Sun. Dec 22nd, 2024

കോണ്‍ഗ്രസ് കുടുംബ പാരമ്പര്യത്തില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ നേതാക്കള്‍ വിരലിലെണ്ണാവുന്നതിലും അപ്പുറമാണ്. അഴിമതി കേസും ഇഡിയുടെ വേട്ടയാടലും നടന്നുകൊണ്ടിരിക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാക്കളുടെ  ബിജെപിയിലേക്കുള്ള ചേക്കേറലുകള്‍ ഉണ്ടായിട്ടുള്ളത്. ബിജെപയില്‍ എത്തിയാല്‍ പിന്നീട് ഈ കേസുകള്‍ ഇല്ലാതാകുന്നതായാണ്  കാണാന്‍ സാധിക്കുന്നത്. അത്തരത്തിലുള്ള ചില നേതാക്കളിതാ,

അശോക് ചവാൻ Screen-grab, Copyrights: Hindustan Times

അശോക് ചവാൻ

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി എസ്ബി ചവാൻ്റെ മകനാണ് അശോക് ചവാൻ. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയായിരുന്ന അശോക് ചാവാൻ കഴിഞ്ഞ ആഴ്ചയാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. മുംബൈയിലെ ആദർശ് ഫ്ലാറ്റ് കുംഭകോണവുമായി ബന്ധപ്പെട്ടാണ് 2010 ൽ അശോക് ചവാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

അശോക്‌ ചവാന്റെ കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണയിലാണ്. നിയമം അതിന്റെ വഴിക്ക് പോകുമെന്നാണ് ബിജെപി അംഗത്വം സ്വീകരിച്ചശേഷം അശോക് ചവാൻ പറഞ്ഞത്. ബിജെപിയില്‍ ചേര്‍ന്ന മറ്റ് കോണ്‍ഗ്രസ് നേതാക്കളുടെ കേസ് പോലെ ഇതും ഇല്ലാതാകുമോയെന്ന് കണ്ടറിയണം.

ജ്യോതിരാദിത്യ സിന്ധ്യ Screen-grab, Copyrights: Mint

ജ്യോതിരാദിത്യ സിന്ധ്യ

കോൺഗ്രസിന്റെ കേന്ദ മന്ത്രിയായിരുന്ന മാധവറാവോ സിന്ധ്യയുടെ മകനാണ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിൽ കമൽ നാഥിന്റെ സർക്കാരിനെ താഴെയിറക്കിയാണ് ജ്യോതിരാദിത്യ സിന്ധ്യ 2020 ൽ ബിജെപിയിൽ ചേരുന്നത്. കോൺഗ്രസിൽ നേതാവായിരിക്കുമ്പോൾ ഭൂമി വില്‍പ്പനയ്ക്കിടെ കൃതിമ രേഖയുണ്ടാക്കിയതിന് ജ്യോതിരാദിത്യ സിന്ധ്യയ്ക്കെതിരെ ഇഡിയും സാമ്പത്തിക കുറ്റകൃത്യ വിഭാഗവും കേസെടുത്തിരുന്നു.

ജ്യോതിരാദിത്യ സിന്ധ്യയുടെ ബിജെപിയിലേക്കുള്ള കൂടുമാറ്റത്തെ തുടർന്ന് ഈ കേസ് അവസാനിപ്പിച്ചിരുന്നു. നിലവിൽ കേന്ദ്ര വ്യോമയാന മന്ത്രിയാണ് ജ്യോതിരാദിത്യ സിന്ധ്യ.

അജിത് പവാർ Screen-grab, Copyrights: Hindustan Times

അജിത് പവാർ

മഹാരാഷ്ട്ര മുന്‍‍ മുഖ്യമന്ത്രിയും നാഷണലിസ്റ്റ് കോൺഗ്രസ് പാര്‍‍ട്ടി സ്ഥാപകനുമായ ശരദ് പവാറിന്റെ അനന്തരവനാണ് അജിത് പവാർ. മഹാരാഷ്ട്ര സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെടുത്തിയാണ് ശരദ് പവാര്‍ അജിത് പവാറും അന്വേഷണം നേരിട്ടിരുന്നത്. 2023 ലാണ് അജിത് പവാർ ബിജെപിയിലേക്ക് ചേക്കേറുന്നത്.

തുടര്‍ന്ന് അജിത് പവാറിനെതിരെയുള്ള 25000 കോടിയുടെ സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസന്വേഷണം ഈ മാസം അവസാനിപ്പിച്ചു. അജിത്പവാറിനും മറ്റു 70 പേര്‍ക്കുമെതിരേ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് മഹാരാഷ്ട്ര പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സുവേന്ദു അധികാരി Screen-grab, Copyrights: India TV News

സുവേന്ദു അധികാരി

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പിന്നീട് ബിജെപിയിൽ ചേര്‍ന്ന ശിശിര്‍ അധികാരിയുടെ മകനുമാണ് സുവേന്ദു അധികാരി. തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാവായിരുന്ന സുവേന്ദു അധികാരി 2020 ൽ ബിജെപിയിൽ ചേരുകയായിരുന്നു.

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസുമായി പങ്കുണ്ടെന്ന് ആരോപിച്ച് സുവേന്ദുവിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഈ കേസ് ബിജെപി വലിയൊരു ആയുധമാക്കുകയായിരുന്നു. എന്നാൽ സുവേന്ദു അധികാരി ബിജെപിയിൽ ചേർന്നതോടെ അന്വേഷണവും കേസും ഇല്ലാതായി.