Sun. Dec 22nd, 2024

ഫുഡ് ചെയിൻ നിയന്ത്രിക്കുന്നവർ തന്നെയാണ് ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ കൈയടക്കിയിരിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളുടെ കാര്യം എടുത്തുനോക്കിയാൽ അത് കൃത്യമായി മനസിലാക്കാൻ സാധിക്കും. ന്യൂസ്18 റിലയൻസിൻ്റെ കൈയിൽ, എൻഡിടിവി അദാനിയുടെ കൈയിൽ- അതാണ് ഇന്ത്യയിലെ അവസ്ഥ. ഞങ്ങളുടെ ശബ്ദം പുറത്തുവരാത്ത രീതിയിൽ ഞങ്ങളെ വലിഞ്ഞുമുറുക്കി കൊണ്ടിരിക്കുകയാണ്

കേന്ദ്ര സർക്കാരുമായിട്ടുള്ള നാലാമത്തെ ചർച്ചയും പരാജയപ്പെട്ടതോടെ സമരം പുനരാരഭിച്ചിരിക്കുകയാണ് കർഷകർ. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നീ കർഷക സംഘടനകളാണ് രണ്ടാം കർഷക സമരത്തിന് നേതൃത്വം നൽകുന്നത്. സമരത്തിൻ്റെ സ്ഥിതിഗതികളെക്കുറിച്ചും ഇന്ത്യയിലെ കോര്‍പറേറ്റ്‌വത്കരണത്തെക്കുറിച്ചും കിസാൻ മോർച്ച വിഭാഗം ദേശീയ കോർഡിനേറ്റർ കെ വി ബിജു വോക്ക് മലയാളത്തോട് സംസാരിക്കുന്നു.

വീണ്ടുമൊരു കർഷക സമരം ഉണ്ടായിരിക്കുകയാണ്. നിലവിലെ സമരത്തിൻ്റെ അവസ്ഥയെന്താണ്? തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സമയത്തുള്ള ഈ സമരത്തിൽ കർഷകർ വിജയിക്കുമോ?

പഞ്ചാബ്, ഹരിയാന തുടങ്ങി മൂന്ന് അതിർത്തികളിലായി എഴുപതിനായിരത്തോളം പേർ സമരമുഖത്തുണ്ട്. പഞ്ചാബിൽ നിന്നുള്ള കർഷകരാണ് കൂടുതലും. കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്. ഞങ്ങളെ ലാത്തിച്ചാർജ് ചെയ്യുക, വെടിവെയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ആദ്യ സമയത്തെ അപേക്ഷിച്ച് കുറവാണ്. തെരഞ്ഞെടുപ്പിൻ്റെ സമയമായതുകൊണ്ടാണ് ഈയൊരു അവസരം തന്നെ സമരത്തിനായി ഞങ്ങൾ തിരഞ്ഞെടുത്തത്. സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്പോഴത്തെ സമരത്തിനോടുള്ള സർക്കാരിൻ്റെ സമീപനം എങ്ങനെയാണ്? 

ഞങ്ങൾ പ്രതീക്ഷിച്ചതിനെക്കാളും വളരെ മോശമായ സമീപനമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുമുള്ളത്. കർഷകർക്ക് കടക്കാൻ കഴിയാത്ത വിധത്തിൽ ബാരിക്കേഡുകൾ വെക്കുക, റോഡുകളിൽ വലുപ്പമുള്ള കമ്പികൾ അടിച്ചു വെക്കുക, സമരത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പങ്കെടുത്ത കർഷകരുടെ കുട്ടികൾക്ക് തൊഴിൽ ലഭിക്കില്ലെന്ന് പറയുക തുടങ്ങിയ കാര്യങ്ങളാണ് സർക്കാർ ചെയ്യുന്നത്. ഏതൊക്കെ രീതിയിൽ ഞങ്ങളെ അടിച്ചമർത്താൻ കഴിയുമോ അതെല്ലാം ഇവിടെ സർക്കാർ ചെയ്യുന്നുണ്ട്.

ശംഭു അതിർത്തിയിലേക്കെത്തുന്ന സമയത്ത് ഡ്രോണുകളുപയോഗിച്ച് കർഷകരുടെ മേൽ ടിയർ ഗ്യാസുകളെറിയുകയും ചെയ്തിരുന്നു. ഞങ്ങളിൽ അറുപതോളം ആളുകൾക്ക് പരിക്കേൽക്കുകയും നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഈ സമരത്തിൽ മരിച്ചയാളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ ആസ്മാറ്റിക് അറ്റാക്കാണോ ഹൃദയസ്തംഭനമാണോ മരണകാരണമെന്ന് അറിയാൻ സാധിക്കും. അദ്ദേഹത്തിൻ്റെ അടുത്ത് ടിയർ ഗ്യാസ് വീണ് പൊട്ടുകയും ശേഷം അദ്ദേഹം തലകറങ്ങി വീഴുകയുമായിരുന്നു. സർക്കാർ വളരെ മോശമായിട്ടാണ് സമരത്തെ കൈകാര്യം ചെയ്യുന്നത്.

‘ഡൽഹി ചലോ’ മാർച്ചിൻ്റെ രണ്ടാം ദിവസത്തിനിടെ കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുന്നു Screen-grab, Copyrights: Money control

ന്തുകൊണ്ടാണ് സമരക്കാരുടെ ആവശ്യത്തെ സർക്കാർ അംഗീകരിക്കാത്തതെന്നാണ് നിങ്ങൾക്ക് തോന്നുന്നത്? 

ഞങ്ങൾ ആവശ്യപ്പെട്ട എംഎസ്പിയുടെ(താങ്ങുവില) കാര്യത്തിൽ ഒരു തീരുമാനം സർക്കാർ എടുത്തുകഴിഞ്ഞാൽ അത് കോർപറേറ്റ് കമ്പനികളുടെ ലാഭത്തിന് കുറവുണ്ടാക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. താങ്ങുവില ഉറപ്പ് നൽകുന്ന ഒരു സ്ഥലത്ത് കോർപറേറ്റുകളുടെ ലാഭം കുറയുകയും കർഷകന് ജീവിക്കാനുള്ള വരുമാനം കിട്ടുകയും ചെയ്യുന്നു. അല്ലാത്തയിടങ്ങളിൽ കർഷകൻ ഉണ്ടാക്കുന്ന ഉത്പന്നത്തിൻ്റെ ലാഭമെടുക്കുന്നത് ചില്ലറ വ്യാപാരികളോ പ്രോസസ്സിങ്ങ് ഇൻഡസ്ട്രിയോ ആണ്.

അതുകൊണ്ടു തന്നെ ഞങ്ങൾക്കാവശ്യം താങ്ങുവില ഉറപ്പുനൽകുന്ന ഒരു ഭരണ സംവിധാനമാണ്. ഇപ്പോഴത്തെ അവസ്ഥ നോക്കുകയാണെങ്കിൽ 16000 ഷോറൂമുകൾ റിലയൻസ് ആരംഭിച്ചിട്ടുണ്ട്. മൊത്ത വ്യാപാരം മുഴുവൻ അദാനി കൊണ്ടുപോയി. അപ്പോൾ ഇവർക്കു ലഭിക്കുന്ന ലാഭത്തിൽ കുറവുണ്ടാകുന്നു. സർക്കാർ കർഷകരുടെ ഭാഗത്തല്ലെന്നും മറിച്ച് കോർപ്പറേറ്റുകൾക്ക് ലാഭം കൊയ്യുന്നതിന് വേണ്ടി കൂട്ടുനിൽക്കുകയാണെന്നുമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നയത്തിൽ നിന്നും മനസിലാകുന്നത്.

സ്വാമിനാഥൻ റിപ്പോർട്ട് അടക്കമുള്ള ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചിട്ടുണ്ട്. അവയെല്ലാം അംഗീകരിക്കുമെന്ന സ്ഥിതിയിലേക്ക് സർക്കാർ എത്തുമെന്ന് കർഷകർ പ്രതീക്ഷിക്കുന്നുണ്ടോ?

സർക്കാർ ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോവുക തന്നെ ചെയ്യും. ഒന്നാം കർഷക സമരത്തിൽ കാർഷിക ബില്ലുകൾ പിൻവലിക്കുക, എംഎസ്പി നടപ്പാക്കുക, വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഞങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ ഉറപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും തന്നെ നടപ്പായില്ല.

വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവത്കരണമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഞങ്ങൾ അതിനെ പൂർണമായും എതിർക്കുന്നു.അത് കർഷകർക്ക് ദോഷകരമായി ബാധിക്കും. എംഎസ്പി ഉറപ്പുവരുത്തുക, കടമെഴുതി തള്ളുക, ഡബ്ലുടിഒയിൽ (ലോക വ്യാപാര സംഘടന) നിന്നും പുറത്തുവരുക, സ്വതന്ത്ര വ്യാപാര കരാറുകൾ റദ്ദാക്കുക, കോര്‍പറേറ്റ്‌വത്കരണത്തിനെതിരായ നിയമം കൊണ്ടുവരണം തുടങ്ങിയവയാണ് ഞങ്ങളുടെ പ്രധാന ആവശ്യങ്ങൾ. 

ബിജെപി സർക്കാർ അധികാരത്തിലേറിയ ശേഷം കേന്ദ്ര സർക്കാരിന് കീഴിലിണ്ടായിരുന്ന ഒട്ടുമിക്ക സ്ഥാപനങ്ങളും കോര്‍പറേറ്റ്‌വത്കരിക്കുകയാണുണ്ടായത്. അവരുടെയൊപ്പം ഇന്ത്യയിലെ തൊഴിലെടുക്കുന്ന അടിസ്ഥാന ജനവിഭാഗം ഉൾപ്പെടുന്ന ഒരു മേഖലയെക്കൂടി സ്വകാര്യവൽക്കരിക്കുന്നതിലൂടെ കേന്ദ്ര സർക്കാർ എന്താണ് ലക്ഷ്യമിടുന്നത്?

വിത്ത് മുതൽ ചില്ലറ വ്യാപാരം വരെയുള്ള കാര്യങ്ങൾകോര്‍പറേറ്റ്‌വത്കരിച്ചിരിക്കുകയാണ്. ലോകത്ത് നാലു കമ്പനികളാണ് വിത്തിൻ്റെ 64 ശതമാനവും നിയന്ത്രിക്കുന്നത്. കീടനാശിനിയുടെ 48 ശതമാനവും നിയന്ത്രിക്കുന്നതും ഈ നാലു കമ്പനികളാണ്. അതിനെ ഒളിഗോപൊളിയെന്ന് വിളിക്കാം.

വിപണി കോർപറേറ്റുകളുടെ കൈയിലാകുമ്പോൾ അവർ ഉപഭോക്താവിനെ ചൂഷണം ചെയ്യുന്ന നിലയിലേക്കെത്തുന്നു. അതിലൂടെ അവർ കൂടുതൽ ലാഭമുണ്ടാക്കുന്നു. അതിൻ്റെ വ്യക്തമായ ഉദാഹരണമാണ് കൊറോണ സമയത്തുണ്ടായത്. ദി ഗാർഡിയനിൽ ഒരു പഠനം വരികയുണ്ടായി. 

അമേരിക്കയിൽ നൂറ് കമ്പനികൾ ഫുഡ് ചെയിനുമായി ബന്ധപ്പെട്ട ലാഭമെടുത്തത് 45 ശതമാനത്തിന് മുകളിലാണ്.അങ്ങനെ വന്നപ്പോൾ ഉപഭോക്താവ് വാങ്ങുന്ന വിലയിൽ വർദ്ധനവുണ്ടായി.ഫുഡ് പ്രോസസറും റീടെയിൽ ട്രെയിഡറുമായ കോർപറേറ്റ് കൂടുതൽ ലാഭമെടുക്കുമ്പോൾ അത് ഉപഭോക്താവിനെ ബാധിക്കും.

വിത്തിന് വില കൂടിയാൽ കർഷകന് അത് നഷ്ടമുണ്ടാക്കുന്നു. ഇത് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ആദ്യം അവർ പ്രചരണം നടത്തിയത് കൊറോണ കാരണം കുറവുണ്ടായി, വിതരണ സംവിധാനത്തിൽ തകരാറുണ്ടായി എന്നുള്ള വാദങ്ങളുന്നയിച്ചാണ്. 

മറ്റൊരു കാര്യം ശ്രദ്ധിച്ചാൽ മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള കമ്പനികൾ ആഹാര ശൃംഗലയിൽ പണം നിക്ഷേപിക്കാൻ തുടങ്ങിയതായി കാണാം. മറ്റ് മേഖലകളിൽ നിക്ഷേപിക്കുന്നതിലും ലാഭം ഇതിലാണെന്ന് അവർ മനസ്സിലാക്കി എന്നുള്ളതാണ് വാസ്തവം. ഇതുപോലുള്ള കോര്‍പറേറ്റ്‌വത്കരണം വളരെ ശക്തമായി നടക്കുകയാണ്. ഇപ്പോൾ സർക്കാർ നടത്തുന്ന ഡിജിറ്റലൈസേഷൻ പോലും കോർപറേറ്റുകളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. 

കാലാവസ്ഥയെ സംബന്ധിച്ച് അറിവ് നൽകുന്ന സർക്കാരിന് കീഴിലുള്ള 179 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. കൃഷി വിധിയാൻ കേന്ദ്രയുടെ പല സർവ്വീസുകളും മറ്റ് കമ്പനികളുമായി കരാറുണ്ടാക്കി അവർക്ക് നൽകുന്നു. ഇത്തരത്തിൽ കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് നൽകാൻ ശ്രമിക്കുകയാണ്. ഇത് കർഷകർക്കും ഉപഭോക്താവിനും സമൂഹത്തിനും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും. രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയെ തന്നെ തകർക്കും. വലിയ രീതിയിൽ തൊഴിലില്ലായ്മയുണ്ടാകും.

പഞ്ചാബ്, ഹരിയാന, ശംഭു അതിർത്തിയിൽ കർഷകർ പ്രതിഷേധ മാർച്ചിനിടെ Screen-grab, Copyrights: India Today

ൻകിട കോർപറേറ്റുകളുള്ള രാജ്യങ്ങളുമായി ഇന്ത്യ നയതന്ത്ര ബന്ധം പുലർത്തുന്നത് കർഷക സമരം പോലുള്ള ജനകീയ സമരങ്ങളെ ബാധിക്കുമോ?

ലോകം മുഴുവനുമുള്ള കോർപറേറ്റുകൾ സ്വതന്ത്ര വ്യാപാര കരാറുകൾ അവരുടെ വിപണി പ്രവേശനത്തിന് വേണ്ടി ഉപയോഗിക്കുന്നു.ഞങ്ങൾ  സ്വതന്ത്ര വ്യാപാര കരാറുകളെ എതിർക്കുന്നു. ഡബ്ലുടിഒയിൽ പുതിയതായി ഇ-കൊമേഴ്സ് വരുന്നത് എതിർക്കുന്നു. ഇതുവരെ ഒപ്പിട്ട 11 സ്വതന്ത്ര വ്യാപാര കരാറുകൾ കൊണ്ട് ഇന്ത്യക്ക് യാതൊരു ഗുണവുമില്ല. വിപണി തകർന്നുകൊണ്ടിരിക്കുകയാണ്. ചില കോർപറേറ്റുകൾക്ക് മാത്രമാണ് ഗുണമുള്ളത്. 

രാജ്യത്തുണ്ടായിട്ടുള്ള ജനകീയ സമരങ്ങളെയെല്ലാം അടിച്ചമർത്തുന്ന രീതിയാണ് പണ്ട് മുതലേ ഭരണകൂടങ്ങൾക്കുള്ളത്. കർഷക സമരത്തിലും അത് തന്നയാണ് കാണുന്നത്. ഇൻ്റർനെറ്റ് വിച്ഛേദിക്കുക, ആയുധം കൊണ്ട് നേരിടുന്നു. ഇത്തരം കാര്യങ്ങൾ ചെയ്താൽ കർഷകർ തോറ്റ് പിൻമാറുമെന്നാണോ കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്.? ഇത്തരം സമരങ്ങളെ വിലകൽപ്പിക്കാത്ത രീതിയിലാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് തോന്നുന്നുണ്ടോ?

ആദ്യത്തെ കർഷക സമരത്തിലും ഇത്തരം നടപടികൾ സർക്കാർ എടുത്തിരുന്നു.അതിനെയെല്ലാം തരണം ചെയ്താണ് ഞങ്ങൾ ഇവിടെയെത്തിയത്. അതുകൊണ്ടുതന്നെ ഇവരെടുക്കുന്ന ഏത് നടപടിയെയും നേരിടാനുള്ള കരുത്ത് ഇപ്പോൾ കർഷകർക്കുണ്ട്. ഒരു വർഷം പതിനായിരത്തോളം കർഷകർ ആത്മഹത്യ ചെയ്യുന്നു. അത്തരം പ്രതിസന്ധികളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. സർക്കാർ തീർക്കുന്ന ഏത് പ്രതിരോധത്തെയും കർഷകർ മറികടക്കും. ഞങ്ങളുടെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള പ്രകോപനവുമുണ്ടാകാതെ മുന്നോട്ട് പോകാൻ ഞങ്ങൾ പരമാവധി ശ്രദ്ധിക്കുന്നുണ്ട്.

ർഷക സമരത്തിൻ്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ ബിജെപിയുടെ ഐടി സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. കർഷക സമരത്തെ എങ്ങനെയാണ് ഇന്ത്യയിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്?

ട്വിറ്റർ എന്തുകൊണ്ടാണ് കോർപറേറ്റായ ഇലോൺ മസ്ക് കയ്യടക്കിയത്. സോഷ്യൽ മീഡിയകൾ കോർപറേറ്റുകൾ കയ്യടക്കുന്നതിലൂടെ അവർക്ക് സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ കഴിയുന്നു. ഇലോൺ മസ്കിന് വേണ്ടി വിപണി തുറക്കാൻ വരെ സർക്കാർ തയ്യാറാവുകയാണ്. കാരണം ഒരു സോഷ്യൽ മീഡിയ അയാളുടെ കയ്യിലാണ്. തെരഞ്ഞെടുപ്പിൽ ജയിക്കുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടുകൊണ്ട് രാജ്യത്തെ ബലികൊടുക്കുകയാണ് സർക്കാർ ചെയ്യുന്നത്.

ഞങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളെല്ലാം റദ്ദാക്കിയിരിക്കുകയാണ്. അതേസമയം ഞങ്ങളെ വിമർശിക്കുന്ന സംഘപരിവാറിൻ്റെ പോസ്റ്റുകൾ തുടർച്ചയായി വരുന്നു. ഞങ്ങൾക്ക് മറുപടി പറയാനുള്ള ഒരിടം പോലും ഇല്ലാതാക്കിയിരിക്കുകയാണ്. ഫാസിസ്റ്റ് തന്ത്രങ്ങളാണ് അവർ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്.

ഭീകരമായ രീതിയിലാണ് ഞങ്ങൾക്കെതിരെ മാധ്യമങ്ങളെ അവർ ഉപയോഗിക്കുന്നത്. മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞ് നിൽക്കുന്നത് മോദിയാണ്. ഇന്ത്യയെ രക്ഷിക്കാനുള്ള ഒരു ദൈവമെന്ന രീതിയിലാണ് മോദിയെ സംഘപരിവാർ അവതരിപ്പിക്കുന്നത്. അതിനെ ഞങ്ങൾ ഇത്തരത്തിലുള്ള സമരങ്ങൾ കൊണ്ട് തകർത്തുകൊണ്ടിരിക്കുകയാണ്. 

ഫുഡ് ചെയിൻ നിയന്ത്രിക്കുന്നവർ തന്നെയാണ് ഇന്ന് ഇന്ത്യയിലെ മാധ്യമങ്ങൾ കൈയടക്കിയിരിക്കുന്നത്. ഇന്ത്യയിലെ മാധ്യമങ്ങളുടെ കാര്യം എടുത്തുനോക്കിയാൽ അത് കൃത്യമായി മനസിലാക്കാൻ സാധിക്കും. 

ന്യൂസ് 18 റിലയൻസിൻ്റെ കൈയിൽ, എൻഡിടിവി അദാനിയുടെ കൈയിൽ- അതാണ് ഇന്ത്യയിലെ അവസ്ഥ. ഞങ്ങളുടെ ശബ്ദം പുറത്തുവരാത്ത രീതിയിൽ ഞങ്ങളെ വലിഞ്ഞുമുറുക്കി കൊണ്ടിരിക്കുകയാണ്. സോഷ്യൽ മീഡിയെയും അവർക്ക് നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലാണ്. ജനതാൽപര്യത്തിന് വേണ്ടിയിട്ടുള്ള എന്ത് മാധ്യമ സംവിധാനമാണ് ബദലായിട്ട് കൊണ്ട് വരാൻ സാധിക്കുക. അതാണ് ഇപ്പോൾ ആലോചിക്കേണ്ടത്. എന്നാൽ മാത്രമേ ഞങ്ങൾ നേരിടുന്ന ഈ പ്രതിസന്ധി മറികടക്കാനാകൂ.

ർച്ചക്കെത്തുമ്പോൾ കർഷകരോടുള്ള സർക്കാരിൻ്റെ സമീപനം എങ്ങനെയാണ്?

ഞാൻ ഒരു ചർച്ചയിൽ മാത്രമേ പങ്കെടുത്തിരുന്നുള്ളു. ചർച്ചക്കെത്തുന്ന ഞങ്ങളെ വഞ്ചിക്കുന്ന തീരുമാനങ്ങളാണെടുക്കുന്നത്. ഡബ്ലുടിഒയിൽ നിന്നും പുറത്ത് വരണമെന്ന ഒരാവശ്യം ഞങ്ങൾ പറഞ്ഞപ്പോൾ അതൊരു അന്താരാഷ്ട്ര കരാറാണെന്നും അതിൽ ഞങ്ങൾക്കൊന്നും ചെയ്യാനാകില്ലെന്നുമാണ് അവർ പറഞ്ഞത്.

അങ്ങനെയാകുമ്പോൾ ചിലസമയത്ത് തർക്കങ്ങളുണ്ടാകും. അങ്ങനെയൊരു സാഹചര്യം ഉണ്ടാകാതിരിക്കാനും ഞാൻ കാരണം ചർച്ച പരാജയപ്പെടണ്ട എന്ന് കൂടി കരുതിയിട്ടാണ് പിന്നീട് നടന്ന ചർച്ചകളിൽ പങ്കെടുക്കാതിരുന്നത്. ഡബ്ലുടിഒ എന്താണെന്നും ഡബ്ലുടിഒയിൽ നിന്നും ഒരു രാജ്യം പുറത്ത് വരണമെങ്കിൽ ആർട്ടിക്കിൾ 16 പ്രകാരം ഒരു പ്രൊവിഷനുണ്ടെന്നും ഞങ്ങൾക്കറിയാം.

എല്ലാ കാർഷിക ഉത്പ്പന്നങ്ങളും സർക്കാർ ഏറ്റെടുക്കണമെന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് വ്യക്തമായ തീരുമാനങ്ങളുണ്ട്. അതെല്ലാം സർക്കാരിന് മുന്നിൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ സർക്കാർ അവരുടെ മാധ്യമങ്ങൾക്ക് മേലുള്ള സ്വാധീനം ഉപയോഗിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഞങ്ങൾക്ക് കിട്ടുന്ന വിത്തുകൾ ഗുണനിലവാരമില്ലാത്തവയാണെന്ന് ഞങ്ങൾ ചർച്ചയിൽ ഉന്നയിച്ചിരുന്നു. മാത്രമല്ല ജിഇഎസിക്ക്(ജെനറ്റിക് എഞ്ചിനീയറിങ്ങ് അപ്രൈസൽ കമ്മിറ്റി) മഹിക്കോ മോൺസാൻ്റോ എഴുതിയ കത്തിൽ ‘ഞങ്ങളുടെ ടെക്നോളജി പരാജയപ്പെട്ടുവെന്നും ‘റെഡ് ബോൾ വേം’ റെസിസ്റ്റൻസ് നേടിയെന്നും’ പറഞ്ഞിട്ടുണ്ട്.

അങ്ങനെയെങ്കിൽ എന്തിനാണ് നിങ്ങൾ ജിഎം ടെക്നോളജിയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഞാൻ മന്ത്രിയോട് ചോദിച്ചു. അതിന് കൃത്യമായ ഉത്തരം നൽകാതെ വിഷയം മാറ്റുകയാണ് ചെയ്തത്. ഇങ്ങനെ കോർപ്പറേറ്റുകൾക്ക് സഹായകമാകുന്നവിധം വാദങ്ങളുന്നയിച്ച് ചർച്ചക്കെത്തുന്ന കർഷകരെ വഞ്ചിക്കുന്ന സമീപനമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ളത്.

ദ്യത്തെ കർഷക സമരത്തിലെന്ന പോലെ പ്രതിപക്ഷ പാർട്ടികൾ ഇപ്പോഴും മൗനം പാലിക്കുകയാണ്. എന്തുകൊണ്ടാണ് അവർ പ്രതികരിക്കാത്തതെന്നാണ് താങ്കൾക്ക് തോന്നുന്നത്?

കോര്‍പറേറ്റ്‌വത്കരണത്തിൻ്റെ കാര്യത്തിൽ  രാഷ്ട്രീയ പാർട്ടികളുടെയെല്ലാം നയങ്ങൾ ഒന്നുതന്നെയാണ്. കോർപറേറ്റ് വത്കരണത്തിൻ്റെ ബദൽ മാർഗമെന്തെന്നാൽ കോർപറേറ്റീവ് സിസ്റ്റമാണ്. സിപിഎം ഭരിക്കുന്ന കേരളത്തിൻ്റെ കാര്യമെടുത്താൽ കോർപ്പറേറ്റീവ് സൊസൈറ്റികൾക്ക് നെറ്റ്‌വര്‍ക്കുള്ള വേറൊരു സ്ഥലമില്ല.

എന്തുകൊണ്ട് കർഷകരുടെ ഉത്പന്നങ്ങൾ കോർപറേറ്റീവ് സൊസൈറ്റി വഴി വാങ്ങിച്ചുകൂടാ? അങ്ങനെയൊരു സംവിധാനം ഇടതുപക്ഷം പോലും ഉണ്ടാക്കുന്നില്ല. കോൺഗ്രസിൻ്റെയും ബിജെപിയുടെയും നയങ്ങൾ തമ്മിൽ വ്യത്യാസമില്ല. രണ്ട് പേരും കോർപറേറ്റ് വത്കരണത്തിൻ്റെ ഭാഗം തന്നെയാണ്.

സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരായി 1998 ലാണ് ആൻ്റി ഫ്രീ ട്രെയ്ഡ് കമ്മിറ്റി രൂപീകരിക്കുന്നത്. സ്ഥാപക കാലം മുതൽ ഞാനതിൻ്റെ നാഷണൽ കൺവീനർമാരിൽ ഒരാളാണ്. ആഗോളവത്കരണത്തിനുള്ള എല്ലാ നയങ്ങളും എതിർക്കുമെന്ന് അന്ന് തീരുമാനിച്ചതാണ്. ഇന്ത്യയിൽ ജിഎസ്ടി വന്നപ്പോൾ ഞങ്ങൾ അതിനെതിരെ പ്രതിഷേധിക്കുന്നതിനായി സിപിഎം നേതാക്കളെ പോയി കണ്ടിരുന്നു.

എന്നാൽ, ഇന്ത്യയിൽ ആദ്യത്തെ ജിഎസ്ടിയുടെ കമ്മിറ്റിയുണ്ടാക്കുന്ന സമയത്ത് അതിൻ്റെ ചെയർമാനായി നിയമിച്ചത് പശ്ചിമ ബംഗാളിലെ ധനകാര്യ മന്ത്രിയെയാണ്. ഒരു നയത്തിൻ്റെ കാര്യത്തിലും ഇന്ത്യയിൽ സോഷ്യലിസ്റ്റ് എന്ന് വിളിക്കുന്നവരോ കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുന്നവരോ ബദൽ മാർഗങ്ങളൊന്നും തന്നെ മുന്നോട്ട് വെക്കുന്നില്ല. പ്രായോഗികമായി ഞങ്ങൾ നിർദേശിക്കുന്ന ബദലിൽ പരീക്ഷിക്കാനും അവർ തയ്യാറല്ല.

ന്നത്തെ ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നത്തെ കർഷക സമരവുമായി ബന്ധിപ്പിക്കാൻ കഴിയുമോ? ഈ സമരം പരാജയപ്പെട്ടാൽ നാളെ ന്യൂനപക്ഷങ്ങളുടെ സമരവും പരാജയപ്പെടുമോ?

ഒരു സമരമാകുമ്പോൾ അത് വിജയിക്കാനും പരാജയപ്പെടാനും സാധ്യതയുണ്ട്. ഇന്ത്യയിൽ മോദി സർക്കാരിനെതിരായ മൂന്ന് സമരങ്ങൾ വിജയിച്ചവരാണ് ഞങ്ങൾ കർഷകർ. വിജയിക്കുമെന്ന് ഇതിലും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. 

ർഷകരുടെ ക്ഷേമത്തിനായി കേന്ദ്രസർക്കാർ കൊണ്ടുവന്ന പദ്ധതികൾ താഴെത്തട്ടിലുള്ള കർഷകർക്ക് ഉപയോഗപ്രദമായോ?

    ചെറിയ രീതിയിൽ ഉപയോഗപ്പെട്ടിട്ടുണ്ട്. ഈ പദ്ധതികൾക്കെല്ലാമുള്ള ബദൽ മാർഗങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്. അതൊന്നും പാലിക്കാൻ സർക്കാർ തയ്യാറല്ല. പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ പല കർഷകർക്കും ഇൻഷുറൻസ് ലഭിക്കാത്തവരുണ്ട്. ഈ കാര്യങ്ങളെല്ലാം ഉന്നയിച്ചുകൊണ്ടാണ് ഞങ്ങളുടെ സമരം.

രാകേഷ് ടികായത്തിനെ പോലുള്ളവർ പ്രത്യക്ഷമായി ഇപ്പോൾ സമരത്തിലില്ലാത്തതിൻ്റെ കാരണമെന്താണ്?

ലഖിംപൂർ ഖേരി സംഭവത്തിന് ശേഷം രാകേഷ് ടികായത്ത് അവിടത്തെ മുഖ്യമന്ത്രിയുമായി രഹസ്യ ചർച്ച നടത്തി. മാത്രമല്ല ഞങ്ങൾക്ക് ദോഷമുണ്ടാക്കുന്ന കുറച്ച് തീരുമാനങ്ങളെടുത്തു. സർക്കാരുമായി ആരും തന്നെ ഒറ്റക്ക് ചർച്ചക്ക് പോകരുതെന്ന് തീരുമാനിച്ചിരുന്നു. അതാണ് അദ്ദേഹം ലംഘിച്ച കാര്യം. അതുകൊണ്ടാണ് ഈ സമരത്തിൽ അദ്ദേഹത്തെ ഉൾപ്പെടുത്തേണ്ടതില്ലായെന്ന് തീരുമാനമെടുത്തത്. 

FAQs

എന്താണ് എംഎസ്പി?

കാര്‍ഷിക വിളകള്‍ക്ക് വില കുറയുകയാണെങ്കില്‍, കര്‍ഷകര്‍ക്ക് സുരക്ഷാ വില നല്‍കുന്നതിന് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ഒരു മാര്‍ക്കറ്റ് വിലയാണ് എംഎസ്പി (മിനിമം സപ്പോര്‍ട്ട് പ്രൈസ്).

എന്താണ് ഒളിഗോപൊളി?

കുറച്ച് സ്ഥാപനങ്ങൾ ആധിപത്യം പുലർത്തുന്ന ഒരു മാർക്കറ്റ് ഘടനയാണ് ഒളിഗോപൊളി. ഇന്ത്യയിൽ, വാഹനങ്ങൾ, സിമൻ്റ്, സ്റ്റീൽ, അലുമിനിയം തുടങ്ങിയവയാണ് ഒളിഗോപൊളിസ്റ്റിക് വിപണിയുടെ ചില ഉദാഹരണങ്ങൾ.

എന്താണ് ഡബ്ലുടിഒ?

ലോകവ്യാപാരത്തിൻ്റെയും ആഗോള ജിഡിപിയുടെയും 98% പ്രതിനിധീകരിക്കുന്ന 164 അംഗരാജ്യങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക സംഘടനയാണ് ഡബ്ലുടിഒ. 

Quotes

അന്യായമായ നിയമങ്ങൾ അനുസരിക്കാതിരിക്കാൻ ഒരാൾക്ക് ധാർമ്മിക ഉത്തരവാദിത്തമുണ്ട് – മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.