരണമുണ്ടായിരുന്നു.
മോദി സർക്കാരിനെയും സംഘപരിവാറിൻ്റെ ഹിന്ദുത്വ അജണ്ടയെയും നിരന്തരം വിമർശിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ഹരിയാനക്കാരനായ ധ്രുവ് റാഠി. 19 മില്ല്യൺ പേരാണ് ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൻ്റെ സബ്സ്ക്രൈബേഴ്സ്. ഒരു ദിവസം കൊണ്ട് 11 മില്ല്യൺ ജനങ്ങളാണ് ധ്രുവിൻ്റെ വീഡിയോ കാണുന്നത്.
‘എൻ്റെ വീഡിയോകൾക്ക് ഉത്തരം നൽകാൻ അവർക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. എൻ്റെ ഭാര്യയുടെ കുടുംബത്തെ വരെ ഇതിലേക്ക് വലിച്ചിടണമെങ്കിൽ നിങ്ങൾ എന്തുമാത്രം നിരാശരായിക്കും. ഐടി സെൽ ജീവനക്കാരുടെ വെറുപ്പുളവാക്കുന്ന ധാർമിക നിലവാരവും ഇതിൽ കാണാൻ സാധിക്കും’, ധ്രുവ് റാഠി എക്സിൽ കുറിച്ചു.ധ്രുവ് റാഠിയുടെ എല്ലാ വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ ഏറെ പ്രചാരം നേടിയവയാണ്.